
ഇന്ത്യയിലെയും ജി.സി.സിയിലെയും പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ (Aster DM Healthcare) ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ 506 കിടക്കകളോട് കൂടിയതും അത്യാധുനിക സൗകര്യങ്ങളുള്ളതുമായ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രി തുറന്നു. ബംഗളൂരുവില്‍ ആസ്റ്ററിന്റെ മൂന്നാം മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയാണിത്; ഇന്ത്യയിലെ 19-ാമത്തെയും.
നിലവില്‍ ബംഗളൂരുവില്‍ ആസ്റ്റര്‍ സി.എം.ഐ., ആസ്റ്റര്‍ ആര്‍.വി ഹോസ്പിറ്റല്‍ എന്നീ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ മികവുകളുടെ ചുവടുപിടിച്ചാണ് വൈറ്റ്ഫീല്‍ഡ് മേഖലയില്‍ കൂടുതല്‍ മികവുറ്റ ചികിത്സാസേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രി കൂടി ആസ്റ്റര്‍ തുറന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി കാന്‍സര്‍ ചികിത്സയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് ഇലക്ട്രോണ്‍ റേഡിയേഷന്‍ തെറാപ്പി (ഐ.ഒ.ഇ.ആര്‍.ടി) സൗകര്യമുള്ള ആദ്യ ആശുപത്രിയുമാണ് ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ഹോസ്പിറ്റല്‍.
എല്ലാവര്‍ക്കും മികച്ച ചികിത്സ
സമൂഹത്തിലെ എല്ലാവര്‍ക്കും മികവുറ്റതും പ്രാപ്യവുമായ ചികിത്സാസേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ആസ്റ്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ബംഗളൂരുവിലെ മൂന്നാം മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ഹോസ്പിറ്റലിന് തുടക്കമിടുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ആസ്റ്ററിന്റെ ഇന്ത്യ ബിസിനസ് വില്‍ക്കുന്നു?
മലയാളിയായ ഡോ. ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയിലെ ബിസിനസുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതായി സൂചനകളുണ്ട്. ആസ്റ്ററിന്റെ ഇന്ത്യയിലെ ആസ്തികള്‍ ഏറ്റെടുക്കാന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ബി.പി.ഇ.എ ഇ.ക്യു.ടി (BPEA EQT), ഒന്റാറിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാന്‍ (OTTP), ബ്ലാക്ക്‌സ്‌റ്റോണ്‍ തുടങ്ങിയവ താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആസ്റ്ററിന്റെ ഇന്ത്യാ വിഭാഗം ബിസിനസിന് ഏകദേശം 150 കോടി ഡോളര്‍ (12,500 കോടി രൂപ) മൂല്യം കണക്കാക്കിയാകും ഏറ്റെടുക്കല്‍ നടപടിയെന്നും സൂചനകളുണ്ട്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഓഹരികള്‍ ഇന്ന് വ്യാപാരത്തിന്റെ ആദ്യ സെഷനില്‍ 0.27 ശതമാനം നേട്ടത്തോടെ 330.45 രൂപയിലാണുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine