പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വീണ്ടും കുറയ്ക്കുമെന്നു സൂചന

റിസര്‍വ് ബാങ്ക് ഈ ഡിസംബറില്‍ ആറാം തവണയും പലിശനിരക്ക് കുറച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍. എന്നാല്‍, നിരക്ക് കുറച്ചതുകൊണ്ട് സമ്പദ്‌വ്യവസ്ഥയില്‍ വലിയ മുന്നേറ്റം ഉണ്ടാകില്ലെന്ന അഭിപ്രായമാണ് അവരില്‍ മിക്കവര്‍ക്കുമുള്ളത്.
പലിശനിരക്കിലെ കുറവുകള്‍ സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തുകയോ ഗണ്യമായി സ്വാധീനിക്കുകയോ ചെയ്യില്ലെന്ന് മുമ്പും റോയിട്ടേഴ്സ് വോട്ടെടുപ്പില്‍ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ റിസര്‍വ് ബാങ്ക് ഈ വര്‍ഷം നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ച് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്.രാജ്യത്ത് മിക്ക ഉപഭോഗ വസ്തുക്കള്‍ക്കും വന്‍ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ വിപണിയില്‍ പണ ലഭ്യത ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്.
ഡിസംബര്‍ അഞ്ചിന് നടക്കുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാന്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ഫെബ്രുവരിയില്‍ 15 പോയിന്റിന്റെ കുറവും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.
ഡിസംബറിലെ പണനയ അവലോകന യോഗം കഴിയുന്നതോടെ റിപ്പോ നിരക്ക് 4.90 ശതമാനത്തിലേക്കും ഫെബ്രുവരിയോടെ നിരക്ക് 4.75 ശതമാനത്തിലേക്കും താഴ്‌ന്നേക്കുമെന്നാണ് കണക്കാക്കുന്നത്.
സമീപഭാവിയില്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെടില്ലെന്ന അഭിപ്രായമാണ് അടുത്ത കാലത്തെ മിക്ക ബിസിനസ്സ് സര്‍വേകളിലുമെന്നതുപോലെതന്നെ റോയിട്ടേഴ്‌സ് സര്‍വേയില്‍ പങ്കെടുത്ത മിക്ക വിദഗ്ധരും രേഖപ്പെടുത്തിയത്. കുറഞ്ഞ വായ്പ നിരക്കിന്റെ ഫലമായി അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് റബോബാങ്കിലെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഹ്യൂഗോ എര്‍ക്കന്‍ പറഞ്ഞു. തൊഴില്‍ വിപണിയിലെ തീവ്ര പ്രശ്‌നങ്ങളും ഭവന വിപണിയിലെ മാന്ദ്യവും മറ്റും പരിഹരിക്കുന്നതിനുള്ള സാമ്പത്തിക പാക്കേജ് രൂപീകരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ മാത്രമേ ഇന്ത്യ വളര്‍ച്ചയുടെ പാതയിലേക്കു വരികയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline