വീണ്ടും വമ്പന്‍ നീക്കവുമായി ബൈജൂസ്, ലക്ഷ്യം അമേരിക്കന്‍ കമ്പനി

അമേരിക്കന്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള വന്‍ നീക്കവുമായി ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് (Byjus). ചെഗ് ഇന്‍കോര്‍പ്പറേറ്റ് അല്ലെങ്കില്‍ 2 യു ഇന്‍കോര്‍പ്പറേറ്റിനെ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ബൈജൂസിന്റെ അണിയറയില്‍ നടക്കുന്നത്. ഇതിന്റെ മുന്നോടിയായി ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനി, കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ചെഗ്, ലാന്‍ഹാം മേരിലാന്‍ഡ് ആസ്ഥാനമായുള്ള 2യു എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇടപാടിന്റെ ആകെ മൂല്യം ഏകദേശം 2 ബില്യണ്‍ ഡോളര്‍ ആയിരിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം 2.3 ബില്യണ്‍ ഡോളറാണ് ചെഗ്ഗിന്റെ വിപണി മൂല്യം. അതേസമയം 2 യുവിന്റെ വിപണി മൂല്യം 756 ദശലക്ഷം ഡോളറും മറ്റ് കടബാധ്യതകള്‍ ഒരു ബില്യണ്‍ ഡോളറുമാണ്.
മാര്‍ക്കറ്റ് ഗവേഷകനായ സിബി ഇന്‍സൈറ്റ്‌സിന്റെ കണക്കുകള്‍ പ്രകാരം 22 ബില്യണ്‍ ഡോളറാണ് ബൈജൂസിന്റെ മൂല്യം. സില്‍വര്‍ ലേക്ക് മാനേജ്മെന്റ്, നാസ്പേഴ്സ് ലിമിറ്റഡ്, മേരി മീക്കേഴ്സ് ബോണ്ട് ക്യാപിറ്റല്‍ എന്നിവയുടെ പിന്തുണയും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഈ കമ്പനിക്കുണ്ട്.
2015ല്‍ അധ്യാപകനായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ഇതിനകം ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് വിവിധ ഏറ്റെടുക്കലുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, യുഎസ് റീഡിംഗ് പ്ലാറ്റ്ഫോമായ എപിക് 500 മില്യണ്‍ ഡോളറിനും സിംഗപ്പൂര്‍ സേവനമായ ഗ്രേറ്റ് ലേണിംഗ് 600 മില്യണ്‍ ഡോളറിനും യുഎസ് കോഡിംഗ് സൈറ്റ് ടിങ്കറിനെ 200 മില്യണ്‍ ഡോളറിനും ഓസ്ട്രിയയുടെ മാത്തമാറ്റിക്സ് ഓപ്പറേറ്റര്‍ ജിയോജിബ്രയെ ഏകദേശം 100 മില്യണ്‍ ഡോളറിനും ഏറ്റെടുത്തിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it