Begin typing your search above and press return to search.
ടെസ്റ്റ് നേരത്തെ തീര്‍ന്നപ്പോള്‍ കൈപൊള്ളിയത് അംബാനിക്ക്; നഷ്ടകച്ചവടത്തിന് കാരണം സംപ്രേക്ഷണവഴി
ന്യൂസിലന്‍ഡിനെതിരേ കഴിഞ്ഞ ദിവസം അവസാനിച്ച ടെസ്റ്റ് പരമ്പരയില്‍ 3-0ത്തിന് പരാജയപ്പെട്ടതോടെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനുള്ള എളുപ്പവഴി ഇന്ത്യയ്ക്ക് മുന്നില്‍ അടഞ്ഞു. പരമ്പര അടിയറവ് വച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് (ബി.സി.സി.ഐ) മാത്രമല്ല ക്ഷീണമായത്. മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ റിലയന്‍സിന്റെ സ്‌പോര്‍ട്‌സ്18 ചാനലിനും വലിയ തിരിച്ചടിയായി. ടെസ്റ്റ് പരമ്പരയില്‍ ഒരു മല്‍സരം മാത്രമാണ് അഞ്ചാം ദിവസത്തിലേക്ക് നീണ്ടത്. ബാക്കി രണ്ട് മല്‍സരങ്ങളും മൂന്നാം ദിവസം വരെ മാത്രമാണ് നീണ്ടത്.
സാമ്പത്തികനഷ്ടം
മല്‍സരങ്ങള്‍ വേഗത്തില്‍ അവസാനിച്ചത് ബി.സി.സി.ഐയ്ക്ക് കാര്യമായ നഷ്ടം വരുത്തിവയ്ക്കില്ല. അവരെ സംബന്ധിച്ച് ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും. രണ്ട് ടെസ്റ്റിലുമായി നാലു ദിവസം നഷ്ടമായതുവഴി പരസ്യ വരുമാനത്തില്‍ ഇടിവുണ്ടായത് റിലയന്‍സിന്റെ സ്‌പോര്‍ട്‌സ്18 ചാനലിനും ജിയോസിനിമയ്ക്കും ആണ്.
മല്‍സരത്തിന് ഇടയില്‍ കാണിക്കുന്ന പരസ്യത്തിന് ലക്ഷങ്ങളാണ് ചാനലും ഒ.ടി.ടി പ്ലാറ്റ്‌ഫോമും വാങ്ങുന്നത്. അവസാന രണ്ട് ദിവസങ്ങളില്‍ ഇങ്ങനെ ലഭിക്കേണ്ടിയിരുന്ന വരുമാനമാണ് മല്‍സരം നേരത്തെ തീര്‍ന്നതിലൂടെ നഷ്ടമായത്. കൂടുതല്‍ പ്രേക്ഷകരുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ കളി നടക്കുന്ന രീതിയിലായിരുന്നു മല്‍സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ പൂര്‍ണമായും കളി നടന്നതുമില്ല.
മുടക്കിയത് 5,963 കോടി രൂപ
കഴിഞ്ഞ വര്‍ഷം നടന്ന സംപ്രേക്ഷണ കരാര്‍ ലേലത്തില്‍ കോടികള്‍ മുടക്കിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള വിയാകോം18 ബി.സി.സി.ഐയില്‍ നിന്ന് സംപ്രേക്ഷണ കരാര്‍ സ്വന്തമാക്കിയത്. 2028 വരെ നീളുന്ന അഞ്ചു വര്‍ഷത്തേക്ക് 5,963 കോടി രൂപയാണ് നല്‍കിയത്. ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര, ആഭ്യന്തര മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം ഇതുവഴി റിലയന്‍സിന് ലഭിച്ചു. ഇക്കാലയളവില്‍ ഇന്ത്യ സ്വദേശത്ത് കളിക്കുന്നത് 88 മല്‍സരങ്ങളാണ്. ഒരു മല്‍സരത്തിന് 45 കോടി രൂപയോളമാണ് റിലയന്‍സ് ബി.സി.സി.ഐയ്ക്ക് നല്‍കേണ്ടത്. ഏറെ വരുമാനം നേടിത്തരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണ കരാറും റിലയന്‍സിന് തന്നെയാണ്.
Next Story
Videos