ജനകീയതയോടെ 'യോനോ'; സാങ്കേതിക മുന്നേറ്റത്തിന്റെ തുടര്‍ വഴിയില്‍ എസ്ബിഐ

ഡെബിറ്റ് കാര്‍ഡ് മാറ്റിവച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ 'യോനോ' ഉപയോഗിക്കുന്ന എസ്ബിഐ ഉപയോക്താക്കളുടെ എണ്ണം ക്രമേണ കൂടി വരുന്നു. ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കി പണമിടപാടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി നടത്തുകയാണ് എസ്ബിഐ യുടെ ലക്ഷ്യമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ അക്കൗണ്ടുകള്‍ തുടങ്ങാനും ഇടപാടുകള്‍ നടത്താനുമായി അവതരിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് 'യോനോ'. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും 'യോനോ ക്യാഷ് പോയിന്റ്‌സ്' വെബ്‌സൈറ്റ് വഴി പണമിടപാടുകള്‍ നടത്താനാകും.
ഇപ്പോള്‍ രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്ന് കോടി ക്രെഡിറ്റ് കാര്‍ഡുകളുമുണ്ട്. ഇതിനോടകം തന്നെ 68,000 'യോനോ ക്യാഷ് പോയിന്റുകള്‍' എസ്ബിഐ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത 18 മാസത്തിനകം ഇത് ഒരു ദശലക്ഷമായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ന്യൂ ജനറേഷന്‍ ബാങ്കുകളുടെയൊപ്പമോ മുന്നിലോ ആയി നൂതന സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുള്ള മുന്നേറ്റമാണ് എസ്ബിഐ തുടരുന്നതെന്ന് ചീഫ് ടെക്‌നോളജി ഓഫീസര്‍ അമോല്‍ പൈ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അമോല്‍ പൈ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സിടിഒ ആയി ചേര്‍ന്നത്.ബാങ്കിന്റെ സിടിഒ എന്ന നിലയില്‍ പൈ ആദ്യമായി ഊന്നല്‍ നല്കിയത് യോനോ ആപ്ലിക്കേഷന്‍ ശക്തിപ്പെടുത്തുന്നതിലാണ്.
രാജ്യത്തെ മറ്റെല്ലാ ബാങ്കുകളേക്കാളും എസ്ബിഐ വളരെ വ്യത്യസ്തമാണെന്ന് അമോല്‍ പൈ ചൂണ്ടിക്കാട്ടി. ഇന്ത്യയിലുടനീളം ബാങ്കിന് സാന്നിധ്യമുള്ളതിനാല്‍, വിവിധ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോഴെല്ലാം തങ്ങള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സങ്കീര്‍ണ്ണത കൈകാര്യം ചെയ്യേണ്ടിവരുന്നു. കാരണം, എല്ലാ വിഭാഗങ്ങളിലുമുള്ള വൈവിധ്യ സ്വഭാവമാര്‍ന്ന ആളുകളെ പരിഗണിക്കേണ്ടതുണ്ട് - അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ് എന്നിവയുടെ പിന്തുണയോടെയാണ് ആവര്‍ത്തിച്ചുള്ള രൂപകല്‍പ്പന നടക്കുന്നത്.ഡാറ്റയുടെ വിപുലമായ അളവും ഡാറ്റാ ഉറവിടങ്ങളുടെ ദ്രുതഗതിയിലുള്ള പരിണാമവും കാരണം ഡിജിറ്റലൈസേഷന്റെ സങ്കീര്‍ണ്ണതകളെ അഭിസംബോധന ചെയ്യുകയെന്നത് തുടര്‍ച്ചയായ വെല്ലുവിളി തന്നെയാണ്.
അടുത്ത വര്‍ഷത്തേക്ക് മുന്‍ഗണനാ പട്ടികയുണ്ടാക്കുന്നതില്‍ പൈ വ്യാപൃതനായിരുന്നപ്പോഴാണ് മാര്‍ച്ചില്‍ കൊറാണാ മഹാമാരി എത്തിയത്. അതോടെ കാര്യങ്ങള്‍ പെട്ടെന്നു തകിടം മറിഞ്ഞു.'ആളുകള്‍ക്ക് എവിടെയായിരുന്നാലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങള്‍ക്ക് വളരെ പ്രധാനമായിരുന്നു'- പൈ പറഞ്ഞു. ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഓഫീസുകളില്‍ എത്താന്‍ കഴിയാത്ത ഒരു സാഹചര്യം നേരത്തെ ഉണ്ടായിട്ടില്ലാത്തതിനാല്‍ ഇത്തരം വേളകളില്‍ സ്വീകരിക്കേണ്ട മാതൃക അജ്ഞാതമായിരുന്നു.അതേസമയം, ഇടപാടുകള്‍ സുഗമമായി നടത്താന്‍ ഉപയോക്താക്കള്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിന്റെ മുന്‍ഗണനയായി. അത് ഉറപ്പാക്കുന്നതിന്, പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജമാക്കി. ടീമുകളെ ടീം എ, ടീം ബി എന്നിങ്ങനെ വിഭജിച്ചു, സാധ്യമാകുന്നിടത്തെല്ലാം ടീം സി യും സൃഷ്ടിക്കപ്പെട്ടു.
