സെയില്‍സ് ടീമിനെ പ്രചോദിപ്പിച്ച് ടാര്‍ഗറ്റ് നേടാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ

ഓരോ വര്‍ഷവും ഉന്നം വെക്കുന്ന വില്‍പ്പന നേടുക ഏതൊരു കമ്പനിയുടേയും സ്വപ്നമാണ്. ടാര്‍ഗറ്റ് നിശ്ചയിക്കുന്നത് വിപണിയെക്കുറിച്ചുള്ള അറിവിന്റെയും അനുഭവങ്ങളുടേയും ഡേറ്റയുടെ കൃത്യമായ വിശകലനത്തിലൂടെയുമാണ്. ഇത് വളരെ വിപുലമായ സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്.

തയ്യാറെടുപ്പുകള്‍ എത്രമാത്രം മികച്ചതായാല്‍ പോലും നടപ്പിലാക്കുമ്പോള്‍ സംഭവിക്കുന്ന പാളിച്ചകള്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നു. വില്‍പ്പനയെ മുന്നോട്ട് നയിക്കുന്നത് സെയില്‍സ് ടീമാണ്. അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വില്‍പ്പന ഉദ്ദേശിക്കുന്ന തലത്തിലേക്ക് എത്തിപ്പെടുകയുള്ളൂ. അവരുടെ ലക്ഷ്യബോധവും ഊര്‍ജ്ജവും ലക്ഷ്യം നേടാനുള്ള ഉത്സാഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴുള്ള ശക്തിയും വളരെ പ്രധാനമാണ്.

പ്രചോദിപ്പിക്കപ്പെട്ട സെയില്‍സ് ടീം കമ്പനി നിശ്ചയിച്ചിരിക്കുന്ന ടാര്‍ഗറ്റ് നേടാന്‍ കിണഞ്ഞു പരിശ്രമിക്കും. അവര്‍ ആ ലക്ഷ്യം നേടുക മാത്രമല്ല കമ്പനിയുടെ വളര്‍ച്ചയിലും ലാഭം ഉയര്‍ത്തുന്നതിലും വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. സെയില്‍സ് ടീമിനെ ഒരുമിച്ചു നിര്‍ത്താനും കമ്പനിയോടുള്ള അവരുടെ വിശ്വാസ്യത നിലനിര്‍ത്താനും ടാര്‍ഗറ്റ് നേടാനും അവരെ പ്രാപ്തരാക്കാനും പ്രചോദിപ്പിക്കാനും കമ്പനികള്‍ക്ക് സാധിക്കും. അതിനായി താഴെ ചര്‍ച്ച ചെയ്യുന്ന രീതികള്‍ ഉപയോഗിക്കാം.

1.വ്യക്തമായ, സാധ്യമായ ലക്ഷ്യം നിശ്ചയിക്കുക

കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയില്‍ ഇത്ര ശതമാനം ഉയര്‍ത്തി സെയില്‍സ് ടാര്‍ഗറ്റ് നിശ്ചയിക്കുന്നതില്‍ അര്‍ത്ഥമില്ല. വിപണിയെക്കുറിച്ചുള്ള ശരിയായ അറിവും യാഥാര്‍ത്ഥ്യ ബോധവും ഇതിനാവശ്യമുണ്ട്. അസാധ്യമായ ഒരു ലക്ഷ്യം നിശ്ചയിച്ച് അത് നേടാന്‍ വൃഥാ പരിശ്രമിക്കുന്നതില്‍ കാര്യമില്ല. ടാര്‍ഗറ്റ് വ്യക്തവും സാധ്യവുമാകണം. തികച്ചും സുതാര്യമായ ഒരു ടാര്‍ഗറ്റ് നിര്‍ണ്ണയം സെയില്‍സ് ടീമിന് കൃത്യമായ ലക്ഷ്യബോധം നല്‍കുന്നു.

2.ഫലത്തിനനുസരിച്ച് പ്രയോജനം

സെയില്‍സ് ടീമിലെ ഓരോ വ്യക്തിക്കും തങ്ങളുടെ പ്രകടനത്തിനനുസരിച്ചുള്ള പ്രയോജനം ലഭ്യമാവണം. അതുപോലെ തന്നെ ഒരു ടീമായി പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് ടീമിന്റെ കൂട്ടുത്തരവാദിത്തത്തിലും പങ്കുണ്ട്. ഈ രണ്ടു കാര്യങ്ങളിലും അവരെ പ്രചോദിപ്പിക്കുവാനുതകുന്ന ഇന്‍സന്റീവ് സ്‌കീമുകള്‍ പ്ലാന്‍ ചെയ്യാന്‍ കമ്പനിക്ക് സാധിക്കേണ്ടതുണ്ട്. ബോണസ്, കമ്മീഷന്‍ അല്ലെങ്കില്‍ അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള മറ്റ് ഇന്‍സന്റീവുകള്‍ നിശ്ചയിക്കേണ്ടതുണ്ട്.

