1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍ ഒരുക്കും, അവസരങ്ങളില്‍ മുന്നേറാന്‍ ബിപിസിഎല്‍

നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിച്ചതോടെ അവസരങ്ങളില്‍ മുന്നേറാന്‍ പദ്ധതിയുമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ ആയിരം ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളൊരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിപിസിഎല്‍ പദ്ധതിയിടുന്നത്. ചെയര്‍മാന്‍ അരുണ്‍ കുമാര്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 44 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ബിപിസിഎല്ലിന് കീഴിലുള്ളത്.

കൂടാതെ, തങ്ങളുടെ മൂന്നിലൊന്ന് ഔട്ട്‌ലെറ്റുകളിലും ഇലക്ട്രിക്, ഹൈഡ്രജന്‍, സിഎന്‍ജി തുടങ്ങിയവ ലഭ്യമാക്കി ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ഇന്ധന ഓപ്ഷനുകള്‍ ലഭ്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ''പെട്രോള്‍, ഡീസല്‍, ഫ്‌ളെക്‌സി ഇന്ധനങ്ങള്‍, ഇവി ചാര്‍ജിംഗ് സൗകര്യം, സിഎന്‍ജി, ഹൈഡ്രജന്‍ എന്നിങ്ങനെ ഒന്നിലധികം ഇന്ധന ഓപ്ഷനുകള്‍ നല്‍കുന്ന 7,000 പരമ്പരാഗത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളെ എനര്‍ജി സ്റ്റേഷനുകളാക്കി മാറ്റി ഇലക്ട്രിക് മൊബിലിറ്റിയെ പിന്തുണയ്ക്കാന്‍ തങ്ങളുടെ ശൃംഖല പ്രയോജനപ്പെടുത്തും'' അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 മെഗാവാട്ടിന്റെ റിന്യൂവബ്ള്‍ പവര്‍ പോര്‍ട്ട്ഫോളിയോയ്ക്കായി 5,000 കോടി ചെലവഴിക്കാനും ബിപിസിഎല്‍ പദ്ധതിയിടുന്നുണ്ട്. നിലവില്‍ 45 മെഗാവാട്ട് റിന്യൂവബ്ള്‍ എനര്‍ജി ശേഷിയാണ് ബിപിസിഎല്ലിന് കീഴിലുള്ളത്. ബയോഫ്യുവലില്‍ 7,000 കോടി രൂപ നിക്ഷേപിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റൊരു ഇന്ധന റീട്ടെയിലര്‍ ആയ എച്ച്പിസിഎല്‍, അടുത്തിടെ നിലവിലുള്ള പമ്പുകളില്‍ 5,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു.


Related Articles
Next Story
Videos
Share it