ആമസോണ്‍ അടുത്ത നെറ്റ്ഫ്‌ളിക്‌സ് ആകുമോ? പുതിയ ഏറ്റെടുക്കല്‍ എന്ത്‌കൊണ്ട്

ഇക്കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയിലെ വിവിധ സിനിമാ ഫോറങ്ങളും ബിസിനസ് ഗ്രൂപ്പുകളുമെല്ലാം ചര്‍ച്ചയാക്കിയ വിഷയമായിരുന്നു ആമസോണിന്റെ പുതിയ ഏറ്റെടുക്കല്‍. വരുന്ന യുഗം ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും കുറഞ്ഞ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെയുമാണെന്ന എല്ലാ വ്യവസായ ഭീമന്മാരുടെ കണക്കുകൂട്ടല്‍ തന്നെയാണ് ആമസോണ്‍ ഒരു മുഴം മുന്നേ എറിഞ്ഞത്. മലയാള ചലച്ചിത്രങ്ങളുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങള്‍ക്ക് ആമസോണ്‍ പ്രൈമില്‍ അത്യാവശ്യം കാഴിച്ചക്കാരുമുണ്ട്. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സിനെ മറികടക്കാന്‍ ഇവര്‍ക്കായിട്ടില്ല.

അതുകൊണ്ടാണ് തങ്ങളുടെ കോണ്ടന്റ് ലൈബ്രറി വിശാലമാക്കാന്‍ വിശ്വവിഖ്യാതമായ എംജിഎം സ്റ്റുഡിയോസിനെ ആമസോണ്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് കരാര്‍ സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത്. എംജിഎം ഏറ്റെടുക്കല്‍ വഴി ജെയിംസ് ബോണ്ട് അടക്കമുള്ള പ്രമുഖ സിനിമകളുടെ അവകാശം ആമസോണിന് കിട്ടും. 8.45 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. എംജിഎം സ്റ്റുഡിയോസിന്റെ വിപണി മൂല്യത്തെക്കാളും 37 മടങ്ങ് അധികം തുകയ്ക്കാണ് ആമസോണിന്റെ ഏറ്റെടുക്കലെന്നതും ശ്രദ്ധേയം. വീഡിയോ സ്ട്രീമിംഗ് ലോകത്ത് നെറ്റ്ഫ്ളിക്സും ഡിസ്നി പ്ലസുമായുള്ള മത്സരം മുറുകവെ പുതിയ ശേഖരം ആമസോണ്‍ പ്രൈമിന് മുതല്‍ക്കൂട്ടാവുമെന്ന കാര്യമുറപ്പ്.
ഏകദേശം 4,000 സിനിമകളും 17,000 ടെലിവിഷന്‍ ഷോകളും എംജിഎമ്മിന്റെ അവകാശത്തിലാണ്. നിലവില്‍ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എംജിഎം സിനിമകളും ടിവി ഷോകളും വിതരണം ചെയ്യുന്നുണ്ട്. ഇനി ഇവയെല്ലാം സ്വന്തമാക്കുന്ന ആമസോണ്‍ പ്രൈമിന് മത്സരത്തില്‍ മുന്‍നിരയിലാകും. ടോം ആന്‍ഡ് ജെറി, ഫാര്‍ഗോ, വൈക്കിംഗ്‌സ്, ഷാര്‍ക്ക് ടാങ്ക് പോലുള്ള പ്രശസ്ത ടിവി സീരീസുകള്‍ പ്രൈം വീഡിയോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആമസോണ്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it