

പ്രമുഖ തേര്‍ഡ്-പാര്‍ട്ടി മറൈന്‍ സര്‍വീസ് പ്രൊവൈഡറായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിനെ (OSL) ഏറ്റെടുക്കാന്‍ തങ്ങളുടെ അനുബന്ധ സ്ഥാപനമായ അദാനി ഹാര്‍ബര്‍ സര്‍വീസസ് കരാറില്‍ ഏര്‍പ്പെട്ടതായി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (Adani Ports) വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി മറൈന്‍ സര്‍വീസ് പ്രൊവൈഡറായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിന് അദാനി ഹാര്‍ബര്‍ സര്‍വീസസ് ലിമിറ്റഡ് 1,530 കോടി രൂപയുടെ കരാറിലാണ് ഏര്‍പ്പെട്ടത്.
ഗൗതം അദാനിയുടെ (Gautam Adani) നേതൃത്വത്തിലുള്ള കമ്പനി ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിന്റെ 75.69 ശതമാനം ഓഹരികള്‍ നേരിട്ട് ഏറ്റെടുക്കുന്നതിന് 1,135.30 കോടി രൂപയും 24.31 ശതമാനം ഓഹരികള്‍ പരോക്ഷമായി ഏറ്റെടുക്കുന്നതിന് 394.87 കോടി രൂപയും നല്‍കുമെന്ന് കമ്പനി വെള്ളിയാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. ഏറ്റെടുക്കല്‍ നടപടി ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒഎസ്എല്‍, അദാനി ഹാര്‍ബര്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവ സംയോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മെച്ചപ്പെട്ട മാര്‍ജിനുകളോടെ ഏകീകൃത ബിസിനസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നും അതുവഴി അദാനി പോര്‍ട്ടലിന്റെ മൂല്യം ഉയരുമെന്നും അദാനി പോര്‍ട്ട് സിഇഒയും ഡയറക്ടറുമായ കരണ്‍ അദാനി പറഞ്ഞു
ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിന്റെ (Ocean Sparkle Limited) ചെയര്‍മാനായി തുടരുന്ന പി ജയരാജ് കുമാര്‍ ഒരു കൂട്ടം മറൈന്‍ ടെക്നോക്രാറ്റുകളും കൂടി 1995 ലാണ് കമ്പനി സ്ഥാപിച്ചത്. ഇന്ത്യയിലെ എല്ലാ പ്രധാന തുറമുഖങ്ങളിലും 15 ചെറുകിട തുറമുഖങ്ങളിലും 3 എല്‍എന്‍ജി ടെര്‍മിനലുകളിലും ഇതിന് സാന്നിധ്യമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine