7 വിമാനത്താവളങ്ങൾ അദാനിക്ക്: ധനമന്ത്രാലയത്തിനും നീതി ആയോഗിനും എതിർപ്പ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ അടക്കം രാജ്യത്തെ ഏഴ് പ്രമുഖ വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന്റെ കയ്യിൽ എത്തുന്നതിനെതിരെ ധന മന്ത്രാലയവും നീതി ആയോഗും രേഖാമൂലം എതിർപ്പ് ഉയർത്തിയിരുന്നുവെന്നും എന്നാൽ അതിനെയൊക്കെ മറികടന്ന് കേന്ദ്ര സർക്കാർ അദാനിക്ക് തന്നെ കൊടുക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ. ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന് ലഭിച്ച രേഖകളിലാണ് ഈ വെളിപ്പെടുത്തൽ.

നേരത്തെ കയ്യടക്കിയ ആറ് വിമാനത്താവളങ്ങൾ കൂടാതെ മുംബൈക്ക് വേണ്ടി അദാനി ഗ്രൂപ്പ് കഴിഞ്ഞ ഓഗസ്റ്റിൽ താല്പര്യപത്രം ഒപ്പിട്ടിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ദിവസം, ജനുവരി 12 ന് മാത്രമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അതിന് അന്തിമ അനുമതി നൽകിയത്.
മുന്ദ്രയിൽ ഒരു സ്വകാര്യ എയർ സ്ട്രിപ്പ് പ്രവർത്തിപ്പിക്കുന്നതിൽ നിന്നും തുടങ്ങി രാജ്യത്തെ ഏഴ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കമ്പനിയായി അദാനി ഗ്രൂപ്പ് മാറി, അതും ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും എതിർപ്പുകളെ മറികടന്ന്.
കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ എണ്ണം വച്ച് നോക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഡവലപ്പറാണ് അദാനി ഗ്രൂപ്പ് ഇന്ന്. അഹമ്മദാബാദ്‌, മംഗളൂരു, ലഖ്‌നൗ, ജയ്‌പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നിവ കൂടാതെ ഇപ്പോൾ മുംബൈയും. ഇവയെല്ലാം ചേർന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.90 കോടി രാജ്യാന്തര യാത്രക്കാരെ കൈകാര്യം ചെയ്തു. ഇത് രാജ്യത്തെ മൊത്തം വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്ന 34.10 കോടി യാത്രക്കാരുടെ നാലിലൊന്ന്‌ വരും.
ഇതിനു പുറമെ, സർക്കാറിന്റെ പ്രാദേശിക കണക്റ്റിവിറ്റി സ്കീമിന് കീഴിൽ 2018 ൽ വാണിജ്യ വിമാന സർവീസുകൾ ആരംഭിച്ച മുന്ദ്ര വിമാനത്താവളം ഒരു സമ്പൂർണ്ണ അന്താരാഷ്ട്ര വാണിജ്യ വിമാനത്താവളമാക്കി മാറ്റുന്നതിനും അനുമതി നൽകിക്കഴിഞ്ഞു. നവി മുംബൈയിൽ നിർമ്മിക്കുന്ന ഗ്രീൻ‌ഫീൽഡ് വിമാനത്താവളത്തിലും അദാനിക്ക് കാര്യമായ ഓഹരിയുണ്ട്.
