73 ശതമാനം ചെറുകിട സംരംഭങ്ങളും പ്രതിസന്ധിയിലെന്ന് സിഐഎ

രാജ്യത്തെ 73 ശതമാനം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 2020-21 സാമ്പത്തിക വര്‍ഷം ലാഭമുണ്ടാക്കാനായില്ലെന്ന് വ്യാപാര-വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ്(സിഐഎ) സര്‍വേ റിപ്പോര്‍ട്ട്. റീറ്റെയ്ല്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ഓട്ടോമൊബീല്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി എല്ലാ മേഖലകളിലും ചെറു സംരംഭങ്ങളെ കോവിഡ് 19 ഗുരുതരമായി ബാധിച്ചുവെന്നും സിഐഎ പറയുന്നു.

എസ്എംഇ മേഖലയിലെ 81000 ജീവനക്കാരെയും സിഐഎയിലെ 40 അസോസിയേഷനുകളെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത സംരംഭകരില്‍ 80 ശതമാനം പേരും ഭാവി സുരക്ഷിതമല്ലെന്ന് കരുതുന്നവരാണ്. മൊറട്ടോറിയം, മൂലധനം കണ്ടെത്തുന്നതിനുള്ള പിന്തുണ, ജിഎസ്ടി, പിഎഫ്, ഇഎസ്‌ഐ തുടങ്ങിയവ അടയ്ക്കുന്നതിനുള്ള സാവകാശം എന്നിവ വേണമെന്നാണ് സംരംഭകരുടെ ആവശ്യം. സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച ആശ്വാസ നടപടികള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഗുണകരമായില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നാണ് 82 ശതമാനം സംരംഭകരും കരുതുന്നത്. 59 ശതമാനം സംരംഭങ്ങളും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. 88 ശതമാനം സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ആനുകൂല്യം ഒന്നും ലഭിച്ചിട്ടില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഒരു തിരിച്ചു വരവിന് ചെറുകിട ഇടത്തരം സംരംഭങ്ങളെ പിഴകളില്‍ നിന്നും വ്യവഹാരങ്ങളില്‍ നിന്നും ഒഴിവാക്കുകയാണ് ആദ്യം വേണ്ടതെന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന പലിശ, അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില, വിട്ടു പോകുന്ന തൊഴിലാളികള്‍ തുടങ്ങിയവയ്ക്ക് പരിഹാരം കാണണം. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുകയും നിലവിലുള്ള വായ്പയ്ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുകയും അവ എന്‍പിഎ ആയി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യണമെന്ന് സംരംഭകര്‍ ആവശ്യപ്പെടുന്നു.


Related Articles
Next Story
Videos
Share it