അഹമ്മദാബാദിലെ മാൾ: ലുലുവിന് സ്ഥലം പാട്ടത്തിന് വേണ്ട, മുഴുവൻ കാശ് കൊടുത്ത് വാങ്ങിക്കോളാം

ലുലു ഗ്രൂപ്പിനായി ഭൂമി അനുവദിക്കല്‍ നയത്തില്‍ മാറ്റം വരുത്തി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ തുറക്കാനായി ലുലു ഗ്രൂപ്പ് സ്ഥലം ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചിരുന്നു. തുടക്കത്തില്‍ 99 വര്‍ഷത്തെ പാട്ടത്തിന് സ്ഥലം അനുവദിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സ്ഥലം സ്വന്തമായി വാങ്ങുന്നതിനാണ് ലുലു ഗ്രൂപ്പ് മുന്‍ഗണന നല്‍കിയത്. ലുലു ഗ്രൂപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ച് ലേല വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂമി പാട്ടത്തിന് നല്‍കുന്നതിനു പകരം, ലുലു ഗ്രൂപ്പ് ഉള്‍പ്പെടെ താത്പര്യമുള്ള കക്ഷികള്‍ക്ക് ഭൂമി ലേലം ചെയ്യാനാണ് തീരുമാനം.

ഇതിനായി 22 ആസ്തികളുടെ ലേലം ഈ മാസം 18, 22 തീയതികളില്‍ നടത്തും. ഏപ്രില്‍ മാസത്തില്‍ ലേലം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ലോക്‌സഭാ തിരഞ്ഞെടു പെരുമാറ്റം ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ ഈ മാസത്തേക്ക് മാറ്റുകയായിരുന്നു.
അഹമ്മദാബാദിലെ ഏറ്റവും വില കൂടിയ സ്ഥലമാണ് ലുലു ഗ്രൂപ്പ് നോട്ടമിട്ടിരിക്കുന്നത്. എസ്.പി റിംഗ് റോഡിലെ ബാലാജി വില്ല ബംഗ്ലാവിനോട് ചേര്‍ന്നുള്ള വാണിജ്യ സ്ഥലത്തിന് 502 കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഇതു കൂടാതെ അടുത്തുള്ള രണ്ട് പ്ലോട്ടുകളും ലേലത്തിനു വയ്ക്കുന്നുണ്ട്. ഇവയുടെ അടിസ്ഥാന വില 194.96 കോടി രൂപയാണ്. മൊത്തം 14 വാണിജ്യ പ്രോപ്പര്‍ട്ടികളും എട്ട് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുമാണ് ലേലത്തില്‍ വയ്ക്കുന്നത്. ഇവയുടെ മൊത്തം മൂല്യം 2,250 കോടി രൂപ വരും.

Related Articles

Next Story

Videos

Share it