ഗൂഗിളിന്റെ ശക്തമായ ഇന്‍സന്റീവ് പ്രോഗ്രാം അവരുടെ സെയില്‍സ് ടീമിന്റെ മികച്ച പ്രകടനത്തിന് കാരണമാകുന്നു. ഗൂഗിള്‍ ബോണസ്, കമ്മീഷന്‍ തുടങ്ങിയ ഇന്‍സന്റീവുകള്‍ വില്‍പ്പനക്കാരുടെ വ്യക്തിപരമായ പ്രകടനത്തിനും കൂട്ടുത്തരവാദിത്തപരമായ പ്രകടനത്തിനും നിശ്ചയിച്ചിരിക്കുന്നു. ഇത് ആരോഗ്യപരമായ മത്സരത്തിനും അതുവഴി ടാര്‍ഗറ്റ് നേടാനും അവരെ ഉത്തേജിപ്പിക്കുന്നു.

3.അംഗീകാരവും ബഹുമതിയും

മികച്ച പ്രകടനങ്ങളെ അംഗീകരിക്കുകയും അതിനനുസരിച്ചുള്ള ബഹുമതികള്‍ നല്‍കുകയും ചെയ്യുക. ഇത് വളരെ പ്രധാനമാണ്. പണം മാത്രമല്ല വ്യക്തികളെ പ്രചോദിപ്പിക്കുന്നത്. തങ്ങളുടെ നേട്ടത്തെ മറ്റുള്ളവര്‍ അംഗീകരിക്കുകയെന്നത് വലിയൊരു ബഹുമതിയായി അവര്‍ കരുതുന്നു. നേട്ടങ്ങളെ പൊതുവേദികളില്‍ പ്രഖ്യാപിക്കുകയും പരസ്യമായി അനുമോദിക്കുകയും ബഹുമതികള്‍ നല്‍കുകയും ചെയ്യുക.

തങ്ങളുടെ മികച്ച വില്‍പ്പനക്കാരെ അനുമോദിക്കുവാന്‍ ഹബ്‌സ്‌പോട്ട് ചെയ്യുന്നത് ശ്രദ്ധിക്കൂ. വില്‍പ്പനക്കാരുടെ നേട്ടങ്ങള്‍ അവര്‍ ടീം മീറ്റിങ്ങുകളില്‍ പ്രഖ്യാപിക്കുന്നു. കമ്പനിയുടെ പ്രഖ്യാപനങ്ങളില്‍ അവര്‍ ഈ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തുന്നു. വില്‍പ്പനക്കാരെ അനുമോദിക്കാന്‍ വേണ്ടി അവര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇത് സെയില്‍സ് ടീമിന്റെ ആത്മവീര്യം ഉണര്‍ത്തുന്നു. കൂടുതല്‍ ഊര്‍ജ്ജസ്വലത സെയില്‍സ് ടീമില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് ഈ പ്രവര്‍ത്തികളിലൂടെ സാധിക്കുന്നു.

4.പരിശീലനങ്ങള്‍

സെയില്‍സ് സ്‌കില്ലുകള്‍ മൂര്‍ച്ച കൂട്ടാനും വികസിപ്പിക്കാനും തുടര്‍ച്ചയായി പരിശീലനങ്ങള്‍ നല്‍കേണ്ടതുണ്ട്. പരിശീലനങ്ങള്‍ സെയില്‍സ് ടീമിന്റെ നിപുണത കൂട്ടുകയും വിപണിയിലും ബിസിനസിലും സംഭവിക്കുന്ന പുതിയ പ്രവണതകളും വികാസങ്ങളും പഠിക്കാനും അവരെ സഹായിക്കുന്നു.

ഐ.ബി.എം തങ്ങളുടെ സെയില്‍സ് ടീമിന് തുടര്‍ച്ചയായ പരിശീലനം ഉറപ്പുവരുത്തുന്നു. നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യവസായത്തില്‍ തങ്ങളുടെ ടീമിനെ പുതിയ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുക അത്യാവശ്യമാണെന്ന് അവര്‍ വിചാരിക്കുന്നു. ഇത് സെയില്‍സ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കമ്പനി തങ്ങളെ എത്രമാത്രം വിലമതിക്കുന്നു എന്ന് തിരിച്ചറിയാനും സെയില്‍സ് ടീമിന് ഇത്തരം പരിശീലനങ്ങളിലൂടെ സാധിക്കുന്നു.

