ഉപയോക്താവിനെ അറിഞ്ഞ് പരസ്യം ചെയ്യൂ; വില്‍പ്പന ഉയര്‍ത്തൂ

പരസ്യം (Advertising) ഒരു കലയാണ് (Art). അതിന്റെ സൗന്ദര്യാത്മക രൂപത്തിലല്ല അതിനെ ഒരു കലയായി വിലയിരുത്തേണ്ടത്. വളരെ ഭംഗിയായി ആവിഷ്‌കരിച്ചതും പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതുമായ ഒരു പരസ്യം ആശയത്തെ കൃത്യമായി പ്രേക്ഷകനുമായി സംവദിച്ചില്ലെങ്കില്‍ അതൊരു പരാജയമാകും. എന്തിനാണോ പരസ്യം സൃഷ്ടിച്ചത് ആ കടമ നിര്‍വ്വഹിക്കാന്‍ പരസ്യത്തിന് സാധിക്കണം. ഒരു പരസ്യം അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നത് ചില ഘടകങ്ങള്‍ ഒത്തുചെരുമ്പോഴാണ്.

1.പ്രേക്ഷകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിക്കണം.

2.ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ / വാക്കുകളില്‍ ആശയത്തെ പകര്‍ന്നു നല്‍കാന്‍ കഴിയണം.

3.പ്രേക്ഷകന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍ പര്യാപ്തമാകണം.

4.ആരെയാണോ ടാര്‍ഗറ്റ് ചെയ്യുന്നത് അവരിലേക്ക് എത്തിച്ചേരാന്‍ കഴിയണം.

ഒരു പരസ്യം മനോഹരമായി ചെയ്തു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഈ പറഞ്ഞ ചേരുവകളെല്ലാം കൃത്യമായി ഒരുമിച്ചു ചേര്‍ന്നു എന്നാണ്. പരസ്യം നല്ലതാകുകയും എന്നാല്‍ അതിന്റെ ആശയം പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ എന്ത് ഗുണം? പരസ്യം നല്ലതാകുകയും ആശയം പ്രേക്ഷകന് മനസ്സിലാകുകയും എന്നാല്‍ ടാര്‍ഗറ്റ് ചെയ്ത ഉപഭോക്താക്കളിലേക്ക് പരസ്യം എത്തിച്ചേരാതിരിക്കുകയും ചെയ്താലും എന്ത് പ്രയോജനം?

പരസ്യത്തിന്റെ ആത്യന്തികമായ കടമ എന്താണോ പറയാനുദ്ദേശിക്കുന്നത് അത് വളച്ചുകെട്ടലുകളില്ലാതെ, സങ്കീര്‍ണ്ണതകളില്ലാതെ പറയാന്‍ സാധിക്കുക എന്നതാണ്. ഒരു പരസ്യം കണ്ട് അതിന്റെ ഉള്ളടക്കത്തെ ഇഴതിരിച്ചെടുത്ത്, ചിന്തിച്ച് മനസ്സിലാക്കാന്‍ ഒരു പ്രേക്ഷകനോ വായനക്കാരനോ സമയം ചെലവഴിക്കില്ല. ലളിതമായ പരസ്യങ്ങള്‍ അവരുടെ ശ്രദ്ധ പിടിച്ചെടുക്കും അതവര്‍ ഓര്‍മ്മിക്കും. വീണ്ടും വീണ്ടും കാണുമ്പോള്‍ തലച്ചോറില്‍ അത് രജിസ്റ്റര്‍ ചെയ്യും.

പരസ്യം ആര് കാണണം

എന്റെ പരസ്യം ആരു കാണണം? സംരംഭകന്‍ ഉത്തരം കണ്ടെത്തേണ്ട പ്രധാന ചോദ്യം ഇതാണ്. പരസ്യം ചെയ്യുക എന്നത് ചെറിയ കളിയല്ല. കീശയില്‍ കാശുണ്ടെങ്കിലേ കാര്യം നടക്കൂ. എത്ര വേണമെങ്കിലും പണം ചെലവഴിക്കാം. കാശ് വെള്ളത്തില്‍ കളയാം. പ്രയോജനം ഉണ്ടാവണമെന്നില്ല. പരസ്യം നിര്‍മ്മിക്കുന്നതിനെക്കാള്‍ പ്രധാനമാണ് പരസ്യം ആര് കാണണം എന്ന് നിശ്ചയിക്കുന്നത്.

എല്ലായിടങ്ങളിലും പരമാവധി പരസ്യം നല്‍കി ബ്രാന്‍ഡ് ജനങ്ങളുടെ മനസ്സില്‍ പതിപ്പിക്കാമെന്നത് മൂഡമായ വിചാരമാണ്. കടലിലേക്ക് ഒരു പിടി ഉപ്പ് വാരിയെറിയുന്നതിന് തുല്യമാണിത്. യഥാര്‍ത്ഥ ഉപഭോക്താക്കളെ കണ്ടെത്തുകയും അവരിലേക്ക് പരസ്യം വഴി എത്തിച്ചേരാന്‍ കഴിയുകയും വേണം. പരസ്യത്തിന്റെ ഗുണം വില്‍പ്പനയിലും ലാഭത്തിലും പ്രതിഫലിക്കണം. വലിയ ലാഭം വിപണിയില്‍ നിന്ന് കിട്ടുന്ന, ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കാന്‍ ധാരാളം പരസ്യം ചെയ്യുന്ന ബിസിനസുകളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

ഉല്‍പ്പന്നം ആര്‍ക്ക് വേണ്ടിയാണ്?

ഞാന്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നത്തിന്റെ ഉപഭോക്താക്കള്‍ ആരാണ്? ടാര്‍ഗറ്റിംഗ് (Targeting) എന്ന മര്‍മ്മപ്രധാനമായ പ്രക്രിയ ഇതിന് ഉത്തരം നല്‍കും. ഇത് അതിസൂക്ഷ്മമായ, ബിസിനസിന്റെ വിജയം നിര്‍ണ്ണയിക്കുന്ന ഒരു പ്രവൃത്തിയാണ്. ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു ബിസിനസും വിജയിക്കില്ല, നിലനില്‍ക്കില്ല.

ഇപ്പോള്‍ നിങ്ങളോര്‍ക്കും ടാര്‍ഗറ്റിംഗ് (Targeting) വളരെ ലളിതമായ ഒരു പ്രവൃത്തിയാണല്ലോ. യഥാര്‍ത്ഥത്തില്‍ അങ്ങനെയാണോ? അല്ല, അല്‍പ്പം കുഴപ്പം പിടിച്ച സംഭവം തന്നെയാണ് ഇത്. എന്റെ യഥാര്‍ത്ഥ ഉപഭോക്താക്കളെ തനിക്കറിയാം എന്നതാണ് സംരംഭകന്റെ വിചാരം. കുറേക്കൂടി ആഴത്തിലേക്ക് സഞ്ചരിക്കുമ്പോളാണ് സംരംഭകന് മനസ്സിലാകുക ശ്ശൊ, ഞാന്‍ വിചാരിച്ചപോലല്ലോ സംഗതി.

സ്‌പോര്‍ട്‌സ് ഷൂസുകള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയുടെ ഉപഭോക്താക്കള്‍ ആരായിരിക്കും? എന്ത് ചോദ്യം? ഇതൊരു മണ്ടന്‍ ചോദ്യമായി തോന്നും. സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കളിക്കാരും അല്ലേ. ഉത്തരം വളരെ ലളിതമാണ്. എന്നാല്‍ അങ്ങനെയാണോ?

1.സ്തീകള്‍ക്കോ? പുരുഷന്മാര്‍ക്കോ? കുട്ടികള്‍ക്കോ?

2.ഏതൊക്കെ പ്രായത്തിലുള്ളവര്‍ക്ക്?

3.ഏതൊക്കെ സ്‌പോര്‍ട്‌സ് കളിക്കുന്നവര്‍ക്ക്?

4.പ്രൊഫഷണലോ? അമെച്ച്വറോ?

5.ഏത് വരുമാന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്?

6.പട്ടണങ്ങളിലുള്ളവരോ? ഗ്രാമങ്ങളിലുള്ളവരോ? അതോ രണ്ടുകൂട്ടര്‍ക്കുമോ?

ഇങ്ങനെ ആഴത്തിലേക്കിറങ്ങി സെഗ്മെന്റേഷനും (Segmentation) ടാര്‍ഗറ്റിംഗും (Targeting) ചെയ്തു കഴിയുമ്പോഴാണ് കൃത്യമായി ഉപഭോക്താക്കളെ സൂചി കൊണ്ട് മാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുക. ഉല്‍പ്പന്നത്തിന്റെ ശരിക്കുള്ള ഉപഭോക്താക്കളെ പിന്‍ ചെയ്തുകഴിഞ്ഞാല്‍ പരസ്യങ്ങള്‍ അവരെ ലക്ഷ്യം വെക്കാം.

ടാര്‍ഗറ്റ് ചെയ്യപ്പെടേണ്ടവര്‍

ആര്‍ക്ക് വേണ്ടിയാണ് പരസ്യം നിര്‍മ്മിക്കുന്നതെന്നതിന് ഇപ്പോള്‍ കൃത്യമായ ധാരണയുണ്ട്. സ്ത്രീകള്‍ക്കുള്ള, പുരുഷന്മാര്‍ക്കുള്ള, കുട്ടികള്‍ക്കുള്ള വ്യത്യസ്ത വിഭാഗങ്ങളിലുള്ള വ്യക്തികള്‍ക്കായി സ്‌പോര്‍ട്‌സ് ഷൂവിന്റെ പരസ്യം തയ്യാറാക്കേണ്ടതുണ്ട്. ഓരോന്നും അവതരിപ്പിക്കേണ്ടത് വ്യത്യസ്ത രീതിയിലാവാം. ഹോര്‍ലിക്‌സിന്റെ സ്ത്രീകള്‍ക്കായും കുട്ടികള്‍ക്കായും പ്രായമുള്ളവര്‍ക്കായുമുള്ള വ്യത്യസ്ത ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ. ടാര്‍ഗറ്റിംഗിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങളായി ഇവയെ എടുക്കാം.

വ്യത്യസ്ത ഉപഭോക്താക്കള്‍ക്കായി വ്യത്യസ്ത പരസ്യങ്ങള്‍ ആവശ്യമായി വരാം. ഉപഭോക്താക്കള്‍ക്ക് ഗ്രഹിക്കാന്‍ സാധിക്കുന്ന രീതിയില്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ആശയങ്ങള്‍ ഉപയോഗിച്ചു വേണം പരസ്യങ്ങള്‍ തയ്യാറാക്കാന്‍. ഇന്ത്യയില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അമേരിക്കയിലെ ഒരു മദാമ്മ പാചകം ചെയ്യുന്ന ദൃശ്യം എത്രമാത്രം അരോചകമായിരിക്കും. എവിടെയാണോ ഉല്‍പ്പന്നം വില്‍ക്കുന്നത് ആ പ്രദേശത്തെ പരിസരങ്ങള്‍ക്ക്, സംസ്‌കാരത്തിന്, ജീവിത രീതികള്‍ക്കൊക്കെ വളരെ പ്രാധാന്യമുണ്ട്. ഉപഭോക്താവിനെ ഉല്‍പ്പന്നവുമായി ബന്ധിപ്പിക്കുവാന്‍ ഇവയ്‌ക്കൊക്കെ സാധിക്കും.

പണം ഒട്ടുംതന്നെ പാഴാക്കാതെ ലക്ഷ്യത്തില്‍ അമ്പ് കൊള്ളിക്കുവാന്‍ പരസ്യത്തിന് കഴിയണം. പരസ്യം ചെയ്യുവാന്‍ ധാരാളം മാധ്യമങ്ങള്‍ ലഭ്യമാണ്. അവയിലെല്ലാം പരസ്യം ചെയ്യേണ്ടതുണ്ടോ? തീര്‍ച്ചയായും ഇല്ല. നേരിട്ട് ഉപഭോക്താവിലേക്ക് ചെന്നെത്തുന്ന മാധ്യമങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ഇത് പരസ്യച്ചെലവ് കുറയ്ക്കും, ഫലം വര്‍ധിപ്പിക്കും, പരസ്യത്തിന്റെ ഉദ്ദേശം സഫലമാക്കും.

ഡിജിറ്റല്‍ മാധ്യമം

ആധുനിക സങ്കേതങ്ങളെ ഫലപ്രദമായി പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. പരമ്പരാഗത പരസ്യ മാര്‍ഗ്ഗങ്ങളെക്കാള്‍ കൂടുതല്‍ കൃത്യതയോടെ ടാര്‍ഗറ്റിലേക്ക് എത്തിച്ചേരാന്‍ ഡിജിറ്റല്‍ മീഡിയകള്‍ക്ക് സാധ്യമാകുന്നുണ്ട്. പരിചയിച്ച രീതിയില്‍ പരമ്പരാഗത പരസ്യ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഇന്നും പല ബിസിനസുകളും പിന്തുടരുന്നത്. ഉപഭോക്താക്കളെ ലക്ഷ്യം വെച്ച്, വ്യക്തതയോടെ തിരഞ്ഞെടുത്ത് അവരിലേക്ക് പരസ്യം എത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മീഡിയക്ക് സാധ്യമാകുന്നുണ്ട്.

ടെലിവിഷന്‍, ന്യൂസ്പേപ്പര്‍, റേഡിയോ തുടങ്ങിയ Above The Line (ABT) പരസ്യ മാര്‍ഗ്ഗങ്ങള്‍ക്ക് പകരം കൂടുതല്‍ ടാര്‍ഗറ്റ് കേന്ദ്രീകൃതമായ പരസ്യങ്ങള്‍ ഡിജിറ്റല്‍ മീഡിയകളിലൂടെ സാധ്യമാകും. മുന്‍പൊക്കെ ആശ്രയിക്കാന്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ മാതമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്ന് ബദല്‍ സംവിധാനങ്ങള്‍ ലഭ്യമാകുമ്പോള്‍ അവയെ എങ്ങനെ ഗുണകരമായ രീതിയില്‍ ഉപയോഗിക്കാനാകും എന്നത് ബിസിനസുകള്‍ പഠിക്കേണ്ടതുണ്ട്.

വെറുതെ പരസ്യം ചെയ്തത് കൊണ്ട് ഗുണമില്ല എന്നതാണ് പറഞ്ഞു വരുന്ന കാര്യം. പരസ്യം എത്ര പേര്‍ കണ്ടു എന്നതിലല്ല മറിച്ച് യഥാര്‍ത്ഥ ഉപഭോക്താക്കളിലേക്ക് അത് ടാര്‍ഗറ്റ് ചെയപ്പെടുന്നുണ്ടോ എന്നതാണ് പ്രധാന കാര്യം. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം പ്രോമോട്ട് ചെയ്തു അത് ലക്ഷങ്ങളില്‍ എത്തിച്ചേര്‍ന്നു പക്ഷേ പ്രയോജനമൊന്നുമില്ല. ഇങ്ങനെ പറയേണ്ടി വരുന്നത് ടാര്‍ഗറ്റിംഗ് പാളുന്നത് കൊണ്ടാണ്.

ഡിജിറ്റല്‍ മീഡിയകളില്‍ പരസ്യങ്ങള്‍ ഫലപ്രദമാക്കുവാന്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1.യഥാര്‍ത്ഥ ഉപഭോക്താക്കള്‍ ആരെന്ന് തീരുമാനിക്കുക.

2.ഉല്‍പ്പന്നത്തിന്റെ പ്രയോജനങ്ങള്‍ പ്രേക്ഷകന് / വായനക്കാരന് ലളിതമായി മനസ്സിലാകുന്ന പരസ്യങ്ങള്‍ സൃഷ്ടിക്കുക.

3.വേറിട്ട ആശയങ്ങള്‍ പരസ്യത്തില്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. ഒരേപോലുള്ള പരസ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുപ്പുളവാക്കും. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുക.

4.ഉപഭോക്താക്കളെ കൃത്യമായി ടാര്‍ഗറ്റ് ചെയ്യുക.

5.കൃത്യമായ ഇടവേളകളില്‍ ഫലങ്ങള്‍ വിശകലനം ചെയ്യുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക.

6.ലീഡുകള്‍ സമയബന്ധിതമായി ഫോളോഅപ്പ് ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it