ഇ.എം.ഐ മോറട്ടോറിയം: അവ്യക്തത തുടരുന്നു

വായ്പകളുടെ തിരിച്ചടവിന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ ഇഎംഐ മോറട്ടോറിയം ഏപ്രില്‍ മുതല്‍ കിട്ടുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. പ്രമുഖ ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയൊന്നും മോറട്ടോറിയം സംബന്ധിച്ച വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല.

ലോണ്‍ തിരിച്ചടവിനായി അക്കൗണ്ടില്‍ ബാലന്‍സ് നിലനിര്‍ത്തണമെന്ന സന്ദേശം മുമ്പെന്നതുപോലെ തന്നെ വിവിധ ബാങ്കുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുമുണ്ട്. ഇഎംഐ ഇളവ് സംബന്ധിച്ച നിര്‍ദേശം ഉന്നതതലത്തില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് വരാത്തതാണിതിനു കാരണമെന്നും ഉടന്‍ ത്‌നനെ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നുമാണ് സൂചന.

റീട്ടെയില്‍ വായ്പകളുടെയും ഭവന- വാഹന വായ്പകളുടെയും മറ്റ് വ്യക്തിഗത വായ്പകളുടെയുമൊക്കെ ഇഎംഐകള്‍ ഡെബിറ്റ് ചെയ്യുന്നത് മിക്കവാറും ഉപഭോക്താവിന്റെ ശമ്പള അക്കൗണ്ടില്‍ നിന്നാണ്, മാസത്തിന്റെ ആദ്യ ആഴ്ചയില്‍. ഇത്തവണ ഇമെയില്‍, എസ്എംഎസ് എന്നിവയിലൂടെയോ വെബ്സൈറ്റിലെ ഒരു ലിങ്ക് വഴിയോ ഇഎംഐ ഇളവ് സംബന്ധിച്ച അറിയിപ്പു നല്‍കിയ ശേഷം തിരിച്ചടവ് നടത്താന്‍ സന്നദ്ധരാകുന്നവരുടെ കാര്യത്തില്‍ മാത്രം ഡെബിറ്റിംഗ് നടക്കാനാണു സാധ്യതയെന്ന് ബാങ്ക് മാനേജര്‍മാര്‍ പറഞ്ഞു. ലോക്ഡൗണ്‍ സാഹചര്യമായതിനാലാകാം ചില ബാങ്കുകളില്‍ ഇതു സംബന്ധിച്ച ആശയ വിനിമയം പൂര്‍ണ്ണമാകാത്തത്.

മൂന്ന് മാസത്തേക്ക് വായ്പകളുടെ മാസവരി അഥവാ ഇഎംഐ അടയ്ക്കേണ്ടതില്ല എന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ബാങ്കുകള്‍ ഈ കാലാവധിയില്‍ പിഴ ഈടാക്കുകയുമില്ല. ഭവനവായ്പ, വാഹനവായ്പ, പേഴ്സണല്‍ ലോണ്‍, വിദ്യാഭ്യാസവായ്പ തുടങ്ങിയ ടേം ലോണ്‍ വിഭാഗത്തില്‍പ്പെടുന്ന എല്ലാ വായ്പകള്‍ക്കും ഈ അനുകൂല്യം ലഭ്യമാകും. ഗൃഹോപകരണങ്ങള്‍ വാങ്ങാനെടുത്ത വായ്പകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it