സ്വകാര്യ ബാങ്കുകളുടെ പ്രമോട്ടര്‍ ഹോള്‍ഡിംഗ് ആര്‍ബിഐ ഉയര്‍ത്തിയേക്കും

സ്വകാര്യ വായ്പാദാതാക്കളുടെ പ്രമോട്ടര്‍ ഓഹരി വിഹിതം 15 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. പുതുക്കിയ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഈ പരിധി ഉയര്‍ത്തല്‍ എന്ന് ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമോട്ടര്‍മാരുടെ വോട്ടിംഗ് അവകാശം 15-20 ശതമാനമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റിസര്‍വ് ബാങ്ക് ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. പുതിയ ലൈസന്‍സിംഗ് നിയമം ആസൂത്രണം ചെയ്ത് വരികയായിരുന്നെങ്കിലും കോവിഡ് മൂലമുണ്ടായ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതില്‍ താമസമുണ്ടാകുകയായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ആര്‍ബിഐയുടെ നിയമമനുസരിച്ച് ബാങ്കിംഗ് ലൈസന്‍സ് ലഭിച്ച് ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രമോട്ടര്‍മാര്‍ അവരുടെ ഷെയര്‍ഹോള്‍ഡിംഗ് 40 ശതമാനമാക്കി കുറയ്ക്കണം. 10 വര്‍ഷമാകുമ്പോള്‍ ഇത് 20 ശതമാനവും 15 വര്‍ഷത്തിനുള്ളില്‍ ഇത് 15 ശതമാനവുമാക്കണം.
ജനുവരിയില്‍ റിസര്‍വ് ബാങ്ക് കോട്ടക് മഹീന്ദ്ര ബാങ്കിനു വേണ്ടി ഈ നിയമം ഇളവ് ചെയ്തിരുന്നു. പ്രമോട്ടര്‍മാരുടെ ഷെയര്‍ ഹോള്‍ഡിംഗ് 20 ശതമാനവും വോട്ടിംഗ് അവകാശം 15 ശതമാനവുമാക്കിയിരുന്നു. 2015 ല്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ച ബന്ധന്‍ ബാങ്ക്, പ്രമോട്ടര്‍ ഹോള്‍ഡിംഗിന്റെ കാര്യത്തില്‍ നിയമം പാലിക്കാതിരുന്നതിനാല്‍ 2018 സെപ്റ്റംബറില്‍ പുതിയ ശാഖകള്‍ തുറക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പിന്നീട് 2020 ല്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കുകയും പുതിയ ശാഖകള്‍ തുറക്കാന്‍ ബന്ധന്‍ ബാങ്കിന് അനുമതി നല്‍കുകയും ചെയ്തു.നിലവില്‍ ബന്ധന്‍ ബാങ്കിന്റെ പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 61 ശതമാനം ഷെയറുകളുണ്ട്.
പ്രമോട്ടര്‍മാരുടെ ഷെയര്‍ ഹോള്‍ഡിംഗ് ഉയര്‍ത്തി നിര്‍ത്തുന്നത് കമ്പനിയോട് വൈകാരികമായ അടുപ്പം നിലനിര്‍ത്താനും കമ്പനിയുടെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാനും പ്രമോട്ടര്‍മാരെ പ്രേരിപ്പിക്കുമെന്ന വാദം യെസ് ബാങ്ക് പ്രതിസന്ധിയുടെ സമയത്ത് ഉയര്‍ന്നു വന്നിരുന്നു. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടുള്ള നടപടിയാണ് ഇപ്പോള്‍ ആര്‍ബിഐയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline