ശതകോടീശ്വരന്‍ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. കല്‍ക്കരി ഇറക്കുമതി വില പെരുപ്പിച്ച് കാണിച്ച് ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
2019 ജനുവരി മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 30 തവണയായി കല്‍ക്കരി ഇറക്കുമതി ചെയ്തതിന് 73 മില്യണ്‍ ഡോളര്‍ (ഏകദേശം 607 കോടി ) അധികമായി കാണിച്ചെന്നാണ് കണ്ടെത്തല്‍. ഇന്‍ഡോനേഷ്യന്‍ തീരത്തു നിന്ന് കയറ്റുമതി ചെയ്യുമ്പോള്‍ 139 മില്യണ്‍ ഡോളറായിരുന്നു ഈ 30 തവണയും കല്‍ക്കരിയുടെ വില. ഇന്ത്യന്‍ തീരത്തെത്തിയപ്പോള്‍ വില 215 മില്യണ്‍ ഡോളറായി. അതായത് 52 ശതമാനം വില കൂട്ടി.
എന്നാല്‍ ബില്ലില്‍ വില ഉയര്‍ത്തി കാണിച്ചത്തിലൂടെ ലഭിച്ച നേട്ടം അദാനി ഗ്രൂപ്പിലേക്കല്ല പോയിരിക്കുന്നതെന്നും ഗ്രൂപ്പിന്റെ രഹസ്യ ഓഹരിയുടമകളായ കമ്പനികളിലേക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
വില പെരുപ്പിക്കല്‍ ആരോപണം മുന്‍പും
കല്‍ക്കരി ഇറക്കുമതി വില ഉയര്‍ത്തി കാണിക്കുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ ആദ്യമായല്ല ആരോപണം ഉയരുന്നത്. അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികള്‍ ഉള്‍പ്പെടെ 40ഓളം സ്ഥാപനങ്ങള്‍ ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി വില പെരുപ്പിച്ചു കാണിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് 2016ല്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍
തേടി സിംഗപ്പൂര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ക്ക് ഡി.ഐ.സി കത്ത് (Letters Rogatory) അയക്കുകയും ചെയ്തു. എന്നാല്‍ 2019ല്‍ ഹൈക്കോടതി ഇത് റദ്ദാക്കി. പക്ഷേ 2020 ജനുവരിയില്‍ സുപ്രീം കോടതി ഈ വിധിക്ക് സ്‌റ്റേ നല്‍കിയതോടെ അദാനിക്കും മറ്റ് കമ്പനികള്‍ക്കുമെതിരേ അന്വേഷണം തുടരാന്‍ അനുമതി ആയെങ്കിലും പിന്നീട് ഇതേകുറിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.
ബോംബെ
ഹൈക്കോടതിക്കെതിരായ ഡി.ആര്‍.ഐയുടെ അപ്പീല്‍ 2023 ജനുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട മുന്‍കൂര്‍ പ്രസ്താവനയില്‍ അദാനി ഗ്രൂപ്പ് സൂചിപ്പിച്ചിരുന്നു.
മുന്‍പേ എറിഞ്ഞ് അദാനി
കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാനായി അടിസ്ഥാന രഹിതവും പഴയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വിടാനൊരുങ്ങുകയാണ് ഫിനാന്‍ഷ്യല്‍ ടൈംസെന്നാണ് അദാനി ഗ്രൂപ്പ് കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട മുന്‍കൂര്‍ പ്രസ്താവനയില്‍ പറയുന്നത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്‍മേലുള്ള സുപ്രീം കോടതിയുടെ വിധി പുറത്തുവരാനിരിക്കുന്ന സമയത്തെ ഈ നീക്കത്തെ അദാനി ഗ്രൂപ്പ് നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. എന്തായാലും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിലയില്‍ കൃത്രിമം കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ വീണ്ടും വെളിച്ചത്തിലേക്ക് വരികയാണ്.