ജീവനക്കാരുടെ ബത്ത 50% വരെ കുറച്ച് എയര്‍ ഇന്ത്യ

പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനുള്ള നടപടികളുടെ ഭാഗമായി ജീവനക്കാരുടെ ബത്ത 20% മുതല്‍ 50% വരെ കുറയ്ക്കാന്‍ ഉത്തരവിറക്കി എയര്‍ ഇന്ത്യ. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ബത്ത കുറയ്ക്കല്‍.

ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് 20 ശതമാനം അലവന്‍സാണ് വെട്ടിക്കുറച്ചിട്ടുള്ളത്.പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ള ജീവനക്കാരുടെ പ്രതിമാസ ബത്ത 50 ശതമാനം വരെ കുറച്ചു. അതേ സമയം അടിസ്ഥാന ശമ്പളവും വീട്ടുവാടക ബത്തയും മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.ഒരു മാസത്തില്‍ ഏത്ര മണിക്കൂര്‍ വിമാനം പറത്തിയെന്നതിനെ അടിസ്ഥാനമാക്കി ഫ്ളൈയിങ് അലവന്‍സ് നല്‍കുമെന്നും ഉത്തരവിലുണ്ട്.

കോവിഡ്് മഹമാരിയെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ വ്യോമയാന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാജ്യത്തെ മിക്ക വിമാന കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കല്‍, പിരിച്ചുവിടല്‍, ശമ്പളമില്ലാതെ അവധി തുടങ്ങിയ നടപടികള്‍ സ്വീകരിച്ചുവരികയാണ്. എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനാ നടപടികളാകട്ടെ പുരോഗമിക്കുന്നുമില്ല.

വേതനം വെട്ടിക്കുറയ്ക്കുന്നതില്‍ ഇന്ത്യന്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.സര്‍വീസുകള്‍ ഭാഗികമായതോടെ എയര്‍ ഇന്ത്യയില്‍ 85 ശതമാനം വരെ ശമ്പളം കുറയുന്ന സാഹചര്യമാണുള്ളതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.230 കോടി രൂപ വരുന്ന എയര്‍ ഇന്ത്യയിലെ പ്രതിമാന ശമ്പളച്ചെലവില്‍ എത്രത്തോളമാണ് ഇതിലൂടെ ലാഭിക്കാനാകുകയെന്നും അതുകൊണ്ട് കമ്പനി എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it