അദാനി-ഹിന്‍ഡന്‍ബര്‍ഗ് ഒന്നാം 'വിവാദ' വാര്‍ഷികം; അദാനിക്ക് നഷ്ടം ₹4.61 ലക്ഷം കോടി

പുതിയ ഓഹരകളിലൂടെ വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതിനുള്ള (FPO) രേഖകള്‍ സമര്‍പ്പിച്ച് 2023 ജനുവരി 27ന് അദാനി എന്റര്‍പ്രൈസസ് കാത്തിരിക്കുന്ന സമയം. 2023 ജനുവരി 24ന് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് (Hindenburg Research) ഒരു റിപ്പോര്‍ട്ട് പുറത്തുവിടുന്നു. അദാനിക്കു മേല്‍ ശക്തമായൊരു പ്രഹരവുമായാണ് സാമ്പത്തിക മേഖലയില്‍ പഠനം നടത്തുന്ന സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടെത്തിയത്.

ഓഹരികളിലെ കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ് തുടങ്ങി അദാനി ഗ്രൂപ്പ് (Adani Group) കമ്പനികള്‍ക്കെതിരെ ഓട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പിന്നീട് അദാനി ഓഹരികള്‍ക്ക് വിപണിയില്‍ രക്തമയമായിരുന്നു. 2023 ജനുവരി 27ന് മാത്രം ഗൗതം അദാനിയുടെ ആസ്തിയില്‍ നിന്ന് 2,080 കോടി ഡോളര്‍ (1.70 ലക്ഷം കോടി രൂപ) കൊഴിഞ്ഞിരുന്നു. വീണ്ടും കോടികളുടെ നഷ്ടം ഗ്രൂപ്പ് നേരിട്ടു. ഇന്ന് അദാനി-ഹിന്‍ഡന്‍ബര്‍ഗ് ഒന്നാം 'വിവാദ' വാര്‍ഷികമെത്തി നില്‍ക്കുമ്പോള്‍ വിപണിമൂല്യത്തില്‍ അദാനിക്ക് നഷ്ടം 4.61 ലക്ഷം കോടി രൂപ.


ഓഹരികള്‍ പറയുന്നത്

അദാനി ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം താഴ്ന്നതില്‍ നിന്ന് 90 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നു. എന്നിരുന്നാലും ഇത് ഹിന്‍ഡന്‍ബര്‍ഗിന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 60 ബില്യണ്‍ ഡോളര്‍ കുറവാണെന്ന് കണക്കുകള്‍ പറയുന്നു. അതായത് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള വീഴ്ച ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് അര്‍ത്ഥം. അടിതെറ്റിയ അദാനിക്ക് ചെറിയ തോതില്‍ മാത്രമേ തിരിച്ചുകയറാനായിട്ടുള്ളു.

ശക്തമായ ആരോപണങ്ങള്‍

അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് അന്ന് ഉന്നയിച്ചത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത് രണ്ട് വര്‍ഷത്തെ അന്വേഷണങ്ങളിലൂടെയാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അവകാശപ്പെട്ടു. ഓഹരി വിപണിയില്‍ അദാനി കമ്പനികളുടെ ഓഹരിവില കൃത്രിമമായി ഉയര്‍ത്തിയെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും റിപ്പോര്‍ട്ട് പറഞ്ഞു.അദാനി ഗ്രൂപ്പിലെ ഏഴ് ലിസ്റ്റഡ് കമ്പനികളെ ഹിന്‍ഡന്‍ബെര്‍ഗ് പഠന വിധേയമാക്കിയെന്നും. ഈ കമ്പനികളുടെയെല്ലാം വ്യാപാരം യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ 85 ശതമാനത്തോളം ഉയര്‍ന്നാണ് നില്‍ക്കുന്നതെന്നും അവര്‍ ആരോപിച്ചു.

കമ്പനികളുടെ ഓഹരികള്‍ പണയപ്പെടുത്തി വായ്പ എടുത്തത് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക നില അപകടപ്പെടുത്തിയെന്നും നികുതി വെട്ടിക്കാന്‍ യു.എ.ഇ, കരീബിയന്‍ ദ്വീപുകള്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ ഷെല്‍ കമ്പനികള്‍ അദാനി ഗ്രൂപ്പ് തുടങ്ങിയെന്നും റിപ്പോര്‍ട്ട് ആരോപിച്ചു. റിപ്പോര്‍ട്ടിന്റെ അവസാനം അദാനി ഗ്രൂപ്പിനെതിരെ സെബി നടത്തുന്ന അന്വേഷണങ്ങളുടെ വിശദാംശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, ബിസിനസില്‍ അദാനി കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഗൗതം അദാനിക്ക് ഉത്തരം പറയാനായി 88 ചോദ്യങ്ങളും ഇവര്‍ നല്‍കി.

അടിതെറ്റി അദാനി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സാമ്രാജ്യത്തെ ചില്ലറയൊന്നുമല്ല പിടിച്ചുകുലുക്കിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരെ അദാനി ഗ്രൂപ്പ് ശക്തമായി പ്രതികരിച്ചു. കമ്പനികള്‍ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് തള്ളി. റിപ്പോര്‍ട്ട് ഞെട്ടലുളവാക്കുന്നതാണെന്നും രാജ്യത്തെ കോടതികള്‍ ഉള്‍പ്പടെ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ടെന്നു പോലും കമ്പനി പ്രതികരിച്ചു. ഈ സമയം അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 46,000 കോടിയോളം രൂപയുടെ ഇടിവാണ് ഉണ്ടായത്.