എൻ ‌ഡി ‌എ സർക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സ്വകാര്യവൽക്കരണ പദ്ധതിയായ അഹമ്മദാബാദ്‌, ലഖ്‌നൗ, മംഗളൂരു, ജയ്‌പൂർ, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം സംബന്ധിച്ച ലേലം വിളിക്ക് മുമ്പ് കേന്ദ്രത്തിന്റെ പൊതു-സ്വകാര്യ പങ്കാളിത്തം വിലയിരുത്തൽ സമിതി വ്യോമയാന മന്ത്രാലയത്തിന്റെ സ്വകാര്യവൽക്കരണ നിർദ്ദേശത്തെക്കുറിച്ച് 2018 ഡിസംബർ 11ന് ചർച്ച ചെയ്തിരുന്നു. ചർച്ചയിൽ സമർപ്പിക്കപ്പെട്ട സാമ്പത്തിക കാര്യ വകുപ്പിന്റെ കുറിപ്പ് പറയുന്നത് ഇങ്ങനെ: "ഈ ആറ് വിമാനത്താവള പദ്ധതികളും ഉയർന്ന മൂലധന ശേഷിയുള്ള പ്രോജക്ടുകളാണ്, അതിനാൽ ഉയർന്ന സാമ്പത്തിക റിസ്‌ക്‌ സാധ്യതയും പെർഫോമൻസ് പ്രശ്നങ്ങളും കണക്കിലെടുത്ത് ഒരേ ബിഡ്ഡറിന് രണ്ടിൽ കൂടുതൽ വിമാനത്താവളങ്ങൾ നൽകില്ല എന്ന നിബന്ധന ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നു. വിവിധ കമ്പനികൾക്ക് പദ്ധതികൾ വീതിച്ചു നൽകുന്നത് ചെയ്യുന്നത് മത്സരത്തിനും സഹായിക്കും."
ദില്ലി, മുംബൈ വിമാനത്താവളങ്ങളുടെ കാര്യത്തിൽ മുമ്പ് സംഭവിച്ച കാര്യങ്ങളും സാമ്പത്തിക കാര്യ വകുപ്പ് ഉദ്ധരിച്ചു, ജി ‌എം ‌ആർ ‌ കമ്പനി യോഗ്യതയുള്ള ഏക ബിഡ്ഡറായിരുന്നിട്ടും രണ്ട് വിമാനത്താവളങ്ങളും അവർക്ക് നൽകിയില്ല. ദില്ലി നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ സ്വകാര്യവൽക്കരണത്തെയും ഇത് പരാമർശിക്കുന്നു. ദില്ലിയിലെ വൈദ്യുതി വിതരണ സ്വകാര്യവൽക്കരണത്തിന്റെ കാര്യത്തിൽ, നഗരത്തെ മൂന്ന് സോണുകളായി വിഭജിച്ച് രണ്ട് കമ്പനികൾക്ക് നൽക്കുകയായിരുന്നു.
എന്നാൽ ഈ യോഗത്തിൽ ഉന്നയിക്കപ്പെട്ട ഇത്തരം വാദങ്ങളെപ്പറ്റി യാതൊരു ചർച്ചയും ഉണ്ടായില്ല. ഇതേ ദിവസം തന്നെ നീതി ആയോഗും ചില ആശങ്കകൾ പങ്ക് വച്ചിരുന്നു. "മതിയായ സാങ്കേതിക ശേഷിയില്ലാത്ത ഒരുബിഡ്ഡർക്ക് പദ്ധതിയെ അപകടത്തിലാക്കാനും സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ സേവനങ്ങളുടെ ഗുണനിലവാരത്തിൽ കുറവ് വരുത്താനും കഴിയും." എന്നാൽ, ഈ നിർദ്ദേശത്തെ എതിർത്ത് സമർപ്പിക്കപ്പെട്ട വാദം വിചിത്രമായിരുന്നു. "വിമാനത്താവളം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മുൻപരിചയം ഉണ്ടാകണമെന്ന് ബിഡ്ഡിംഗ് നടത്താൻ മുൻവ്യവസ്ഥ വയ്ക്കുകയോ ബിഡ്ഡിന് ശേഷമുള്ള ആവശ്യകതയാക്കുകയോ ചെയ്യരുത്. അങ്ങനെ വന്നാൽ അത് ഇതിനകം പ്രവർത്തനക്ഷമമായ ബ്രൗൺ‌ഫീൽഡ് വിമാനത്താവളങ്ങൾക്കായുള്ള മത്സരം വിപുലമാക്കും."
ഒരു വർഷത്തിന് ശേഷം ആറ് വിമാനത്താവളങ്ങൾക്ക് വേണ്ടി സമർപ്പിച്ച ബിഡ്ഡുകൾ അദാനി ഗ്രൂപ്പ് നേടി. അദാനി ഗ്രൂപ്പ് 2020 ഫെബ്രുവരിയിൽ അഹമ്മദാബാദ്‌, മംഗളൂരു, ലഖ്‌നൗ വിമാനത്താവളങ്ങൾക്കായി ഇളവ് കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാൽ ഒരു മാസത്തിനു ശേഷം കോവിഡ് സാഹചര്യത്തിൽ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ അദാനി ഗ്രൂപ്പ് 2021 ഫെബ്രുവരി വരെ സമയം നീട്ടി വാങ്ങുകയും ചെയ്തു. 2020 നവംബറിൽ തന്നെ വിമാനത്താവളങ്ങൾ ഏറ്റെടുക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നവംബറിൽ തന്നെ അഹമ്മദാബാദ്‌, മംഗളൂരു, ലഖ്‌നൗ വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് ഏല്പിക്കപ്പെട്ടു. ജയ്‌പൂർ, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്കായി സെപ്റ്റംബറിൽ ഇളവ് കരാറുകളിൽ ഒപ്പു വച്ചിരുന്നു.
എന്നാൽ, മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ 2021 ഫെബ്രുവരി വരെ സമയം നീട്ടി വാങ്ങി ആറു മാസത്തിനു ശേഷം, രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈയിലും നവി മുംബൈയിലെ വരാനിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളത്തിലും ഹൈദരാബാദ്‌ ആസ്ഥാനമായുള്ള ജി വി കെ ഗ്രൂപ്പിൽ നിന്ന് അദാനി ഗ്രൂപ്പ് ഒരു നിയന്ത്രണ താൽപ്പര്യ കരാർ നേടി.
ആറ് വിമാനത്താവളങ്ങളുടെ ലേല നടപടികള്‍ നടന്നപ്പോൾ വിമാനത്താവള നടത്തിപ്പ് മേഖലയിൽ ഏറെ പരിചയമുള്ള ജി എം ആർ ഗ്രൂപ്പ്, സൂറിച്ച് എയർപോർട്ട്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഉൾപ്പെടെയുള്ള എതിരാളികളെയും അടിസ്ഥാന സൗകര്യ മേഖലയിലെ വമ്പന്മാരെയും വലിയ മാർജിനിൽ കടത്തിവെട്ടി അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളും 50 വർഷത്തേക്ക് പ്രവർത്തിപ്പിക്കാനുള്ള അവകാശം നേടി.
ദില്ലി, മുംബൈ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിൽ നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്നുള്ള കേന്ദ്ര സർക്കാരിന്റെ മലക്കം മറിച്ചിലാണിത്. ഇളവ് കാലാവധി 30 വർഷമായിരുന്നു, കൂടാതെ 26% ഓഹരി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശം ആയിരിക്കും എന്നായിരുന്നു നിബന്ധന. 2019 നവംബറിൽ അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങൾ കൈമാറാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ട സമയത്ത് തന്നെയായിരുന്നു മുംബൈ വിമാനത്താവളത്തിലെ ചെറിയ ഓഹരി രണ്ട് ദക്ഷിണാഫ്രിക്കൻ കമ്പനികളായ ബിഡ് വെസ്റ്റ്‌, എയർപോർട്ട് കമ്പനി ഓഫ് സൗത്ത് ആഫ്രിക്ക എന്നിവയിൽ നിന്ന് ഏറ്റെടുക്കുന്നതിന് കോംപറ്റീഷൻ കമ്മീഷൻ അദാനി ഗ്രൂപ്പിന് അനുമതി നൽകുന്നതും.


Related Articles
Next Story
Videos
Share it