സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമ്പത്തികേതര സബ്‌സിഡിയറി തുടങ്ങും

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ സാമ്പത്തികേതര സബ്‌സിഡിയറി സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സേവന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സബ്‌സിഡിയറി സ്ഥാപിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

റീട്ടെയ്ല്‍ ഫിനാന്‍സിംഗ്, ഇന്‍ഷുറന്‍സ്, പുനര്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ രംഗങ്ങള്‍ക്കായി സബ്‌സിഡിയറികളോ അസോസിയേറ്റ് കമ്പനികളോ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം കുറേക്കാലമായി എസ്ഐബിയുടെ പരിഗണനയിലുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ്, സ്റ്റോക്ക് ബ്രോക്കിംഗ്, പോര്ട്ട്‌ഫോളിയൊ മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെ നിരവധി ബിസിനസുകള്‍ക്കായി പ്രത്യേക സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി ബാങ്കിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍(എംഒഎ) മാറ്റം വരുത്താന്‍ ജൂണില്‍ നടന്ന ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നു.

വലിയ കോര്‍പ്പറേറ്റ് വായ്പകളുടെ പോര്‍ട്ട്ഫോളിയോ ചെറുതാക്കാനും എസ്എംഇ, റീട്ടെയില്‍ വായ്പകള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കാനും 2014 മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശ്രദ്ധ ചെലുത്തിയിരുന്നു. എംഎസ്എംഇ, അഗ്രികള്‍ച്ചര്‍, ഹോം, ഓട്ടോ സെക്ടര്‍ വായ്പകളുടെ കാര്യത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഐഎഫ്‌സി) നിന്ന് എസ്‌ഐബി ഉപദേശം തേടിവരുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മികച്ച നേട്ടം കൈവരിച്ചതിന്റെ അനുബന്ധമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നത്. അറ്റാദായത്തിലും പ്രവര്‍ത്തന ലാഭത്തിലും നേടിയ വര്‍ധനയ്ക്കു പുറമേ കിട്ടാക്കടത്തിന്റെ തോതു കുറയ്ക്കാനും ഈ കാലയളവില്‍ കഴിഞ്ഞിരുന്നു.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസ (ക്യു 1) ത്തിലെ അറ്റാദായം 11.45% വര്‍ധനയോടെ 81.65 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 73.26 കോടി മാത്രമായിരുന്നു അറ്റാദായം. 317 .63 കോടിയായിരുന്ന പ്രവര്‍ത്തന ലാഭം 27.09% വര്‍ധിച്ച് 403.68 കോടിയായി. ബിസിനസ് 2914 കോടിയുടെ വര്‍ധനയോടെ 1,48,288 കോടിയിലെത്തി. അറ്റ പലിശ വരുമാനത്തില്‍ 10 ശതമാനവും പലിശയേതര വരുമാനത്തില്‍ 57 ശതമാനവുമാണു വര്‍ധന. കിട്ടാക്കടം 3.09 ശതമാനമായി കുറഞ്ഞു. ആദായ രഹിത വായ്പ ഇനത്തിലുള്ള നീക്കിയിരുപ്പ് അനുപാതം 58.76 ശതമാനമായും മൂലധന പര്യാപ്തത അനുപാതം 13.49 ശതമാനമായും ഉയര്‍ത്തിയ സാഹചര്യത്തില്‍ ബാങ്കിന്റെ ലാഭക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പരമ്പരാഗത ദിശയില്‍ അനുയോജ്യ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണെന്ന് എംഡിയും ചീഫ് എക്സിക്യൂട്ടീവുമായ വി.ജി മാത്യു, കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള വിശകലന യോഗത്തില്‍ പറഞ്ഞിരുന്നു.

മോശം വായ്പാ പ്രശ്‌നത്തെ ഒരു പരിധിവരെ അഭിസംബോധന ചെയ്യാന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞെങ്കിലും മൊത്തം എന്‍പിഎ 4.93 ശതമാനവും നെറ്റ് എന്‍പിഎ 3.09 ശതമാനവുമാണ് ഇപ്പോഴും. ഓഹരിവിലയും താഴ്ന്ന നിലയിലാണ്. മൂന്ന് വര്‍ഷം വീതമുള്ള രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷം സെപ്റ്റംബര്‍ 30 ന് വി.ജി മാത്യു സ്ഥാനമൊഴിയുകയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമി ഐസിഐസിഐ ബാങ്കില്‍ നിന്നുള്ള ഒരു പ്രമുഖ ബാങ്കര്‍ ആയിരിക്കുമെന്ന് 'ബിസിനസ്‌ഡെഞ്ച്മാര്‍ക്ക് ഡോട്ട് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it