മോറട്ടോറിയം നീട്ടരുതെന്ന് ദീപക് പരേഖ്; പ്രതികരണം മാറ്റിവച്ച് ശക്തികാന്ത ദാസ്

പണം ഉള്ളവരും വായ്പാ തിരിച്ചടവ് മാറ്റിവയ്ക്കുന്നു

RBI Governor highlights five key areas that will determine India's growth in the post-COVID world
-Ad-

മോറട്ടോറിയത്തിന്റെ കാലാവധി ഇനിയും നീട്ടി നല്‍കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്ന എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖിന്റെ നിരീക്ഷണത്തോടു വിയോജിപ്പു പ്രകടിപ്പാക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വ്യവസായ കുട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നടത്തിയ ഓണ്‍ലൈന്‍ സെഷനില്‍ ആണ് എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ മോറട്ടോറിയം നീട്ടരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെട്ടത്.

പണം ഉള്ളവരും മോറട്ടോറിയത്തിന്റെ മറവില്‍ വായ്പാ തിരിച്ചടവ് മാറ്റിവയ്ക്കുന്ന ദുരവസ്ഥ ദീപക് പരേഖ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തി. താന്‍ ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നും ആയിരുന്നു ശക്തികാന്ത ദാസിന്റെ മറുപടി.കോവിഡ് 19 മഹാമാരി മൂലം പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്കല്ലാതെ വ്യക്തികള്‍ക്ക് വായ്പ മൊറട്ടോറിയം നീട്ടാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം നടന്ന സിഐഐ സെഷനില്‍ ആണ് പരേഖ്  തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്, അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ തോതിലുള്ള നിക്ഷേപം ത്വരിതപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ഇതില്‍ സ്വകാര്യ മേഖലയും ഒരു പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്.സമീപകാല കാര്‍ഷിക പരിഷ്‌കാരങ്ങള്‍ പുതിയ അവസരങ്ങള്‍ തുറന്നുവെന്നും കാര്‍ഷിക മേഖല കൂടുതല്‍ ശോഭയോടെ വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.കാര്‍ഷിക വരുമാനം സ്ഥിരമായി വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് പുതിയ നയങ്ങള്‍ അത്യാവശ്യമാണ്.

-Ad-

മെച്ചപ്പെട്ട സാമ്പത്തിക ക്ഷേമത്തിനായി ആഗോള മൂല്യ ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. കാര്യക്ഷമമായ വിതരണശൃംഖലയ്ക്ക് സാമ്പത്തിക ക്ഷേമം വര്‍ധിപ്പിക്കാന്‍ കഴിയും. വിതരണശൃംഖലയില്‍ മുന്നോട്ടും പിന്നോട്ടും ബന്ധമുളള മേഖലകളിലെ നിക്ഷേപത്തിലൂടെ ഉല്‍പാദനവും വരുമാനവും തൊഴിലവസരങ്ങളും ഉയരും- അദ്ദേഹം വ്യക്തമാക്കി. വിദേശ വിനിമയ നിരക്കിലെ  അനാവശ്യമായ ചാഞ്ചാട്ടങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

ആഗോള മൂല്യശൃംഖലയുടെ ഭാഗമാകാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ശരിയായ സമയമാണിത്. ഉല്‍പാദനക്ഷമതയിലും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആഗോള മൂല്യശൃംഖലയുടെ വിഹിതത്തില്‍ 1 ശതമാനം വര്‍ധനവുണ്ടാകുന്നതിലൂടെ  രാജ്യത്തെ ആളോഹരി വരുമാനം 1 ശതമാനത്തിലധികം ഉയരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറുകള്‍ നേരത്തേ പൂര്‍ത്തിയാക്കുന്നതിലൂടെ കൂടുതല്‍ തന്ത്രപരമായ വ്യാപാര സംയോജനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും അത്യാവശ്യമാണ്. മറ്റ് വികസ്വര സമ്പദ്വ്യവസ്ഥകളില്‍ നിന്ന് കടുത്ത മത്സരമാണ് അതിവേഗം ഉയര്‍ന്നുവരുന്നത്. തൊഴില്‍ പെര്‍മിറ്റുകളും ഇമിഗ്രേഷന്‍ നയങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, സ്വകാര്യത, ഡാറ്റ സുരക്ഷ എന്നിവയുളവാക്കുന്ന ആശങ്കകളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ക്കാകും വായ്പ തിരിച്ചടവ് കാലാവധി നീട്ടിനല്‍കുന്നതെന്ന് സൂചനകള്‍ പുറത്തുവന്നെങ്കിലും  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അതേപ്പറ്റി മൗനം പുലര്‍ത്തിയതേയുള്ളൂ.  വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മോറട്ടോറിയം പ്രോയജനപ്പെടുത്തിയവരുടെ കണക്കുകള്‍, അതുമൂലം വായ്പാദാതാക്കള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലയിരുത്തിയാകും തീരുമാനം.ഓഗസ്റ്റ് നാലിനു ചേരുന്ന ആര്‍ബിഐ ധന നയ അവലോകന സമിതി ഇക്കാര്യങ്ങള്‍ പരിഗണിച്ചേക്കും.

രണ്ടു ഘട്ടമായി ഓഗസ്റ്റ് 31വരെ ആറുമാസത്തേക്കാണ് റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ നല്‍കിയ വായ്പകളിന്മേലാണ് മാര്‍ച്ച്-ജൂണ്‍ കാലയളവില്‍ കൂടുതല്‍പേരും മോറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 59ശതമാനം. ബാങ്കുകളില്‍ ഇത് 29ശതമാനം മാത്രമാണ്.ബാങ്കിതര ധനകാര്യസ്ഥാപനങ്ങളില്‍ മഹീന്ദ്ര ഫിനാന്‍സില്‍ 75 ശതമാനം വായ്പകള്‍ക്കും മോറട്ടോറിയമെടുത്തു. ശ്രീരാം ട്രാന്‍സ്പോര്‍ട്ട്(70%), പിഎന്‍ബി ഹൗസിങ്(56%), ബജാജ് ഫിനാന്‍സ്(27%), എച്ച്ഡിഎഫ്സി(26%), എല്‍ഐസി ഹൗസിങ്(25%)  എന്നിങ്ങനെയും.   ബാങ്കുകളില്‍ ബാങ്ക് ഓഫ് ബറോഡയില്‍നിന്നുള്ള വായ്പകളിന്മേലാണ് കൂടുതല്‍ പേര്‍ മോറട്ടോറിയമെടുത്തിട്ടുള്ളത്. 55ശതമാനം. ഐസിഐസിഐ ബാങ്ക്(30%), ആക്സിസ് ബാങ്ക്(26.5%), പിഎന്‍ബി(22%), എസ്ബിഐ(21.8%) എന്നിങ്ങനെയാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതിന്റെ കണക്ക്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here