Begin typing your search above and press return to search.
ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം കുറഞ്ഞു; വരുമാനം ലക്ഷ്യം കണ്ടില്ല, ജീവനക്കാർക്കുള്ള ചെലവ് കൂടി
കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (BSNL) നഷ്ടം കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) കുത്തനെ ഇടിഞ്ഞു. 2022-23ലെ 8,161 കോടി രൂപയില്‍ നിന്ന് 5,370 കോടി രൂപയിലേക്കാണ് നഷ്ടം കുറഞ്ഞതെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, പ്രവര്‍ത്തന വരുമാനം ഒരു ശതമാനം വര്‍ധിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യം കാണാനായില്ല. കേന്ദ്രം പ്രഖ്യാപിച്ച 3.2 ലക്ഷം കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായുള്ള പ്രവര്‍ത്തന വരുമാനലക്ഷ്യം കഴിഞ്ഞവര്‍ഷം 20,008 കോടി രൂപയായിരുന്നു. 19,343.6 കോടി രൂപയാണ് ബി.എസ്.എന്‍.എല്‍ നേടിയത്.
ജീവനക്കാര്‍ക്കുള്ള ചെലവ് മേലോട്ട്
ബി.എസ്.എന്‍.എല്ലിന്റെ മൊത്തം ചെലവ് (Total expenses) കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.5 ശതമാനം താഴ്ന്ന് 26,683 കോടി രൂപയായി. അതേസമയം, ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മൊത്തം ചെലവ് 4.4 ശതമാനം വര്‍ധിച്ച് 8,304 കോടി രൂപയിലെത്തി.
കമ്പനിയുടെ മൊത്തം ചെലവിന്റെ 31.1 ശതമാനവും ജീവനക്കാര്‍ക്കുള്ള ചെലവുകളാണ്.
സെല്ലുലാര്‍ സര്‍വീസ് വരുമാനം താഴേക്ക്
സെല്ലുലാര്‍ സേവന വരുമാനം കഴിഞ്ഞവര്‍ഷം 6 ശതമാനം താഴ്ന്ന് 7,006 കോടി രൂപയായി. മൊത്തം പ്രവര്‍ത്തന വരുമാനത്തില്‍ 36 ശതമാനം പങ്കുവഹിക്കുന്ന വിഭാഗമാണിത്.
എന്റര്‍പ്രൈസ് ബിസിനസ് (റീറ്റെയ്ല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത് ഒഴികെയുള്ള സേവനങ്ങള്‍) വരുമാനം 4.5 ശതമാനം കുറഞ്ഞ് 5,090 കോടി രൂപയായി. അതേസമയം, ബി.എസ്.എന്‍.എല്ലിന് മികച്ച സ്വാധീനമുള്ള ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 9 ശതമാനം ഉയർന്ന് 3,662 കോടി രൂപയിലെത്തി.
മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍
കഴിഞ്ഞ സാമ്പത്തികവര്‍ഷം നഷ്ടം വന്‍തോതില്‍ ഇടിഞ്ഞത് ബി.എസ്.എന്‍.എല്ലിന് ആശ്വാസമാണ്. എന്നാല്‍ വരുമാനം ലക്ഷ്യം കാണാത്തത് പോരായ്മയുമാണ്.
സ്വകാര്യ ടെലികോം കമ്പനികളില്‍ വോഡഫോണ്‍ ഐഡിയ ഒഴികെയുള്ളവ (ജിയോയും എയര്‍ടെല്ലും) രാജ്യത്ത് 5ജി സേവനം വ്യാപകമാക്കി കഴിഞ്ഞു. വോഡഫോണ്‍ ഐഡിയ 4ജിയിലും ശക്തരാണ്.
എന്നാല്‍ 4ജി സേവനം പോലും ഇനിയും നല്‍കാനായിട്ടില്ലെന്നതാണ് ബി.എസ്.എന്‍.എല്ലിന്റെ വരുമാന വളര്‍ച്ചയെ ബാധിക്കുന്നത്. നിലവില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ എന്നിങ്ങനെ ചില സംസ്ഥാനങ്ങളില്‍ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനം നല്‍കുന്നുണ്ട്.
നടപ്പുവര്‍ഷം (2024-25) വരുമാനലക്ഷ്യം 24,428 കോടി രൂപയാണ്. അടുത്തവര്‍ഷത്തെ ലക്ഷ്യം 28,476 കോടി രൂപയും. 2026-27ല്‍ 33,553 കോടി രൂപയും 2027-28ല്‍ 35,960 കോടി രൂപയും നേടുകയെന്ന ലക്ഷ്യവുമുണ്ട്.
ഇടപാടുകാര്‍ കൊഴിയുന്നു
നിലവില്‍ 8.8 കോടി ഇടപാടുകാരാണ് ബി.എസ്.എന്‍.എല്ലിനുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 2.6 കോടിയോളം ഇടപാടുകാരെ കമ്പനിക്ക് നഷ്ടമായി.
ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കാനും ഉപദേശിക്കാനുമായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിനെ (BCG) അടുത്തിടെ നിയോഗിച്ചിരുന്നു. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. സ്വകാര്യ കമ്പനികളോട് ഏറ്റമുട്ടാനാകുംവിധം ബി.എസ്.എന്‍.എല്ലിനെ സജ്ജമാക്കുകയാണ് ദൗത്യം.
Next Story
Videos