അബുദാബി എയര്‍പോര്‍ട്ട് മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളില്‍ ഒന്നായ അബുദാബി മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറക്കും. ഇതിനായുള്ള കരാറില്‍ ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, അബുദാബി എയര്‍പോര്‍ട്ട് കമ്പനി സി.ഇ.ഒ ബ്രയാന്‍ തോംസണ്‍ എന്നിവര്‍ ഒപ്പുവച്ചു.
ടെര്‍മിനലിലെ ഡ്യൂട്ടി ഫ്രീ മേഖലയില്‍ 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്പെഷ്യലിസ്റ്റ് സ്റ്റോറും ഭക്ഷ്യേതര സ്റ്റോറുമാണ് തുറക്കുന്നത്. അബുദാബി എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ഷെയ്ക് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ താനൂണ്‍ അല്‍ നഹ്യാന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, എത്തിഹാദ് എയര്‍വേസ് സി.ഇ.ഒ മൈക്കല്‍ ഡഗ്‌ളസ്, ലുലു അബുദാബി റീജിയണല്‍ ഡയറക്ടര്‍ അബൂബക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദീര്‍ഘകാല റീട്ടെയില്‍ തന്ത്രത്തിന്റെ നിര്‍ണായക ചുവടുവയ്പ്പാണ് ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തമെന്ന് ഷെയ്ക് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ താനൂണ്‍ അല്‍ നഹ്യാന്‍ പറഞ്ഞു.
ലോകമെമ്പാടും നിന്ന് അബുദാബിയില്‍ എത്തുന്ന ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം എയര്‍പോര്‍ട്ട് ലുലുവിലൂടെ ലഭിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. പ്രമുഖരായ അന്താരാഷ്ട്ര ആര്‍ക്കിടെക്റ്റുകളാണ് ലുലു സ്റ്റോറുകള്‍ രൂപകല്പന ചെയ്യുക. ആദ്യമായാണ് ഡ്യൂട്ടി ഫ്രീ മേഖലയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നത്. മിഡില്‍ ഈസ്റ്റിലെ ആദ്യ 5ജി നെറ്റവര്‍ക്ക് ടെര്‍മിനലാണിത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline