കോവിഡ് കാലത്ത് ക്രെഡിറ്റ് കാര്‍ഡില്‍ ആശ്വാസം കൊള്ളണ്ട; പരിധി കുറച്ച് ബാങ്കുകള്‍

ലോക്ക് ഡൗണ്‍ കഴിഞ്ഞ് കാര്യങ്ങള്‍ സാധാരണ നിലയിലെത്തും വരെ ക്രെഡിറ്റ് കാര്‍ഡിനെയും പേഴ്‌സണല്‍ ലോണിനെയും ഒക്കെ ആശ്രയിക്കാമെന്ന് കരുതുന്നുണ്ടോ? എന്നാല്‍ ഈ ആഗ്രഹത്തിനു മേല്‍ ബാങ്കുകള്‍ പിടിമുറുക്കി കഴിഞ്ഞു. കൈയില്‍ പണമില്ലാതാകുമ്പോള്‍ ജനങ്ങള്‍ എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡിനെയും പേഴ്‌സണല്‍ ലോണിനെയും ആശ്രയിക്കുമെന്ന് വ്യക്തമായറിയുന്ന ബാങ്കുകള്‍ ഇതിന്റെ രണ്ടിന്റെയും പരിധി കുറയ്ക്കുകയാണ്. അതോടൊപ്പം ചെറുകിട, ഇടത്തരം സംരംഭകരുടെ വായ്പാ പരിധിയും കുറയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ പലതും അവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉടമകളില്‍ പതിനായിരക്കണക്കിനാളുകളുടെ ക്രെഡിറ്റ് പരിധിയില്‍ 30 മുതല്‍ 90 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

ഇടപാടുകാരുടെ വായ്പാ എടുക്കല്‍ ശേഷി വിലയിരുത്തിക്കൊണ്ടുള്ള സാധാരണമായ നടപടിക്രമം മാത്രമാണിതെന്നാണ് പല ബാങ്ക് വൃത്തങ്ങളും പ്രതികരിക്കുന്നത്. എന്നാല്‍ കോവിഡ് കാലത്തെ കടമെടുപ്പിനെ ബാങ്കുകള്‍ ജാഗ്രതയോടെ തന്നെയാണ് നോക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. മതിയായ ഈടില്ലാതെ എടുക്കുന്ന വായ്പകളുടെ തിരിച്ചടവില്‍ വന്‍തോതില്‍ കുറവ് വരാനിടയുണ്ട്. അതോടെ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് മോശമാകും. ഇത് മുന്നില്‍ കണ്ട് അണ്‍ സെക്യൂവേര്‍ഡ് വായ്പകളില്‍ കര്‍ശന നിയന്ത്രണങ്ങളാകും ബാങ്കുകള്‍ ഇനി കൊണ്ടുവരുക. അതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഔട്ട്‌സ്റ്റാന്‍ഡിംഗ് റെക്കോര്‍ഡ് ഉയരത്തില്‍

അതിനിടെ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച് ഫെബ്രുവരി അവസാനം തന്നെ ക്രെഡിറ്റ് കാര്‍ഡിലെ ഔട്ട്സ്റ്റാന്‍ഡിംഗ് 1.1 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി തട്ടിച്ചു നോക്കുമ്പോള്‍ 26 ശതമാനം കൂടുതലാണിത്.

ജനുവരി അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 5.6 കോടി സജീവ ക്രെഡിറ്റ് കാര്‍ഡ് ഉടമകളാണുള്ളത്.

കച്ചവടക്കാര്‍ നല്‍കുന്ന വായ്പകളും കടകളിലെ പോയ്ന്റ് ഓഫ് സെയ്ല്‍സില്‍ കാര്‍ഡ് സൈ്വപ്പിംഗ് വഴിയുള്ള പേയ്‌മെന്റിന് അനുസൃതമായി നല്‍കുന്ന മെര്‍ച്ചന്റ് എന്റര്‍പ്രൈസ് ഓവര്‍ഡ്രാഫ്റ്റിലും ബാങ്കുകള്‍ കുറവ് വരുത്തിയിട്ടുണ്ട്.

കോവിഡ് കാലത്തും കച്ചവടം തടസ്സപ്പെടാത്ത പലചരക്ക്, ഫാര്‍മസി, ഡയറി രംഗത്തുമാത്രമാണ് ഇപ്പോള്‍ വായ്പകള്‍ നല്‍കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it