വിപണിവിഹിതം ഇരട്ടിയിലധികമായി കൂട്ടാന്‍ ബി.എസ്.എന്‍.എല്‍; 5ജിയും വൈകില്ല

4ജി സൗകര്യം അവതരിപ്പിക്കുന്നതിന്റെ കരുത്തില്‍ ഈ വര്‍ഷം അവസാനത്തോടെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലെ വിപണിവിഹിതം 20 ശതമാനത്തിലേക്ക് ഉയര്‍ത്താനാകുമെന്ന് പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിന്റെ പ്രതീക്ഷ.

നിലവില്‍ 8.08 ശതമാനം വിപണിവിഹിതമേ ബി.എസ്.എന്‍.എല്ലിനുള്ളൂ. ആകെ മൊബൈല്‍ വരിക്കാര്‍ 9.28 കോടി രൂപയും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (Trai) പുറത്തുവിട്ട ഒക്ടോബര്‍ വരെയുള്ള കണക്കുപ്രകാരമാണിത്.
ഒക്ടോബര്‍ വരെയുള്ള 22 മാസക്കാലം പരിഗണിച്ചാല്‍ ബി.എസ്.എന്‍.എല്ലിന് തുടര്‍ച്ചയായി ഉപയോക്താക്കളെ നഷ്ടപ്പെടുന്നെന്ന കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. നിലവില്‍ 39.3 ശതമാനം വിഹിതവുമായി റിലയന്‍സ് ജിയോയാണ് വിപണിയിലെ ഏറ്റവും വലിയ കമ്പനി. 32.85 ശതമനാവുമായി ഭാരതി എയര്‍ടെല്‍ രണ്ടാമതും 19.6 ശതമാനം വിപണിവിഹിതവുമായി വോഡാഫോണ്‍-ഐഡിയ (Vi) മൂന്നാമതുമാണ്.
കരുത്തേകും 4ജി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൗകര്യങ്ങളോടെ 4ജി സേവനം വ്യപകമായി നല്‍കാനുള്ള തയ്യാറെടുപ്പുകളിലാണ് ബി.എസ്.എന്‍.എല്‍ എന്ന് കഴിഞ്ഞദിവസം ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പര്‍വാര്‍ പറഞ്ഞിരുന്നു.
നിലവില്‍ പഞ്ചാബിലും ഹരിയാനയിലും 4ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. വൈകാതെ ഉത്തര്‍പ്രദേശ് ഈസ്റ്റിലും ഉത്തര്‍പ്രദേശ് വെസ്റ്റിലും സേവനം നല്‍കും. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും 4ജി സംവിധാനങ്ങള്‍ ഒരുക്കുകയാണ്.
5ജി 2025ല്‍
4ജി സേവനം വ്യാപിപ്പിക്കുന്നതിന് പുറമേ ഫലപ്രദമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊരുക്കിയും ബി.എസ്.എന്‍.എല്‍ മുന്നോട്ടുപോകുമെന്ന് പര്‍വാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2025ന്റെ തുടക്കത്തില്‍ തന്നെ 5ജി സേവനവും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബി.എസ്.എന്‍.എല്‍.
നിരാശയുടെ കണക്കുകള്‍
നടപ്പുവര്‍ഷം (2023-24) സെപ്റ്റംബര്‍ പാദത്തില്‍ ബി.എസ്.എന്‍.എല്‍ കുറിച്ചത് 1,482 കോടി രൂപയുടെ നഷ്ടമായിരുന്നു. ജൂണ്‍ പാദത്തിലെ 1,470 കോടി രൂപയില്‍ നിന്ന് നഷ്ടം കൂടി. വരുമാനം 5.1 ശതമാനം താഴ്ന്ന് 4,071 കോടി രൂപയുമായിരുന്നു.
ബി.എസ്.എന്‍.എല്‍ ഏറ്റവും അവസാനം ലാഭം രേഖപ്പെടുത്തിയത് 2008-09ലാണ്. തുടര്‍ന്ന് ഇതിനകം രേഖപ്പെടുത്തിയത് ഒരുലക്ഷം കോടി രൂപയിലേറെ നഷ്ടം.
Related Articles
Next Story
Videos
Share it