ചെയര്‍മാന്‍, എം.ഡി തസ്തിക വിഭജനം മരവിപ്പിച്ച് സെബി

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ മാനേജിങ് ഡയറക്ടര്‍ തസ്തികള്‍ വിഭജിക്കുന്നതിന് സമയം ദീര്‍ഘിപ്പ് നല്‍കി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. 2020 ഏപ്രില്‍ ഒന്നിന് നിര്‍ബന്ധമാക്കാനിരുന്ന നിയമം 2022 ഏപ്രില്‍ ഒന്നിലേക്കാണ് ദീര്‍ഘിപ്പിച്ച് നല്‍കിയത്. നേരത്തെ ഇറക്കിയ ഉത്തരവ് മരവിപ്പിക്കാനുള്ള കാരണം പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

ഏപ്രില്‍ ഒന്ന് മുതല്‍ ചെയര്‍മാന്‍ ,മാനേജിങ് ഡയറക്ടര്‍ അല്ലെങ്കില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികകള്‍ വേര്‍പ്പെടുത്തണമെന്നായിരുന്നു സെബിയുടെ നിര്‍ദേശം.പല കമ്പനികളും ചട്ടം നടപ്പാക്കാന്‍ വിമുഖത കാണിച്ചിരുന്നു. ഓഹരി വിപണിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ലിസ്റ്റ് ചെയ്തതില്‍ മുന്‍നിരയിലുള്ള അഞ്ഞൂറ് കമ്പനികളില്‍ പകുതിയോളം ഈ നിയമം നടപ്പാക്കിയിട്ടില്ല. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഇവര്‍ ആവശ്യം ഉന്നയിച്ചിരുന്നു.

വ്യവസായികളുടെ സംഘടനയായ ഫിക്കി,സിഐഐ എന്നിവയും തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെബിയെ സമീപിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഉടനടി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനികള്‍ അറിയിച്ചത്. ഭൂരിഭാഗം കമ്പനികളും ചെയര്‍മാന്‍,മാനേജിങ് ഡയറക്ടര്‍ തസ്തികകള്‍ ലയിപ്പിച്ച് സിഎംഡി തസ്തികയാണ് നിലവിലുള്ളത്. ഇത് ബോര്‍ഡിലും മാനേജ്മെന്റിലെയും തീരുമാനങ്ങളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേറ്റ് ഭരണസംവിധാനം മെച്ചപ്പെടുത്താന്‍ വേണ്ടി ഇവ വേര്‍പ്പെടുത്താന്‍ സെബി ഉത്തരവ് ഇറക്കിയത്. മാനേജിങ് ഡയറക്ടര്‍,ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരുമായി ചെയര്‍മാന് നേരിട്ട് ബന്ധമുണ്ടാകരുതെന്നും സെബി വ്യക്തമാക്കിയിരുന്നു.

സെബി ഉത്തരവ് നടപ്പാക്കാക്കുന്നത് മരവിപ്പിച്ചതിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. ഈ നടപടി റെഗുലേറ്ററി ബോഡികളുടെ വിശ്വാസ്യതയെ ഇല്ലാതാക്കുമെന്ന് പ്രൈം ഡാറ്റാബേസ് സ്ഥാപക ചെയര്‍മാന്‍ ചാര്‍ട്ട് പൃഥ്വി ഹാല്‍ദിയ പറഞ്ഞു.സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം ഒരു ഒഴികഴിവായി ഉപയോഗിക്കുകയാണ്.തീരുമാനം നടപ്പാക്കാന്‍ കമ്പനികള്‍ക്ക് മതിയായ സമയമുണ്ടായിരുന്നു-എക്‌സലന്‍സ് എനേബിള്‍സ് ചെയര്‍പേഴ്സണ്‍ എം ദാമോദരന്‍ ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട കോര്‍പ്പറേറ്റ് ഭരണ രീതിയാണ് സെബി നടപ്പാക്കാന്‍ ഒരുങ്ങിയത്. ഒരു കമ്പനിയുടെ ചെയര്‍മാന്‍ ബോര്‍ഡിന്റെ തലവനാണ്. അതേസമയം എംഡി ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ളയാളെന്ന നിലയില്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യേണ്ടയാളാണ്. ചെയര്‍മാന്റെയും എംഡിയുടെയും റോളുകള്‍ വിഭജിക്കണമെന്നത് കമ്പനിയുടെയും ഓഹരിയുടമകളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വാഗതാര്‍ഹമായ നിര്‍ദ്ദേശമാണെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു. എന്നിരുന്നാലും, വ്യക്തികളെ ഈ റോളുകളിലേക്കു തിരഞ്ഞെടുക്കുന്നത് മെറിറ്റ് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it