Begin typing your search above and press return to search.
വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗബാധ, 60 ശതമാനം കുട്ടികളിലും ആന്റിബോഡിയില്ല, ആശങ്കയിലേക്ക് തുറക്കുന്ന സ്‌കൂളുകള്‍
സ്‌കൂള്‍ തുറക്കുന്നതിനെതിരെ മാതാപിതാക്കള്‍ പങ്കുവെച്ച ആശങ്കകള്‍ സാധൂകരിക്കുന്നതാണ് സെപ്റ്റംബറില്‍ സംസ്ഥാനത്ത് നടത്തിയ സെറോ സര്‍വെയ്‌ലന്‍സ് സര്‍വ്വെ ഫലം. സ്‌കൂളില്‍ പോകുന്ന 5 മുതല്‍ 17 വയസുവരെയുള്ള കുട്ടികളില്‍ 40.2 ശതമാനം പേര്‍ക്ക് മാത്രമാണ് ആന്റിബോഡി ഉള്ളത്. അതായത് സംസ്ഥാനത്തെ അറുപത് ശതമാനം കുട്ടികളിലും ഇതുവരെ കൊവിഡ് ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളിലെ രോഗവ്യാപനത്തിനും സാധ്യതകള്‍ ഏറെയാണ്.
അതേസമയം കേരളത്തിലെ 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരും കൊവിഡിനെതിരെയുള്ള ആന്റിബോഡി ഉള്ളവരാണെന്നാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തില്‍ ഭൂരിഭാഗം പേരും ആന്റിബോഡി നേടിയത് വാക്‌സിനേഷനിലൂടെയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.
വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധ ഉയരുന്നു
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരിലെ രോഗബാധ ഉയരുന്നതും ആശങ്ക ഉളവാക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊവിഡ് ബാധിച്ചവരില്‍ 57 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ്. തിങ്കളാഴ്ച രോഗം ബാധിച്ചവരില്‍ 3841 പേര്‍ ഒരു ഡോസും 2083 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്.
വാക്‌സിന്‍ എടുത്തവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ഇത്തരം കേസുകള്‍ ഉയരുന്നതിന് കാരണാമായിട്ടുണ്ട്. കൂടാതെ വാക്‌സിന്‍ ഫലം നാള്‍ക്ക് നാള്‍ കുറയുന്നുണ്ടോ എന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവില്‍ ബൂസ്റ്റര്‍ വാക്‌സികളെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു.
Next Story
Videos