ടീം എ, ടീം ബി എന്നിവ പരസ്പരം കൂടിച്ചേരുന്നില്ലെന്നും ഏത് സമയത്തും രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഉറപ്പാക്കി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടര്‍ച്ച ഉറപ്പാക്കാന്‍ ഇങ്ങനെ സാധ്യമായി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ സമയത്ത്, എല്ലാവര്‍ക്കും അവശ്യ സേവനങ്ങള്‍ നല്‍കി. ഇക്കാരണത്താല്‍ ആളുകള്‍ എസ്ബിഐയെ വളരെയധികം വിശ്വസിക്കുന്നു, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ശാഖകള്‍ തുറന്നിരിക്കുമെന്ന് അവര്‍ക്കറിയാം.
വാട്ട്‌സാപ്പില്‍ ഉള്‍പ്പെടെ സന്ദേശം നല്‍കിയാല്‍ ഉപഭോക്താവിന്റെ സൗകര്യാര്‍ത്ഥം എ.ടി.എം വാന്‍ വീടിനു മുന്നിലെത്തിക്കുന്ന എസ്ബിഐ പദ്ധതിക്കു തുടക്കമായി. ലക്‌നോവില്‍ ഇതിനകം സീനിയര്‍ സിറ്റിസണ്‍ ഉപഭോക്താക്കള്‍ക്കായി ആരംഭിച്ച പദ്ധതി ക്രമേണ രാജ്യവ്യാപകമാക്കും.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എസ്ബിഐ തുടക്കമിട്ട ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയ്ക്ക് കോവിഡ് -19 വന്നതോടെ ചില ഗതിമാറ്റങ്ങളും പരിഷ്്കരണങ്ങളും അനിവാര്യമായി.എസ്ബിഐ കോവിഡ് കാലം നീണ്ടതോടെ വര്‍ക്ക് ഫ്രം ഹോം നയം പരിഷ്‌കരിച്ച് എവിടെ നിന്നും പ്രവര്‍ത്തിക്കാവുന്ന വര്‍ക്ക് ഫ്രം എനിവെയര്‍ (ഡബ്ല്യുഎഫ്എ) പ്രഖ്യാപിച്ചു.'വരും മാസങ്ങളില്‍ ഡബ്ല്യുഎഫ്എയ്ക്കായി ധാരാളം ടീമുകള്‍ പ്രാപ്തമാകും. മാത്രമല്ല ഇതിനുള്ള നയവും യാഥാര്‍ത്ഥ്യമാകും.
രാജ്യത്തുടനീളം 24,000 ശാഖകളും 60,000 എടിഎമ്മുകളും ഉള്ള എസ്ബിഐ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. നഗര, അര്‍ദ്ധ-നഗര പ്രദേശങ്ങളിലേക്ക് പരിമിതപ്പെടുത്താതെ ഗ്രാമീണ മേഖലകളിലെല്ലാം മികച്ച നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി ഉറപ്പാക്കേണ്ടുണ്ട്.വിദൂര മലയോര പ്രദേശങ്ങളില്‍ ഇതിനായി വിസാറ്റുകള്‍ (വളരെ ചെറിയ അപ്പര്‍ച്ചര്‍ ടെര്‍മിനല്‍) ഉപയോഗിക്കുന്നു. ഇതു കൂടി മുന്നില്‍ കണ്ടാണ് ബാങ്കിംഗ് അപ്ലിക്കേഷനുകള്‍ ഒരുക്കുന്നത്. ഉപയോക്താക്കള്‍ എവിടെയായിരുന്നാലും സേവനങ്ങള്‍ എത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ബാങ്കിനെ സഹായിക്കുന്നു. ഓരോ ബ്രാഞ്ചിനും രണ്ട് വ്യത്യസ്ത സേവന ദാതാക്കളില്‍ നിന്ന് രണ്ട് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കുന്നു. ഒരു ലൈനില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ബാക്കപ്പ് ലൈന്‍ എല്ലായ്‌പ്പോഴും ലഭ്യമാണ്. കണക്റ്റിവിറ്റി പ്രശ്നം മറികടക്കാന്‍ ഇങ്ങനെ കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline