അറ്റാദായം 117 ശതമാനം ഉയര്‍ത്തി അദാനി എന്റര്‍പ്രൈസസ്

അറ്റാദായം ഇരട്ടിയിലധികം ഉയര്‍ത്തി അദാനി എന്റര്‍പ്രൈസസ് (Adani Enterprises). നടപ്പ് സാമ്പത്തിക വര്‍ഷം (FY23) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 460.94 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസിന്റെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 212.41 കോടി രൂപയായിരുന്നു. 117 ശതമാനത്തിന്റെ വളര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായത്.

അതേ സമയം 2022-23ലെ ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായം 1.81 ശതമാനം ഇടിയുകയാണ് ചെയ്തത്. 469.46 കോടി രൂപയായിരുന്നു ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം. രണ്ടാം പാദത്തില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അദാനി എന്റര്‍പ്രൈസസിന്റെ വരുമാനം 183 ശതമാനം ഉയര്‍ന്ന് 38,441.46 കോടിയിലെത്തി. ഇന്റഗ്രേറ്റഡ് റിസോഴ്‌സ് മാനേജ്‌മെന്റ് (IRM), എയര്‍പോര്‍ട്ട് ബിസിനസുകളില്‍ മികച്ച നേട്ടമാണ് കമ്പനിക്ക് ഉണ്ടായത്.

ഐആര്‍എം വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ച് 30,435.19 കോടിയിലെത്തി. 1,069.38 കോടി രൂപയാണ് ഈ വിഭാഗത്തിലെ ലാഭം. കഴിഞ്ഞ വര്‍ഷം 101 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന എയര്‍പോര്‍ട്ട് ബിസിനസ് ഈ വര്‍ഷം 200.83 കോടി രൂപ ലാഭം നേടി.

അദാനി ഗ്രൂപ്പിന് കീഴിൽ പുതിയ ബിസിനസുകള്‍ക്കുള്ള ഇന്‍ക്യുബേറ്ററായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അദാനി എന്റര്‍പ്രൈസസ്. ഡാറ്റാ സെന്റേഴ്‌സ്, റോഡ്, എയര്‍പോര്‍ട്ട്, ഡിഫന്‍സ് & എയ്‌റോസ്‌പേസ്, മൈനിംഗ് തുടങ്ങി പത്തിലധികം മേഖലകളില്‍ അദാനി എന്റര്‍പ്രൈസസിന് സാന്നിധ്യമുണ്ട്. നിലവില്‍ 3,577 രൂപയാണ് (9.47 AM) അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില. 2022 തുടങ്ങിയ ശേഷം 108.19 ശതമാനം നേട്ടമാണ് അദാനി എന്റര്‍പ്രൈസസ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it