5.സെയില്‍സ് ടാര്‍ഗറ്റിന്റെ ഗെയിമിഫിക്കേഷന്‍

സെയില്‍സ് ടാര്‍ഗറ്റില്‍ കളികളുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചാല്‍ സെയില്‍സ് ടീമിനെ കൂടുതല്‍ അതുമായി ബന്ധപ്പെടുത്താനും ആകര്‍ഷിക്കാനും സാധിക്കും. ലക്ഷ്യം കണ്ടെത്താന്‍ ഇതവരെ കൂടുതല്‍ ഉത്സാഹഭരിതരാക്കും.

മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് 365 ഇത്തരം ഗെയിമിഫിക്കേഷന്‍ ഘടകങ്ങള്‍ തങ്ങളുടെ സെയില്‍സ് ടാര്‍ഗറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സെയില്‍സ് ടീമിന് വ്യത്യസ്തങ്ങളായ വെല്ലുവിളികളില്‍ പങ്കെടുക്കാനും ബാഡ്ജുകളും വിര്‍ച്വല്‍ റിവാര്‍ഡുകളും നേടാനും സാധിക്കുന്നു. ഇത് വളരെയധികം രസകരമായ അനുഭവങ്ങളിലേക്ക് സെയില്‍സ് ടീമിനെ നയിക്കുന്നു.

6.സമയ ക്രമീകരണം

സൗകര്യപ്രദമായ സമയങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം നല്‍കുക. വിട്ടുവീഴ്ചയില്ലാത്ത സമയക്രമങ്ങള്‍ മാറ്റിവെച്ചുകൊണ്ട് അയവുള്ള (Flexible) ഒരു സമയക്രമം അവര്‍ക്കായി ചിട്ടപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രചോദനാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കും.

Atlassian തങ്ങളുടെ സെയില്‍സ് ടീമിനായി അയവുള്ള ഒരു സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് വ്യത്യസ്തമായ ജോലി സംസ്‌കാരം രൂപപ്പെടുത്താന്‍ അവരെ സഹായിക്കുന്നു. വില്‍പ്പനക്കാര്‍ക്ക് സ്വയം സമയം നിശ്ചയിക്കാനും ക്രമപ്പെടുത്താനും അവസരം ഒരുക്കിയിരിക്കുന്നു. ജോലിയും വ്യക്തി ജീവിതവും തമ്മിലുള്ള സമതുലനത്തിന് ഇത് ജീവനക്കാരെ പ്രാപ്തരാക്കുന്നു.

7.തുറന്ന ആശയവിനിമയം

തുടര്‍ച്ചയായ, തുറന്ന ആശയവിനിമയം ദൃഡമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കാനും ചര്‍ച്ച ചെയ്യാനും ഇതുവഴി സാധ്യമാകുന്നു. സെയില്‍സ് ടീമിന് നിരന്തരമായ ഫീഡ്ബാക്ക് നല്‍കാനും അതിലൂടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയുന്നു. ആമസോണ്‍ തങ്ങളുടെ സെയില്‍സ് ടീമിലെ ഓരോ അംഗവുമായും ഫീഡ്ബാക്ക് സെഷന്‍ നടത്തുന്നു (one-on-one). തുറന്ന ഈ ആശയവിനിമയം പരസ്പരം ആശയങ്ങള്‍ കൈമാറാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും സഹായകരമാകുന്നു.

സെയില്‍സ് ടീമിനെ പ്രചോദിപ്പിച്ച് (Motivate) ടാര്‍ഗറ്റ് നേടുക വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളുടെ സങ്കലനമാണ്. ഇതിനായി പോസിറ്റീവായ വർക്ക് കൾച്ചർ സൃഷ്ടിക്കേണ്ടതുണ്ട്. സെയില്‍സ് ടീമിലെ ഓരോ വില്‍പ്പനക്കാരനും പ്രചോദിപ്പിക്കപ്പെടണം. ടീം ഒറ്റക്കെട്ടായി ടാര്‍ഗറ്റ് നേടാന്‍ സജ്ജരും സന്നദ്ധരുമാകണം. വിജയിച്ച കമ്പനികള്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്കും പിന്തുടരാം.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it