എന്‍ഡിടിവി ഏറ്റെടുക്കല്‍; സെബിയുടെ അനുമതി എന്തിനെന്ന് അദാനി, നീക്കം എന്താകും?
രാധിക റോയ് പ്രണോയ് റോയ് പ്രൈവറ്റ് ലിമിറ്റഡിന് (ആര്‍ആര്‍പിആര്‍) കീഴിലുള്ള എന്‍ഡിടിവി (NDTV) ഓഹരികള്‍ ഏറ്റെടുക്കാന്‍ സെബിയുടെ അനുമതി ആവശ്യമില്ലെന്ന് അദാനി ഗ്രൂപ്പ് (Adani Group). ഓഹരി ഇടപാടുകളില്‍ നിന്ന് 2020 നവംബര്‍ മുതല്‍ രണ്ട് വര്‍ഷത്തേക്ക് എന്‍ഡിടിവി പ്രൊമോട്ടര്‍മാരെ സെബി വിലക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിന് കീഴിലുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ ലിമിറ്റഡിന് (വിസിപിഎല്‍) ഓഹരികള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും അറിയിച്ചിരുന്നു.
Read More: Explained: എങ്ങനെയാണ് NDTV ഓഹരികള്‍ അദാനിയുടെ കൈകളില്‍ എത്തുക ?
ഓഗസ്റ്റ് 23ന് 19.9 ലക്ഷം ഓഹരികള്‍ക്കായി 1.9 കോടി രൂപ ആര്‍ആര്‍പിആറിന് നല്‍കിയതാണെന്നും ഇനി ഇടപാടില്‍ നിന്ന് മാറാന്‍ സാധിക്കില്ലെന്നും എന്‍ഡിടിവിക്ക് അയച്ച കത്തില്‍ വിസിപിഎല്‍ പറയുന്നു. എന്‍ഡിടിവിയുടെ 29.1 ശതമാനം ഓഹരികളാണ് ആര്‍ആര്‍പിആറില്‍ നിന്ന് വിസിപിഎല്‍ ഏറ്റെടുക്കുന്നത്. കൂടാതെ ഓപ്പണ്‍ ഓഫറിലൂടെ എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.
2009ല്‍ ആര്‍ആര്‍പിആറിന് നല്‍കിയ വായ്പയിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് വിസിപിഎല്‍ ഇപ്പോള്‍ എന്‍ഡിടിവി ഓഹരികള്‍ ഏറ്റെടുക്കുന്നത്. അതുകൊണ്ട് തന്നെ സെബി നിയന്ത്രണങ്ങളൊന്നും അദാനി ഗ്രൂപ്പിന് തടസമാകില്ല എന്നാണ് വിലയിരുത്തല്‍. അതേ സമയം ഓഹരികള്‍ കൈമാറാന്‍ പ്രൊമോട്ടര്‍മാര്‍ക്ക് താല്‍പ്പര്യമില്ലാത്തത് കൊണ്ടുതന്നെ വിഷയം നിയമ പോരാട്ടത്തിലേക്ക് എത്താനുള്ള സാധ്യതയും മേഖലയിലുള്ളവര്‍ തള്ളിക്കളയുന്നില്ല. ആര്‍ആര്‍പിആറിന് 403.85 കോടി രൂപയാണ് വിസിപിഎല്‍ വായ്പയായി നല്‍കിയത്.
പ്രണോയ് റോയിക്കും രാധികാ റോയിക്കും യഥാക്രമം 15.94 ശതമാനം, 16.32 ശതമാനം ഓഹരികളാണ് എന്‍ഡിടിവിയില്‍ ഉള്ളത്. 29.18 ശതമാനം ഓഹരികളുള്ള ഇവരുടെ ആര്‍ആര്‍പിആറിന്റേത് ഉള്‍പ്പടെ പ്രമോട്ടര്‍മാര്‍ കൈവശ്യം വെച്ചിരിക്കുന്നത് 61.45 ശതമാനം ഓഹരികളാണ്.