ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ അദാനി

ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ നീക്കവുമായി ഗൗതം അദാനി. ഇതിലൂടെ ദക്ഷിണേഷ്യന്‍ രാജ്യത്തെ ഊര്‍ജ്ജ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി അദാനി പവര്‍ ലിമിറ്റഡ് ജാര്‍ഖണ്ഡില്‍ 1.6 ജിഗാവാട്ട് സൗകര്യവും കയറ്റുമതിക്കായി ഒരു ട്രാന്‍സ്മിഷന്‍ ലൈനും ഡിസംബര്‍ 16-നകം കമ്മീഷന്‍ ചെയ്യുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദാനി ട്വിറ്ററില്‍ വ്യക്തമാക്കി.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെതുടര്‍ന്ന് ഗ്യാസ്, കല്‍ക്കരി തുടങ്ങിയവയുടെ വില കുതിച്ചുയര്‍ന്നതിന്റെ ഫലമായി കടുത്ത ഊര്‍ജക്ഷാമമാണ് ബംഗ്ലാദേശ് നേരിടുന്നത്. പോര്‍ട്ടുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, എനര്‍ജി എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ബിസിനസ് സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി ഊര്‍ജ രംഗത്ത് ശ്രീലങ്കയിലെ നിക്ഷേപങ്ങളിലും പങ്കാളിയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഖനന മേഖലകളിലൊന്നാണ് ജാര്‍ഖണ്ഡ്, എന്നാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017 ലെ അംഗീകാര രേഖ പ്രകാരം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനമാണ് പ്ലാന്റ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കല്‍ക്കരി കടല്‍മാര്‍ഗവും തുടര്‍ന്ന് ട്രെയിനിലുമാണ് അദാനി കല്‍ക്കരിയെത്തിക്കുന്നത്. ഇത് ഏറെ വിമര്‍ശനങ്ങളും നേരിടാന്‍ കാരണമായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it