വീണ്ടും നഷ്ടവുമായി ജിയോ, 1.59 മില്യണ്‍ വരിക്കാരെ നേടി എയര്‍ടെല്‍
വരിക്കാരുടെ എണ്ണം ഉയര്‍ത്തിയ രാജ്യത്തെ ഏക ടെലികോം കമ്പനിയായി ഭാരതി എയര്‍ടെല്‍ (Bharti Airtel) . ട്രായി പുറത്തുവിട്ട ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് 1.59 മില്യണ്‍ വരിക്കാരാണ് പുതുതായി എയര്‍ടെല്ലില്‍ എത്തിയത്. ഇതോടെ എയര്‍ടെല്ലിന്റെ ആകെ വരിക്കാരുടെ എണ്ണം 358.07 മില്യണായി ഉയര്‍ന്നു.
റിലയന്‍സ് ജിയോയ്ക്കാണ് (Reliance Jio) ഇക്കാലയളവില്‍ ഏറ്റവും അധികം വരിക്കാരെ നഷ്ടമായത്. 3.66 മില്യണ്‍ വരിക്കാരാണ് ജിയോയില്‍ നിന്ന് കൊഴിഞ്ഞു പോയത്. ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് 402.73 മില്യണ്‍ വരിക്കാരാണ് ജിയോയ്ക്ക് ഉള്ളത്. 1.53 മില്യണ്‍ വരിക്കാരെ നഷ്ടമായ വോഡാഫോണ്‍ ഐഡിയയ്ക്ക് ആകെ 263.59 മില്യണ്‍ വരിക്കാരാണ് ഉള്ളത്.
രാജ്യത്തെ ആകെ വയര്‍ലെസ് ടെലികോം വരിക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായി. ജനുവരിയിലെ 1,145.24 ല്‍ നിന്ന് ഫെബ്രുവരി ആയപ്പോഴേക്കും 1,141.53 മില്യണായി ആണ് വരിക്കാരുടെ എണ്ണം ഇടിഞ്ഞത്. രാജ്യത്തെ വയര്‍ലെസ് കണക്ഷനുകളുടെ 89.74 ശതമാനവും സ്വകാര്യ ടെലികോം കമ്പനികളാണ് നല്‍കുന്നത്. 10.26 ശതമാനം മാത്രമാണ് ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ വിപണി വിഹിതം.
തുടര്‍ച്ചയായി വരിക്കാരുടെ എണ്ണം ഇടിയുകയാണെങ്കിലും 35.28 ശതമാനം വിപണി വിഹിതവുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോ തുടരുകയാണ്. 31.37 ശതമാനം ആണ് എയര്‍ടെല്ലിന്റെ വിപണി വിഹിതം. വോഡാഫോണ്‍ ഐഡിയയ്ക്ക് 23.09 ശതമാനവും ബിഎസ്എന്‍എല്ലിന് 9.98 ശതമാനം വിപണി വിഹിതവുമാണ് ഉള്ളത്.