Begin typing your search above and press return to search.
ബ്ലാക്ക് ഫംഗസിനെക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസും പടരുന്നു; ആരൊക്കെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്
കൊറോണയ്ക്ക് പുറമെ ഏറെ ഭിതി പടര്‍ത്തിക്കൊണ്ട് വ്യാപിച്ച് കൊണ്ടിരുന്ന ബ്ലാക്ക് ഫംഗസ് (Black Fungus) അല്ലെങ്കില്‍ മുക്കോര്‍മയ്ക്കോസിസിനു പിന്നാലെ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് (White Fungus) ബാധയും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലെ പാട്‌നയിലാണ് വൈറ്റ് ഫംഗസ് ബാധ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാട്‌നയില്‍ 4 പേര്‍ക്കാണ് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പാട്‌ന മെഡിക്കല്‍ കോളേജിലെ ഡോ എസ് എന്‍ സിംഗ് നല്‍കുന്ന വിവരം അനുസരിച്ച് കൂടുതല്‍ രോഗികളില്‍ വൈറ്റ് ഫംഗസ് ബാധ പടരാനുള്ള സാധ്യതയുണ്ട്.
എന്താണ് വൈറ്റ് ഫംഗസ്?
കോവിഡ് രോഗബാധയ്ക്ക് സമാനമായ ലക്ഷണങ്ങളാകും വൈറ്റ് ഫംഗസ് ബാധിച്ചവരിലും കാണുക. എന്നാല്‍ ബ്ലാക്ക് ഫംഗസില്‍ നിന്ന് വിഭിന്നമായി രോഗിയുടെ ശ്വാസകോശം, വൃക്ക, കുടല്‍, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, നഖങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളിലേക്ക് വൈറ്റ് ഫംഗസ് അണുബാധ കൂടുതല്‍ എളുപ്പത്തില്‍ വ്യാപിക്കുകയും വ്യാപകമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് പരാസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഹെഡ് റെസ്പിറേറ്ററി മെഡിസിന്‍ / പള്‍മോണോളജി വിഭാഗം ഡോ. അരുണേഷ് കുമാര്‍ പറഞ്ഞു. കോവിഡ് രോഗബാധിതരായി ചികിത്സയില്‍ കവിയുന്നവരാണ് അതീവ ജാഗ്രത പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗത്തിലെ അപാകതകളിലൂടെയാണ് ഫംഗസ് ഉണ്ടാകുന്നതെന്നാണ് സംശയിക്കുന്നത്.
എങ്ങനെ തിരിച്ചറിയും ?
സിറ്റി സ്‌കാനിലൂടെയും എക്‌സറേയിലൂടെയും കണ്ടെത്താന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അപകടകരമാണോ?
ലഭ്യമായ വിവരം അനുസരിച്ച് പ്രമേഹ രോഗികള്‍ (Diabetics), എയിഡ്‌സ് രോഗികള്‍, കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് വൈറ്റ് ഫംഗസ് ബാധ അപകടകരമാകാന്‍ കൂടുതല്‍ സാധ്യത. അതുകൂടാതെ കോവിഡ് രോഗബാധിതരില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കുന്നവരാണ് അതീവ ശ്രദ്ധ നല്‍കേണ്ടത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് വൈറ്റ് ഫംഗസും കൂടുതലും പിടിപെടുക. ദീര്‍ഘകാലത്തേക്ക് സ്റ്റിറോയിഡുകള്‍ എടുക്കുന്നവര്‍ക്കും വൈറ്റ് ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ക്യാന്‍സര്‍ രോഗികളും വൈറ്റ് ഫംഗസിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Next Story
Videos