ഡേറ്റ ലോക്കലൈസേഷൻ: സുരക്ഷാ മുന്നറിയിപ്പുമായി മാസ്റ്റർകാർഡ്   

ഒരു നിശ്ചിത തീയതി മുതൽ ഇന്ത്യക്കാരുടെ കാർഡ് വിവരങ്ങൾ ഗ്ലോബൽ സെർവറുകളിൽ നിന്ന് മായ്ക്കാൻ ആരംഭിക്കുമെന്ന് ആഗോള കാർഡ് പേയ്മെന്റ്സ് കമ്പനിയായ മാസ്റ്റർകാർഡ് ആർബിഐയെ അറിയിച്ചു. എന്നാൽ ഇത് ദീർഘകാലത്തിൽ കാർഡ് വിവരങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.

മാസ്റ്റർകാർഡ് ഇന്ത്യ വിഭാഗം മേധാവി പൊരുഷ് സിംഗ് പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഇക്കാര്യം. "മാസ്റ്റർകാർഡിന് 200 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. പക്ഷെ എവിടെയും ഗ്ലോബൽ സെർവറുകളിൽ നിന്ന് ഡേറ്റ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല," അദ്ദേഹം പറഞ്ഞു.

ഏപ്രിലിൽ ആർബിഐ പ്രഖ്യാപിച്ച പുതിയ ഡേറ്റ ലോക്കലൈസേഷൻ നയപ്രകാരം എല്ലാ പേയ്മെന്റ് കമ്പനികളും കാർഡ് ഇടപാടുകാരുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം. ഒക്ടോബർ 16 മുതൽ ഇത് നിലവിൽ വന്നു.

ഒക്ടോബർ 6 മുതലുള്ള ഇടപാട് വിവരങ്ങൾ മാസ്റ്റർകാർഡിന്റെ പുണെ കേന്ദ്രത്തിലാണ് സ്റ്റോർ ചെയ്യുന്നത്.

"ഇന്ത്യക്കാരുടെ കാർഡ് വിവരങ്ങളും ഇടപാടിന്റെ വിശദാംശങ്ങളും ഇന്ത്യയിൽത്തന്നെ സൂക്ഷിക്കും. വേറെ എങ്ങും ഇത് ലഭ്യമായിരിക്കില്ല. എന്നാൽ ഇതുമൂലം ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കളും ഞങ്ങൾ ആർബിഐയെ അറിയിച്ചിട്ടുണ്ട്," സിംഗ് പറഞ്ഞു. സെർവറുകളിൽ നിന്ന് ഡേറ്റ ഡിലീറ്റ് ചെയ്യുക എന്നത് ഒരു ബട്ടൺ പ്രസ് ചെയ്യുന്നപോലെ എളുപ്പമുള്ള കാര്യമല്ല, അതിന് നിരവധി നടപടിക്രമങ്ങൾ പിന്തുടരേണ്ടതുണ്ടെന്നും സിംഗ് ചൂണ്ടിക്കാട്ടി. ഇതിനായി ആർബിഐയുടെ മറുപടി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it