ബൂസ്റ്റര്‍ ഡോസില്‍ ഇന്ത്യ വൈകിയോ

2022 പിറക്കുന്നത് ഒമിക്രോണ്‍ ആശങ്കയിലാണ്. പുതുവത്സരാഘോഷങ്ങള്‍ പല ഇടങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. വാക്‌സിനേഷനായിരിക്കണം 2022ലെ മുഖ്യ ലക്ഷ്യമെന്നാണ് ഐഎംഎഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപീനാഥ് പറഞ്ഞത്. ഇന്ത്യയില്‍ 42 ശതമാനത്തിലധികം പേര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചവരാണ്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 60 ശതമാനത്തിലധികവും.

വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ പല കോണുകളില്‍ നിന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഈ ചര്‍ച്ചകള്‍. ബൂസ്റ്റര്‍ വാക്‌സിനെക്കുറിച്ച് ആലോചിക്കുന്നില്ല എന്നറിയിച്ച കേന്ദ്ര സര്‍ക്കാര്‍ ഒമിക്രോണ്‍ ഭീഷണി വന്നപ്പോള്‍ ആണ് ഉണര്‍ന്നത്. ജനുവരി 10 മുതലാണ് രാജ്യത്ത് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുക.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവിഡ് മുന്നണിപ്പോരാളികള്‍ക്കുമാണ് ബൂസ്റ്റര്‍ വാക്‌സിന്‍ ആദ്യം നല്‍കുന്നത്. ര്ണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബൂസ്റ്റര്‍ വാക്‌സിന്‍ കുത്തിവെക്കുന്നത്. നിലവിലെ സാഹതര്യത്തില്‍ 45 വയസുവരെയുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്‍സാകോഗ്(INSACOG) ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല.
ബൂസ്റ്റര്‍ ഡോസില്‍ യുകെ മുന്നില്‍
യുകെ, ബ്രസീല്‍, സൗത്ത് കൊറിയ, ജെര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ 18 വയസിന് മുകളില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇസ്രായേലില്‍ 12 വയസിനും യുഎസില്‍ 16 വയസിനും മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചു. നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക 60 വയസിന് മുകളിലുള്ളവര്‍ക്കാണ് മൂന്നാം ഡോസ് കുത്തിവെയ്പ്പ് എടുക്കുന്നത്.
ഇന്ത്യ ബൂസ്റ്റര്‍ വാക്‌സിന്‍ (മൂന്നാം ഡോസ്) നല്‍കാന്‍ തയ്യാറെടുക്കുമ്പോള്‍ നാലാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍. ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്നതില്‍ യുകെ ആണ് മുന്നില്‍. 100ല്‍ 47.6 പേര്‍ക്കും രാജ്യം മൂന്നാം ഡോസ് നല്‍കിക്കഴിഞ്ഞു. 46.8 പേര്‍ക്ക് നല്‍കിയ ബഹ്‌റിന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഇസ്രായേല്‍, ഡെന്മാര്‍ക്ക്, ജര്‍മ്മനി എന്നിവരാണ് യാഥാക്രമം മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.
സാമ്പത്തിക അസമത്വവും ബൂസ്റ്റര്‍ വാക്‌സിനേഷന്റെ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. 100 പേരില്‍ 22.8 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കിയത് വരുമാനം കൂടിയ രാജ്യങ്ങളാണ്. വരുമാനം കുറഞ്ഞരാജ്യങ്ങളില്‍ ഇത് വെറും 0.47 ശതമാനം മാത്രമാണ്.


Related Articles
Next Story
Videos
Share it