കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയിലേക്ക് എത്തുമ്പോള്‍ വില കുറയുമോ?

കോവിഡ് വാക്‌സിന്‍ പൊതുവിപണിയിലേക്ക് എത്താനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പുകള്‍ക്ക് ഉപയോഗിക്കുന്ന കോവീഷീല്‍ഡിന്റെയും കോവാക്സിന്റെയും വില ഏകീകരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

കോവിഡ് വാക്‌സിന്‍ ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 205 രൂപയ്ക്കാണ് സര്‍ക്കാരിന് ഈ വാക്‌സിനുകള്‍ ലഭ്യമാക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്.
33 ശതമാനം ലാഭം കൂടിചേര്‍ത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നത്.
അതേസമയം സേവന നിരക്കിനത്തില്‍ 150 രൂപ ഇപ്പോള്‍ ഈടാക്കുന്നത് തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തില്‍ ആണെങ്കില്‍ 425 രൂപ വരെ ഈടാക്കിയേക്കാം. നിലവില്‍ കോവാക്സിന്റെ ഒരു ഡോസിന് നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,200 രൂപയും കോവീഷീല്‍ഡിന് 780 രൂപയുമാണ് ഈടാക്കുന്നത്.
അടുത്തമാസത്തോടെ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ നാഷണല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചരക്ക് സേവന നികുതി കുറച്ച് 300 രൂപയ്ക്കുതാഴെ മരുന്ന് ലഭ്യമാക്കാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായേക്കില്ല. അന്തിമ തീരുമാനം ഇനിയും പുറത്തുവന്നിട്ടില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it