കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് പുതിയ എതിരാളിയോ? കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവയ്ക്കാന്‍ അദാനി ഗ്രൂപ്പ്

ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് കപ്പല്‍ നിര്‍മാണത്തിലേക്കും കടക്കുന്നു. അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണിനു (Adani Ports and Special Economic Zone Limited/APSEZ) കീഴില്‍ ഗുജറാത്തിലുള്ള മുന്ദ്ര പോര്‍ട്ടിലാണ് കപ്പല്‍ശാല തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ വമ്പന്‍ കപ്പല്‍ നിര്‍മാണ ശാലകളുള്ള ചൈന, സൗത്ത് കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം 2028 വരെ ബുക്കിംഗ് ആയി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമെന്ന വിശേഷണമുള്ള മുന്ദ്ര പോര്‍ട്ട് 2024 സാമ്പത്തിക വര്‍ഷം 179.6 ദശലക്ഷം മട്രിക് ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. ഇന്ത്യയുടെ ആകെ ചരക്ക് നീക്കത്തിന്റെ 27 ശതമാനവും കണ്ടെയ്‌നര്‍ കാര്‍ഗോയുടെ 44 ശതമാനവുമാണിത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 200 ദശലക്ഷം മെട്രിക് ടണ്‍ കടക്കുമെന്നാണ് കരുതുന്നത്. ആദാനി ഗ്രൂപ്പ് വന്‍ നിക്ഷേപമാണ് ഇവിടെ നടത്തിവരുന്നത്. ലോകത്തെ ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി മാനുഫാക്ചറിംഗ് ഹബ് (പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉത്പാദന കേന്ദ്രം) സ്ഥാപിക്കാനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്.
ഇന്ത്യയുടെ ലക്ഷ്യത്തിന് കരുത്ത് പകരാന്‍
അദാനിയുടെ കപ്പല്‍ നിര്‍മാണശാല യാഥാര്‍ത്ഥ്യമായാല്‍ പുതിയ കപ്പലുകളുടെ നിര്‍മാണത്തിന് ബദല്‍മാര്‍ഗമായി ഇന്ത്യയും പരിഗണിക്കപ്പെടും. 2030 ഓടെ കപ്പല്‍ നിര്‍മാണത്തില്‍ ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നായിമാറുക എന്ന ലക്ഷ്യത്തോടെ മാരിടൈം ഇന്ത്യ വിഷന്‍ 2030 ന് കഴിഞ്ഞമാസം രാജ്യം രൂപം കൊടുത്തിരുന്നു. 2047 ഓടെ ആദ്യ അഞ്ചില്‍ എത്താനും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. ഈ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഇന്ത്യന്‍ കപ്പല്‍ ശാലകളുടെ ഉത്പാദനം നിലവിലെ 0.072 മില്യണ്‍ ഗ്രോസ് ടണ്ണേജില്‍ നിന്ന് 2030 ഓടെ 0.33 മില്യണ്‍ ഗ്രോസ് ടണ്ണേജായി ഉയര്‍ത്തണം. തുടര്‍ന്ന് 2047 ഓടെ ഇത് 11.31 മില്യണ്‍ ഗ്രോസ് ടണ്ണേജും ആക്കേണ്ടതുണ്ട്. നിലവില്‍ കപ്പല്‍ നിര്‍മാണ വിപണിയില്‍ ആഗോളതലത്തില്‍ 20-ാം സ്ഥാനത്താണ് ഇന്ത്യ. വെറും ഒരു ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം.

തലപ്പൊക്കത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

രാജ്യത്ത് പൊതുമേഖല കപ്പല്‍ ശാലകളെല്ലാം തന്നെ മികച്ച ഓര്‍ഡറുകളാണ് അടുത്ത കാലത്ത് നേടിയിട്ടുള്ളത്. ഇന്ത്യ പ്രതിരോധ രംഗത്ത് കൂടുതല്‍ കയറ്റുമതി ലക്ഷ്യമിടുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഷിപ്പ് ബില്‍ഡിംഗ് കമ്പനികളുടേയും പ്രതിരോധമേഖലയിലുള്ള കമ്പനികളുടെയും ഓഹരികള്‍ വലിയ കയറ്റത്തിലുമാണ്. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പും കപ്പല്‍ നിര്‍മാണ ശാലയ്ക്കുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നതാണ് ശ്രദ്ധേയം.
നിലവില്‍ വിദേശ ഓര്‍ഡറുകളടക്കം നേടുന്ന രാജ്യത്തെ ഏറ്റവും പ്രധാന കപ്പല്‍ ശാലയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. 2024 മാര്‍ച്ചിലെ കണക്കു പ്രകാരം 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 3,500 കോടി രൂപയുടേത് കയറ്റുമതി ഓര്‍ഡറുകളാണ്. കൂടുതല്‍ ഓര്‍ഡറുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നുമുണ്ട്.
ഇത് കണക്കിലെടുക്കുമ്പോള്‍ അദാനി ഗ്രൂപ്പ് കപ്പല്‍ നിര്‍മാണത്തിലിറങ്ങുന്നത് സമീപഭാവിയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തലുകള്‍. മാത്രമല്ല കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും പുതിയ കപ്പല്‍ ശാല ഒരുക്കാന്‍.
ഓഹരികളുടെ പ്രകടനം
ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ മിക്കവയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണ്‍ രാവിലെ വലിയ മുന്നേറ്റം കാഴ്ചവച്ചെങ്കിലും നിലിവില്‍ 0.39 ശതമാനം മാത്രം ഉയര്‍ന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ആറ് മാസക്കാലയളവില്‍ ഓഹരിയുടെ നേട്ടം 24 ശതമാനമാണ്. ഒരു വര്‍ഷക്കാലയളവിലെ നേട്ടം 105 ശതമാനവും.
അതേസമയം കുറച്ചു ദിവസങ്ങളായി വന്‍ മുന്നേറ്റം കാഴ്ചവച്ച കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ രണ്ടു ദിവസമായി ഇടിവിലാണ്. ഇന്ന് 3.40 ശതമാനം ഇടിഞ്ഞ് 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 305 ശതമാനം നേട്ടമാണ് ഓഹരി നല്‍കിയത്. ഒരു വര്‍ഷക്കാലയളവില്‍ 830 ശതമാനത്തിലധികം നേട്ടവും ഓഹരി നല്‍കിയിട്ടുണ്ട്.

അദാനി ഗ്രൂപ്പ് കപ്പല്‍ നിര്‍മാണത്തിലേക്കുന്ന കടക്കുന്ന വാര്‍ത്തകളുടെ പ്രതിഫലനമെന്നോണം ഗാര്‍ഡന്‍ റീച്ചും മാസഗോണ്‍ഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സും അടക്കമുള്ള ഓഹരികളും ഇന്നും വലിയ ഇടിവിലാണ്.

Related Articles
Next Story
Videos
Share it