ഓഫീസിലും ഫാക്ടറികളിലും കോവിഡിനെ പ്രതിരോധിക്കാം: ശ്രദ്ധിക്കണം ഈ 10 കാര്യങ്ങള്‍

തൊഴിലിടങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും നിര്‍ബന്ധമായും ചില മുന്‍കരുതലുകള്‍ പാലിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ ഒട്ടു മിക്ക സ്ഥാപനങ്ങളും കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുകയാണ്. എന്നാല്‍ പൂര്‍ണമായുമുള്ള ഒരു അടച്ചിടല്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലാത്തതിനാല്‍ തന്നെ വര്‍ക്ക് ഫ്രം ഹോം സാധ്യമാകാത്ത മേഖലകളിലെ സ്ഥാപനങ്ങളെല്ലാം ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുകയാണ്. സമീപ ഭാവിയിലെ സ്ഥിതി എന്തെന്നറിയാത്തതിനാല്‍ തന്നെ പല ഫാക്ടറികളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുമുണ്ട്. മാത്രമല്ല, സൂപ്പര്‍മാര്‍ക്കറ്റുകളും തുണിക്കടകളും ജ്വല്ലറികളുമെല്ലാം രാത്രി ഒമ്പത് മണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലിടങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും എല്ലാവരും നിര്‍ബന്ധമായും പാലിക്കേണ്ട ചില മുന്‍കരുതലുകളുണ്ട്. അവ രോഗത്തില്‍ നിന്നും ഒരു പരിധി വരെ ജീവനക്കാരെ സംരക്ഷിക്കും.

1. ജോലിസ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ ചുറ്റും ഉള്ള എല്ലാവരില്‍ നിന്നും സ്വന്തമായി അകലം പാലിക്കാനുള്ള ഉത്തരവാദിത്തം സ്വയം ഉണ്ടായിരിക്കേണ്ടതാണ്. പിപിഇ കിറ്റ് ധരിച്ച് ഫാക്ടറികളിലേക്കും മറ്റും പ്രവേശിക്കാന്‍ കഴിയുന്നവര്‍ അത് നിര്‍ബന്ധമായും ചെയ്യുക. അല്ലാത്തവര്‍ കയ്യുറകളും മാസ്‌കും നിര്‍ബന്ധമായും ഉപയോഗിക്കുക. സര്‍വീസ് മേഖലയില്‍ ആള്‍ക്കാര്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാനുള്ള ചില ഓഫീസ് ക്രമീകരണങ്ങള്‍ വേണ്ടി വരും. തൊഴിലുടമകളും ഇത് ഉറപ്പാക്കുക.
മാസ്‌ക് കൃത്യമായ വിധം അണിയുക. മൂക്കും വായും എപ്പോഴും മൂടിയിരിക്കണം. മാസക് അണിഞ്ഞതിനുശേഷം അതിന്റെ പുറം ഭാഗം കൈ കൊണ്ടു തൊടാതിരിക്കുക.
2. ആരുമായും ഹസ്തദാനം ചെയ്യരുത്. സഹപ്രവര്‍ത്തകരായാലും അകലം നില നിര്‍ത്തുക. അത് അവരില്‍ നിന്നും നമ്മളെയും, നമ്മളില്‍ നിന്ന് അവരെയും സംരക്ഷിക്കും. സ്വന്തം കൈവിരലുകള്‍ മുഖത്തിനടുത്തേക്കു പോലും എത്താതിരിക്കാന്‍ ശ്രദ്ധിക്കുക, സഹപ്രവര്‍ത്തകര്‍ ഇങ്ങനെ ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ സ്‌നേഹത്തോടെ പറഞ്ഞു മനസിലാക്കുക.
3. ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കുക. ഓഫീസിന്റെ പൊതു ഇടങ്ങളിലെ ഭിത്തി, റെയ്‌ലുകള്‍, പൈപ്പ് ഹാന്‍ഡില്‍ എന്നിവ ഉപയോഗിക്കേണ്ടി വന്നാല്‍ പെട്ടെന്ന് കൈകള്‍ സാനിറ്റൈസ് ചെയ്യുക. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പ് ഇട്ട് 20 സെക്കന്‍ഡ് നേരം കഴുകുക. വിരല്‍ത്തുമ്പുകള്‍ എല്ലായ്‌പ്പോഴും പരമാവധി ശുചിയായി സൂക്ഷിക്കുക. കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പങ്കുവയ്ക്കുന്നത് ഒഴിവാക്കണം. പരമാവധി കാര്യങ്ങള്‍ ഡിജിറ്റല്‍ ആയി ചെയ്യുക.
