മിനിമം ബാലന്‍സ്: പിഴ ഒഴിവാക്കി എസ്ബിഐ

ബാലന്‍സ് മെച്ചമെങ്കില്‍ എടിഎം പല തവണ സൗജന്യമായി ഉപയോഗിക്കാം

SBI says ,no minimum balance penalty
-Ad-

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി  പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചുമത്തിയിരുന്ന പിഴ ഒഴിവാക്കി. എസ്എംഎസ് ചാര്‍ജ്ജും ഈടാക്കില്ല.ഇന്‍ര്‍നെറ്റ് ബാങ്കിംഗും ചെക്ക് ബുക്ക് സൗകര്യവുമുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ഇതു ബാധകമാണെന്ന് ട്വിറ്റിലൂടെ ബാങ്ക് അറിയിച്ചു.

എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉയര്‍ന്ന ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉയര്‍ത്തുമെന്ന തീരുമാനവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത തുകയില്‍ കൂടുതല്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പ്രതിമാസം കൂടുതല്‍ തവണ സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സേവിങ്സ് അക്കൗണ്ടില്‍ ഉള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചേക്കും.

എസ്ബിഐയുടെ 44 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പ്രയോജനകരമാകും ഈ തീരുമാനങ്ങള്‍. പ്രതിമാസം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് അഞ്ചു രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയുമാണ് എസ്ബിഐ ഇതുവരെ  ഈടാക്കിയിരുന്നത്. മെട്രോ, സെമി അര്‍ബന്‍, ഗ്രാമം എന്നിങ്ങനെ മൂന്നായി തിരിച്ച് മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നു.

-Ad-

മെട്രോയില്‍ 3000 രൂപ മിനിമം ബാലന്‍സായി നിലനിര്‍ത്തണമായിരുന്നു. സെമി അര്‍ബന്‍ മേഖലയിലും  ഗ്രാമീണ മേഖലയിലും യഥാക്രമം 2000, 1000 എന്നിങ്ങനെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിബന്ധനയുണ്ടായിരുന്നു.ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.പലരും അക്കൗണ്ട് ഉപേക്ഷിച്ചതായും ബാങ്ക് മനസിലാക്കി.  ഈ സാഹചര്യത്തിലാണ് പിഴ ഈടാക്കേണ്ടതില്ല എന്ന തീരുമാനം.മറ്റു ബാങ്കുകളും ഇത്തരത്തിലുള്ള ഇളവുകള്‍ നടപ്പാക്കുമെന്നാണ് സൂചന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here