Begin typing your search above and press return to search.
സിമന്റ് വിപണിയില്‍ ഒന്നാമനാകാന്‍ ജര്‍മന്‍ കൂട്ട് തേടി അദാനി; ബിര്‍ളയ്‌ക്കെതിരെ പുതിയ തുറുപ്പ് ചീട്ട്
രാജ്യത്തെ സിമന്റ് ഇന്‍ഡസ്ട്രിയില്‍ കുമാരമംഗലം ബിര്‍ളയുടെ അള്‍ട്രാ ടെക് ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ക്കെതിരെ പുതിയ തുറുപ്പ് ചീട്ട് ഇറക്കാന്‍ അദാനി ഗ്രൂപ്പ്. ജര്‍മന്‍ കമ്പനിയായ ഹൈഡല്‍ബെര്‍ഗ് സിമന്റിന്റെ ഇന്ത്യന്‍ വിഭാഗത്തെ ഏറ്റെടുക്കാന്‍ മാതൃകമ്പനിയുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.2 മില്യണ്‍ ഡോളര്‍ (10,000 കോടി രൂപ) ചെലവിട്ടാകും അദാനി ഗ്രൂപ്പിനു കീഴിലുള്ള അംബുജ സിമന്റ്‌സ് ജര്‍മന്‍ കമ്പനിയെ സ്വന്തമാക്കുക.
അദാനി ഗ്രൂപ്പിനോട് മല്ലിടാന്‍ രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മാണ കമ്പനിയായ അള്‍ട്രാ ടെക് ഈ വര്‍ഷം ജൂലൈയില്‍ ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യ സിമന്റിസിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുത്തിരുന്നു. ആദ്യം 22.77 ശതമാനം ഓഹരികളാണ് കമ്പനിയുടെ കൈവശമുണ്ടായിരുന്നത്. പിന്നീട് 32.72 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുത്തു.
ഇതിനു പിന്നാലെയാണ് ഗൗതം അദാനിയുടെ പുതിയ നീക്കം. അംബുജ സിമന്റ്‌സിനെയും എ.സി.സിയെയും ഏറ്റെടുത്തുകൊണ്ടായിരുന്നു അദാനി ഗ്രൂപ്പ് സിമന്റ് വ്യവസായ രംഗത്തേക്ക് കടന്നത്. നിലവില്‍ രാജ്യത്തെ സിമന്റ് നിര്‍മാണ കമ്പനികളില്‍ രണ്ടാം സ്ഥാനത്താണ് അദാനി ഗ്രൂപ്പ്.
ഗ്രൂപ്പിലെ ഇരു കമ്പനികള്‍ക്കും ചേര്‍ന്ന് 70 ദശലക്ഷം ടണ്‍ ഉത്പാദന ശേഷിയുണ്ട്. 2024 ജൂണ്‍ 30 വരെയുള്ള കണക്കു പ്രകാരം 18,299 കോടിയാണ് അംബുജ സിമന്റിന്റെ കാഷ് തതുല്യ ആസ്തി. 2026 ഓടെ 112 മെട്രിക് ടണ്‍ ഉത്പാദനവും 2026 ഓടെ 140 മെട്രിക് ടണ്‍ ഉത്പാദനവുമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 21.4 മെട്രിക് ടണ്‍ ഉത്പാദന ശേഷി ഉയര്‍ത്തുകയും ചെയ്തു.
ഇരുകമ്പനികളും പിന്നീട് പല ഏറ്റെടുക്കലുകളും നടത്തിയിരുന്നു. സാംഗി ഇന്‍ഡസ്ട്രീസിനെയും മൈഹോം ഗ്രൂപ്പിന്റെ ഗ്രൈന്‍ഡിംഗ് യൂണിറ്റും ഏറ്റെടുത്തതാണ് ഏറ്റവും പുതിയത്. 2024 ജൂണില്‍ ഹൈദരാബാദ് ആസ്ഥാനമായ പെന്നാ സിമന്റിനെ 10,420 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.
പുതിയ ഏറ്റെടുക്കൽ വാർത്തകളോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. ഹൈഡല്‍ബെര്‍ഗ് സിമിന്റിനെ ഏറ്റെടുക്കാന്‍ മറ്റ് കമ്പനികളും രംഗത്ത് വന്നാല്‍ അദാനി ഗ്രൂപ്പ് പിന്‍മാറാനിടയുണ്ടെന്നും സൂചനയുണ്ട്. അതേ പോലെ പൂര്‍ണമായ ഏറ്റെടുക്കലിലും കമ്പനിക്ക് താത്പര്യമില്ലെന്നാണ് അറിയുന്നത്.
ഹൈഡല്‍ബെര്‍ഗ് ഓഹരിക്ക് വന്‍ മുന്നേറ്റം
ഹൈഡല്‍ബെര്‍ഗ് സിമിന്റ് ഇന്ത്യ എന്ന ലിസ്റ്റഡ് കമ്പനി വഴിയും സുവാരി സിമന്റ് എന്ന കമ്പനി വഴിയുമാണ് ജര്‍മന്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തുന്നത്. ലിസ്റ്റഡ് കമ്പനിയില്‍ 69.39 ശതമാനം ഓഹരികളും മാതൃകമ്പനിയുടെ കൈവശമാണ്. 50ലധികം രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. 2006ല്‍ മൈസൂര്‍ സിമന്റ്, കൊച്ചിന്‍ സിമന്റ്, ഇന്‍ഡോരമ സിമന്റ് എന്നിവയുമായി ചേര്‍ന്ന് സംയുക്ത സംരംഭം ഏറ്റെടുത്തു കൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. നാല് ഉത്പാദന യൂണിറ്റുകളിലായി 12.6 ദശലക്ഷം ടണ്‍ ഉത്പാദന ശേഷിയുണ്ട്.
ഇന്ന് ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ഹൈഡെല്‍ബെര്‍ഗ് സിമന്റ് ഓഹരികള്‍ 18 ശതമാനനത്തോളം ഉയര്‍ന്നു. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലാണ് ഓഹരി. ഇന്നത്തെ ഓഹരി വിലയനുസരിച്ച് ഹൈഡല്‍ബെര്‍ഗ് ഇന്ത്യയുടെ വിപണി മൂല്യം 5,233 കോടി രൂപയാണ്.
അതേസമയം, എ.സി.സി 3.24 ശതമാനവും അംബുജ സിമന്റ് 2.16 ശതമാനവും ഇടിഞ്ഞാണ് വ്യാപാരം നടത്തുന്നത്.
Next Story
Videos