'കോവിഡ് അതിരൂക്ഷമാകും, ഒമിക്രോണ്‍ വെറും ജലദോഷമല്ല!' അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് വിദഗ്ധര്‍

രാജ്യത്ത് കോവിഡ് അതിരൂക്ഷമാകുകയാണ്, അടുത്ത രണ്ടാഴ്ച വളരെ നിര്‍ണായകമായിരിക്കുമെന്ന് പൊതുജനാരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ രാജ്യമൊന്നാകെ ഒരു 'വലിയ കുതിച്ചുചാട്ടം' ഉണ്ടാകുമെന്ന് അവര്‍ പ്രവചിക്കുന്നു. 'കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് വലിയ കുതിച്ചുചാട്ടം ഉണ്ടായേക്കാം. അടുത്ത രണ്ടാഴ്ച അത് വെളിവാകും,' ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ഒമിക്രോണ്‍ വെറും ജലദോഷമല്ല, ഏറെ അപകടകാരി. ആരോഗ്യ സംവിധാനങ്ങള്‍ പോരാതെ വരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പെട്ടെന്നുള്ളതും കൂട്ടത്തോടെയെത്തുന്നതുമായ വലിയൊരു വിഭാഗം രോഗികളെ പരിശോധിക്കാനും നിരീക്ഷിക്കാനും സംവിധാനങ്ങള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്,' അവര്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായി, പകര്‍ച്ചവ്യാധിയുടെ ഒരു പുതിയ ഘട്ടം ആരംഭിച്ചതായി ഡബ്ല്യു എച്ച് ഒ ഡാറ്റ സൂചിപ്പിക്കുന്നു.
തമിഴ്‌നാട് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണു തീരുമാനം. ഇതിനൊപ്പം ചെന്നൈ കോര്‍പറേഷന്‍ മേഖലയില്‍ വിവാഹം, പൊതുചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. നിലവില്‍ ഒന്നു മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ക്കു നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇതു കൂടാതെ കോളജുകളിലും നിയന്ത്രണങ്ങള്‍ നടപ്പാക്കും.
ആറ് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത കേസുമായുള്ള താരതമ്യത്തില്‍ ഇന്ത്യയിലിപ്പോള്‍ കോവിഡ് കേസുകള്‍ ഇരട്ടിയിലധികമാണ്. മാസങ്ങളോളം തുടര്‍ച്ചയായി ഒന്നിനു താഴെ നിന്നിരുന്ന കോവിഡ് സ്ഥിരീകരണ നിരക്കും കുത്തനെ ഉയര്‍ന്നു. കണക്കുകള്‍ ശക്തമായ കോവിഡ് വ്യാപനത്തിലേക്ക് രാജ്യം മാറുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞു.
രണ്ടായിരത്തിലധികം പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ വഴി കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞത്. ഇതില്‍ ഏറെയും മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ കോവിഡ് വ്യാപനസാധ്യതയേറിയ സ്ഥലങ്ങളിലുമാണ്.

Related Articles
Next Story
Videos
Share it