ഡെല്‍റ്റാക്രോണ്‍; ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന പുതിയ വകഭേദം, അറിയേണ്ടതെല്ലാം

ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സ്വഭാവ സവിശേഷതകള്‍ സംയോജിച്ച കൊവിഡിന്റെ പുതിയ വകഭേദം സൈപ്രസില്‍ സ്ഥിരീകരിച്ചു. സൈപ്രസ് സര്‍വകലാശാലയിലെ പ്രൊഫസറും ബയോടെക്നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജി ലബോറട്ടറിയുടെ തലവനുമായ ലിയോണ്ടിയോസ് കോസ്ട്രിക്കിസ് ആണ് ഡെല്‍റ്റാക്രോണ്‍ എന്ന വകഭേദം കണ്ടെത്തിയതായി മാധ്യമങ്ങളെ അറിയിച്ചത്.ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന് സമാനമായ ജനിതക മാറ്റം തിരിച്ചറിഞ്ഞതിനാലാണ് പുതിയ വകഭേദത്തിന് ഡെല്‍റ്റാക്രോണ്‍ എന്ന് പേര് നല്‍കിയത്.

ഇതുവരെ സൈപ്രസില്‍ 25 ഡെല്‍റ്റാക്രോണ്‍ കേസുകളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 11 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവരും 14 പേര്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുമാണ്. വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്കായി സാമ്പിളുകള്‍ ജര്‍മനിയിലെ ജിഐഎസ്എഐഡി (GISAID) ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ലോകാരോഗ്യ സംഘടന ഉള്‍പ്പടെ ഒരു അന്താരാഷ്ട്ര സംഘടനകളും ഡെല്‍റ്റാക്രോണിനെ സംബന്ധിച്ച് പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
ഡെല്‍റ്റാക്രോണിന്റെ വ്യാപനശേഷിയെക്കുറിച്ചും വാക്‌സിനുകള്‍ അവയെ എത്രമാത്രം പ്രതിരോധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഒമിക്രോണ്‍ ആകും ഡെല്‍റ്റാക്രോണിനെക്കാള്‍ വ്യാപിക്കുക എന്ന് ലിയോണ്ടിയോസ് കോസ്ട്രിക്കിസും വ്യക്തമാക്കി. ജനിതക മാറ്റം വന്ന രണ്ട് വൈറസുകളുടെ സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്നത് കൊണ്ട് ഡെല്‍റ്റാക്രോണിനെ പുതിയ വകഭേദമായി കരുതാനാവില്ലെന്ന അഭിപ്രായവും വൈറോളജിസ്റ്റുകള്‍ക്കിടയില്‍ ഉണ്ട്. കൊവിഡിന്റെ എല്ലാ വകഭേദവും അപകാരികളല്ലെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിഭാഗം കൊവിഡ് കേസുകളും ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലമാണ്.


Related Articles
Next Story
Videos
Share it