ഈ അദാനി കമ്പനിയില്‍ ഓഹരി വിഹിതം കൂട്ടി പ്രമോട്ടര്‍മാര്‍

അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ ഓഹരി വിഹിതം കൂട്ടി പ്രമോട്ടര്‍മാര്‍. ഓപ്പണ്‍ മാര്‍ക്കറ്റ് വഴി 2.22 ശതമാനം ഓഹരികള്‍ വാങ്ങിയതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ കെംപാസ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റമെന്റ് ഓഗസ്റ്റ് ഏഴിനും 18 നുമിടയില്‍ 2.22 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതോടെ കമ്പനിയുടെ പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 69.87 ശതമാനമായി ഉയര്‍ന്നു. തിങ്കളാഴ്ചത്തെ ക്ലോസിംഗ് ഓഹരി വില അനുസരിച്ച് 6,675 കോടി രൂപയുടെ ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇന്നലെ അദാനി എന്റര്‍പ്രൈസ് ഓഹരികള്‍ 2.41 ശതമാനം ഉയര്‍ന്ന് 2,639.75 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇന്ന് 2.21 ശതമാനം ഉയര്‍ന്ന് 2,698.10 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. മൂന്ന് ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

കഴിഞ്ഞ ജൂണ്‍ പാദത്തില്‍ അദാനി എന്റര്‍പ്രൈസസില്‍ പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 67.65 ശതമാനമായിരുന്നു. ബാക്കി പബ്ലിക് ഓഹരി ഉടമകളാണ്. ഇതില്‍ 2.67 ശതമാനം ഓഹരി ഇന്ത്യന്‍ വംശജനായ രാജീവ് ജെയ്ന്‍ നേതൃത്വം നല്‍കുന്ന യു.എസ് കമ്പനിയായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സിനുണ്ട്. ജൂണില്‍ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് അദാനി എന്റര്‍പ്രസില്‍ 8,625 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതു കൂടാതെ കഴിഞ്ഞ മാര്‍ച്ചില്‍ 15,000 കോടി രൂപയുടെ ഓഹരികളും സ്വന്തമാക്കിയിരുന്നു.

ഈ വര്‍ഷം ആദ്യം അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങളെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തില്‍ 15,000 കോടി ഡോളറിന്റെ ഇടിവ് സഭവിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ രണ്ട്- മൂന്ന് മാസങ്ങളായാണ് ഓഹരികള്‍ തിരിച്ചു കയറി തുടങ്ങിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ ലാഭം 44 ശതമാനം വര്‍ധിച്ച് 674 കോടി രൂപയായി. അതേസമയം, വരുമാനം 38 ശതമാനം ഇടിഞ്ഞ് 25.810 കോടി രൂപയായി. കല്‍ക്കരി വിലയിലുണ്ടായ കുറവാണ് വരുമാനത്തെ ബാധിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it