ആമസോണ്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനി ഉള്‍നാടന്‍ ജലപാതകളിലൂടെയും എത്തും

ആമസോണ്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ എങ്ങനെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? റോഡ്, റെയില്‍, വ്യോമ മാര്‍ഗം എന്നിങ്ങനെ ലഭ്യമായ എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയുമാണ് ആമസോണ്‍ ഇവ വീട്ടുപടിക്കലെത്തിക്കുന്നത്. ആമസോണ്‍ ഇന്ത്യ ഇപ്പോള്‍ വിതരണ ശൃംഖലയിലേക്ക് ഒരു പുതിയ ഗതാഗത മാര്‍ഗ്ഗം ചേര്‍ത്തിരിക്കുകയാണ്. നദികളും കനാലുകളും കായലുകളുമെല്ലാം ഉള്‍പ്പെടുന്ന 14,500 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന ഉള്‍നാടന്‍ ജലപാതകള്‍.

ഉടന്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും

ഉള്‍നാടന്‍ ജലപാതകള്‍ വഴി ചരക്ക് നീക്കം സുഗമമാക്കുന്നതിന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (ഐ.ഡബ്ല്യു.എ.ഐ) ആമസോണ്‍ ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. ചരക്ക് കയറ്റുമതിക്കായി ഉള്‍നാടന്‍ ജലപാതകളില്‍ ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ പട്നയ്ക്കും കൊല്‍ക്കത്തയ്ക്കും ഇടയിലുള്ള ജലപാതയില്‍ ചരക്ക് നീക്കംഉടന്‍ ആരംഭിക്കും. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലെ ജലപാതകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

കേരളത്തിനും പ്രയോജനകരം

കേരളത്തില്‍ വര്‍ഷങ്ങളായി മെച്ചപ്പെട്ടരീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്ന ഓന്നാണ് ഉള്‍നാടന്‍ ജലഗതാഗത സംവിധാനം. കേരളത്തിന്റെ ഉള്‍നാടന്‍ ജലഗതാഗതത്തില്‍ നദികളും കായലുകളും ഉള്‍പ്പെടുന്നു. ആമസോണ്‍ വഴിയുള്ള ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനായി ഈ ഉള്‍നാടന്‍ ജലപാതകള്‍ ഉപയോഗിക്കുന്നത് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഗുണം ചെയ്യും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it