ഐപിഎല്‍ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി, മത്സരം റിലയന്‍സും ഡിസ്‌നിയും തമ്മില്‍

2023-27 കാലയളവിലേക്കുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL media rights) സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ആമസോണ്‍. ഡിജിറ്റല്‍ സംപ്രേഷണം മാത്രമായി ലഭിച്ചിട്ട് കാര്യമായ നേട്ടമുണ്ടാകില്ല എന്ന വിലയിരുത്തലിലാണ് ആമസോണിന്റെ പിന്മാറ്റം. ഐപിഎല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ റിലയന്‍സിന്റെ മുകേഷ് അംബാനിയും ആമസോണിന്റെ ജെഫ് ബസോസും നേര്‍ക്കുനേര്‍ എന്ന രീതിയിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. യൂട്യൂബിനായി ബിഡ് ഫോം വാങ്ങിയ ഗൂഗിളും അപേക്ഷ സമര്‍പ്പിച്ചില്ല.

ഡിസ്‌നിയുടെ സ്റ്റാര്‍ നെറ്റ്‌വര്‍ക്ക്, റിലയന്‍സ് വിയാകോം സ്‌പോര്‍ട്‌സ് 18, സോണി നെറ്റ്‌വര്‍ക്ക്, ടൈംസ് ഇന്റര്‍നെറ്റ്, നോര്‍ത്ത് അമേരിക്കന്‍ കമ്പനി ഫണ്‍ഏഷ്യ എന്നിവയാണ് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുക. ഫണ്‍ഏഷ്യയും ടൈംസ് ഇന്റര്‍നെറ്റും ഇന്ത്യയ്ക്ക് വെളിയിലുള്ള സംപ്രേക്ഷണാവകാശം നേടാനാണ് ശ്രമിക്കുന്നത്. ആമസോണ്‍ കളമൊഴിയുന്നതോടെ മത്സരം റിലയന്‍സും സ്റ്റാര്‍ നെറ്റ്‌വര്‍ക്കും തമ്മിലാവും എന്നാണ് വിലയിരുത്തല്‍. ഐപിഎല്ലിന്റെ ആദ്യ സീസണുകള്‍ സംപ്രേക്ഷണം ചെയ്ത സോണിയും ശക്തമായ സാന്നിധ്യമാണ്.

2023-27 വരെയുള്ള അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ 45,000-60,000 കോടി രൂപ സമാഹരിക്കാനാവും എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. 74 മാച്ചുകള്‍ക്കുമായി ഒരു വര്‍ഷത്തെ റിസര്‍വ് പ്രൈസ് 32,890 കോടി രൂപയാണ്. 2018-22 കാലയളവിലേക്കുള്ള സംപ്രേക്ഷണാവകാളം 16,347 കോടി രൂപയ്ക്കായിരുന്നു നേരത്തെ സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന് ലഭിച്ചത്.

കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 34 ശതമാനം ഇടിവുണ്ടായ സാഹചര്യത്തില്‍ ഇപ്പോഴത്തെ റിസര്‍വ് പ്രൈസ് വളരെ കൂടുതലാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. 2020ലെ ക്രോള്‍സിന്റെ ഐപിഎല്‍ വാല്യുവേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 5.9 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് ടൂര്‍ണമെന്റിന് ഉള്ളത്. എന്നാല്‍ ബിസിസിഐയുടെ വിലയിരുത്തലില്‍ ഐപിഎല്ലിന്റെ മൂല്യം 7 ബില്യണ്‍ ഡോളറോളം ആണ്. ജൂണ്‍ 12-13 തീയതികളിലായിരിക്കും ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനുള്ള ലേലം നടക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it