ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റത്തവണ വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തിയേക്കും

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍-ഷോട്ട് വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ദേശീയ റിപ്പോര്‍ട്ടുകള്‍. ഒരു ഡോസിന് 25 ഡോളര്‍ (ഏകദേശം 1,875രൂപ) ആണ് ഇപ്പോള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നതത്രെ. എന്നാല്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ (എഎച്ച്പിഐ) വില സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറുകിട, ഇടത്തരം ആശുപത്രികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഇത്.

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ജെ & ജെ വാക്‌സിനുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പിടുന്നതിന് അന്തിമഘട്ട തീരുമാനത്തിനടുത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത മാസം ആദ്യം ജാബുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നതായി എഎച്ച്പിഐ അറിയിച്ചതിനുപിന്നാലെയാണിത്. വാക്‌സിന്‍ ക്ഷാമമനുഭവിക്കുന്നവരിലേക്ക് ഇത് എത്തിക്കാന്‍ കഴിയുമെന്ന് കമ്പനി എഎച്ച്പിഐയുമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. എന്നാല്‍ വിലക്കുറവ് ഇനിയും കൊണ്ട് വരേണ്ടി വരും.
അതേ സമയം ഇതുവരെ 11.8 ദശലക്ഷം ഡോസുകള്‍ മാത്രമാണ് അമേരിക്കയില്‍ വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ അമേരിക്കക്കാര്‍ തന്നെ സ്വീകരിച്ചത്. അതായത്, മൊത്തം നാലു ശതമാനത്തില്‍ താഴെ മാത്രം. എന്നാല്‍ ഇതുവരെ വാക്‌സിന്‍ 26 രാജ്യങ്ങളില്‍ വിജയകരമായി ഉപയോഗപ്പെടുത്തിയെന്ന് കമ്പനി അവകാശപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it