4. ആള്‍ക്കാര്‍ തിങ്ങി നില്‍ക്കുന്ന സ്ഥലങ്ങളില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കും. അതിനാല്‍ ആള്‍ക്കൂട്ടത്തില്‍ പെടാതെ ശ്രദ്ധിക്കുക. ഏറ്റവും പ്രധാനപ്പെട്ട മുന്‍കരുതലും ഇതു തന്നെയാണ്. അത് പോലെ തന്നെ അനാവശ്യ മീറ്റിംഗുകള്‍ ഒഴിവാക്കുക. ഫാക്ടറികളിലെ ഷിഫ്റ്റ് കുറയ്ക്കുകയോ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടി ഒരേ സമയം ജോലി ചെയ്യേണ്ടവരുടെ എണ്ണം കുറയ്ക്കുകയോ വേണം. ഓഫീസ് റൂമുകള്‍ അടച്ചിട്ട് എസി പ്രവര്‍ത്തിപ്പിച്ച് ജോലി ചെയ്യുന്നത് ഒഴിവാക്കുക.
5. ഓഫീസിലായാലും ഫ്‌ളാറ്റ്, ആശുപത്രി പോലുള്ള സ്ഥലങ്ങളിലായാലും ലിഫ്റ്റ് പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ച് തിരക്കുള്ളപ്പോള്‍. ലിഫ്റ്റിന്റെ ബട്ടണുകളില്‍ പലരും വിരല്‍ അമര്‍ത്തിയതു മൂലമുള്ള മാലിന്യവും രോഗാണുക്കളും ഉണ്ടാവാം. അതിനാല്‍ കേറേണ്ട സാഹചര്യം വന്നാലും ടിഷ്യുപേപ്പറോ പേപ്പറോ ഉപയോഗിച്ച് അവ അമര്‍ത്തുക. അതിനുശേഷം അവ വേസ്റ്റ് ബിന്നില്‍ ഇടുക. സാനിറ്റൈസര്‍ ഇട്ട് കൈകള്‍ ശുചിയാക്കുക.
6. വ്യക്തികള്‍ യാത്രാ വിവരം മറച്ചു വയ്ക്കുന്നത് പതിവാണ്, അതിനാല്‍ എല്ലാവര്‍ക്കും രോഗ സാധ്യത ഉണ്ട് എന്ന ഊഹത്തില്‍ വേണം മറ്റുള്ളവരുമായി ഇടപെടാന്‍.
7. മൊബൈല്‍ ഫോണ്‍ രോഗാണുക്കളുടെ കലവറ ആകാറുണ്ട്, അതിനാല്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും സാനിറ്റൈസറോ, അല്പം സോപ്പ് മയമുള്ള, വളരെ നേരിയ നനവുള്ള തുണിയോ ടിഷ്യു പേപ്പറോ കൊണ്ട് തുടയ്ക്കുക. ഫോണ്‍ കൈമാറുന്നത്, സിഗററ്റ് ലാംപ്, കുടിവെള്ളക്കുപ്പി, കൂളിംഗ് ഗ്ലാസ്, കറന്‍സി നോട്ടുകള്‍, യുഎസ്ബി, മൊബൈല്‍ ചാര്‍ജറുകള്‍, ഭക്ഷണം എന്നിവ പങ്കിടുന്നത് ഒഴിവാക്കുക.
8. കോവിഡിനെ പറ്റിയുള്ള പുതിയ അറിവുകള്‍ ലഭിക്കുന്നതനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ മാറാനിടയുണ്ട്. മുഖ്യമന്ത്രിയുടെ ദിവസേനയുള്ള പ്രഭാഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നതാണ്. ഇത് ശ്രദ്ധിക്കുക. DHS Kerala, WHO, Ministry of Health and Family Welfare, CDC വെബ്സൈറ്റ് ഇവ ആധികാരികമായ സ്രോതസുകളാണ്.
9. ഓഫീസ് വാഹനങ്ങള്‍ ഒഴിവാക്കി സ്വന്തം വാഹനത്തില്‍ മാത്രം താമസസ്ഥലത്തെത്താന്‍ ശ്രമിക്കുക.
10. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് മറച്ചു വച്ച് ജോലിക്ക് പോകരുത്. വീട്ടില്‍ ആര്‍ക്കെങ്കിലും ക്വാറന്റീന്‍ ഉണ്ടെങ്കിലും നിങ്ങള്‍ വീട്ടിലിരിക്കുക. വാക്‌സിന്‍ എടുത്തവരും ഇതേ മുന്‍കരുതലുകള്‍ തുടരുക.
ഓര്‍ക്കുക, നിങ്ങള്‍ അകലം പാലിക്കുന്നതിലൂടെ നിങ്ങളും നിങ്ങളുമായി ഇടപെടുന്നവരും സുരക്ഷിതരാകുകയാണ്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it