പോര് മുറുകി

ഒട്ടും വൈകാതെ തന്നെ അദാനി ഗ്രൂപ്പ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ക്ക് 413 പേജുകളിലായി മറുപടി നല്‍കി. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനുമെതിരെയുള്ള ആസൂത്രിത ആക്രണമെന്നാണ് റിപ്പോര്‍ട്ടിനെ അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചു. ഷോര്‍ട്ട് സെല്ലിംഗിലൂടെ ലാഭമുണ്ടാക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിച്ചതെന്നും അദാനി ആരോപിച്ചു. എന്നാല്‍ തട്ടിപ്പിനെ ദേശീയതകൊണ്ട് മറയ്ക്കാനാവില്ലെന്ന മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗും പിന്നീട് രംഗത്തെത്തി.

ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിനുപിന്നാലെ ഓഹരിവിപണിയിലുണ്ടായ കനത്ത നഷ്ടത്തില്‍ ആസ്തി മൂല്യമിടിഞ്ഞതോടെ 2023 ജനുവരി അവസാനാമായോപ്പോള്‍ ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍ രണ്ടാമതെത്തിയ ഗൗതം അദാനി പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 8,440 കോടി ഡോളറിലേക്ക് അന്ന് അദാനിയുടെ സ്വത്ത് ചുരുങ്ങി. തുടര്‍ന്ന അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ തുടര്‍ച്ചയി ഇടിയാന്‍ തുടങ്ങി.

ഒരു ഘട്ടമെത്തിയപ്പോള്‍ ഇത് ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയാകുകയും റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരു മാസത്തിനിടെ അദാനിയുടെ 12 ലക്ഷം കോടി രൂപയുടെ സമ്പത്ത് ഇല്ലാതാക്കുകയും ചെയ്തു. വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ മുങ്ങിത്താഴുന്നതിനിടെ 2023 മാര്‍ച്ച് എത്തിയപ്പോള്‍ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ ഗൗതം അദാനി 23-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഗൗതം അദാനിയുടെ മൊത്തം ആസ്തി 5,300 കോടി ഡോളറായി കുറഞ്ഞു. അതായത് മൊത്തം ആസ്തിയില്‍ 60 ശതമാത്തിലേറെ ഇടിവ്. ഫോബ്സ് പട്ടികയിലും ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്ന ജനുവരി 24 ന് ശേഷം അദാനി ഗ്രൂപ്പിലെ പല ഓഹരികളും 50 മുതല്‍ 75 ശതമാനം വരെ മൂല്യ തകര്‍ച്ച നേരിട്ടു.

കോടതിയും സെബിയുടെ അന്വേഷണവും

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു വശത്ത് ഓഹരികള്‍ക്ക് ഇടിവ് സംഭവിക്കുമ്പോള്‍ മറുവശത്ത് കേസും അന്വേഷണവുമൊക്കെയായി അദാനി ഗ്രൂപ്പ് വലഞ്ഞിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി 2023 മാര്‍ച്ചില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോട് (സെബി) നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം സംബന്ധിച്ച് സെബിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. എങ്കിലും സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങളില്‍ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷിച്ചിരുന്നു. അന്വേഷണത്തിന് കാലതാമസം ഉണ്ടായെങ്കിലും സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളികൊണ്ട് മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 2024 ജനുവരി 3ന് സെബിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അതായത് അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദം അവസാനിച്ചിട്ടില്ലെന്ന് സാരം.

പ്രതാപം തിരിച്ചുപിടിക്കാൻ അദാനി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ശരങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികളിന്മേല്‍ ഏല്‍പ്പിച്ച ആഘാതം ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കിയിരുന്നു. ആരോപണങ്ങളും കേസുമെല്ലാമായി മുന്നോട്ട് പോകുമ്പോഴും അദാനി ഗ്രൂപ്പ് പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ അതീവ ശ്രമങ്ങള്‍ നടത്തി. വായ്പകള്‍ തിരിച്ചടച്ചും, റോഡ് ഷോകള്‍ നടത്തിയും ഏറ്റെടുക്കലുകളുടെ എണ്ണം വര്‍ധിപ്പിച്ചും അദാനി ഗ്രൂപ്പ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു.

മെല്ലെ ഗ്രൂപ്പിന്റെ ഓഹരികള്‍ ഉയരാന്‍ തുടങ്ങി. ചില അദാനി ഓഹരികള്‍ പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെങ്കിലും മിക്കവയും കാര്യമായ നേട്ടം പ്രകടിപ്പിച്ചു തുടങ്ങി. എന്നിരുന്നാലും അദാനി-ഹിന്‍ഡന്‍ബര്‍ഗ് ഒന്നാം 'വിവാദ' വാര്‍ഷികം എത്തി നില്‍ക്കുമ്പോള്‍ നേരിയ തോതില്‍ മാത്രമേ അദാനിക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. വിപണിമൂല്യത്തില്‍ ഇന്നും അദാനിക്ക് നഷ്ടം 4.61 ലക്ഷം കോടി രൂപയാണ്.

Nadasha K V
Nadasha K V  

Related Articles

Next Story

Videos

Share it