കുടിശികയുടെ കണക്ക് ബാക്കി; അദാനി പവറില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് പകുതിയായി കുറച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിലെ ഭരണമാറ്റത്തെ തുടര്‍ന്ന് ഭീമമായ കുടിശിക കൊടുത്തു തീര്‍ക്കാന്‍ ബാക്കി നില്‍ക്കുന്നതിനിടയില്‍, അദാനി പവര്‍ കമ്പനിയില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് ബംഗ്ലാദേശ് പകുതിയായി വെട്ടിക്കുറച്ചു. ശൈത്യകാല ആവശ്യകത കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് നടപടി.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തിലിരുന്നപ്പോഴാണ് 2017 ൽ അദാനി പവര്‍ 25 വർഷത്തെ കരാറില്‍ ഏര്‍പ്പെടുന്നത്. ജാർഖണ്ഡിലെ 2 ബില്യൺ ഡോളറിൻ്റെ പവർ പ്ലാൻ്റിൽ നിന്നാണ് ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. ഏകദേശം 800 മെഗാവാട്ട് ശേഷിയുളള രണ്ട് പ്ലാന്റുകളാണ് ഇവിടെയുളളത്.
കഴിഞ്ഞ ശൈത്യകാലത്ത് അദാനിയിൽ നിന്ന് ബംഗ്ലാദേശ് പ്രതിമാസം 1,000 മെഗാവാട്ട് വാങ്ങിയാണ് വാങ്ങിയിരുന്നത്. എന്നാല്‍ നവംബറിൽ പ്ലാൻ്റ് 41.82 ശതമാനം ശേഷിയിലാണ് പ്രവർത്തിച്ചത്.
ബംഗ്ലാദേശ് അദാനിക്ക് ഏകദേശം 5504 കോടി രൂപ നൽകാനുണ്ടെന്നും കഴിഞ്ഞ മാസം 85 മില്യൺ ഡോളറും ഒക്ടോബറിൽ 97 മില്യൺ ഡോളറും നൽകിയെന്നും ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡ് (ബി.പി.ഡി.ബി) ചെയർപേഴ്‌സൺ എം.ഡി റസൗൾ കരീം പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിലേക്കുള്ള വിതരണം തുടരുകയാണെന്നും കുടിശിക വർദ്ധിക്കുന്നത് കാര്യമായ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദാനി പവർ വക്താവ് പറഞ്ഞു. ബംഗ്ലദേശ് തങ്ങളുടെ വൈദ്യുതി വാങ്ങൽ കരാർ പുനഃപരിശോധിക്കുന്നതായി കമ്പനിക്ക് സൂചനയില്ലെന്നും വക്താവ് പറഞ്ഞു.
Related Articles
Next Story
Videos
Share it