Top

വന്‍ പദ്ധതിയുമായി ബൈജൂസ്; എഡ്യൂടെക് പ്ലാറ്റ്‌ഫോം ടോപ്പറിനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

എഡ്‌ടെക് യൂണികോണ്‍ ബൈജു 150-160 ദശലക്ഷം ഡോളര്‍ മുടക്കി അടുത്ത ഏറ്റെടുക്കലിന് തയ്യാറാകുന്നതായി ദേശീയ റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ പ്ലാറ്റ്‌ഫോം വിപൂലീകരണത്തിന്റെ ഭാഗമായി ചെറിയ എതിരാളിയായിരുന്ന ടോപ്പറിനെ സ്വന്തമാക്കാനുള്ള വിപുലമായ ചര്‍ച്ചയിലാണ് ബൈജൂസ് എന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2020 ല്‍ 1.25 ബില്യണ്‍ ഡോളറിലധികം സമാഹരിച്ചതും നിലവില്‍ 12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതുമായ ബൈജു, കഴിഞ്ഞ ഓഗസ്റ്റില്‍ 300 മില്യണ്‍ ഡോളറിന് കൊച്ചുകുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ കോഡിംഗ് സ്‌കൂളായ വൈറ്റ്ഹാറ്റ് ജൂനിയര്‍ സ്വന്തമാക്കിയിരുന്നു. പുതിയ ഏറ്റടുക്കല്‍ നിലവിലെ പ്ലാറ്റ്‌ഫോമിന് ശക്തികൂട്ടാനാണെന്നാണ് നിഗമനം. ബൈജുവും ടോപ്പറും കെ -12 (കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ) കാറ്റഗറിയിലുള്ളവരാണ്.
കൊറോണ വൈറസ് പാന്‍ഡെമിക് മൂലം സ്‌കൂളുകള്‍ അടയ്ക്കുകയും വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് പോകുകയും ചെയ്തതിനാല്‍ എഡ്‌ടെക് കമ്പനികളായ ബൈജുവും അണ്‍അക്കാഡമിയും കഴിഞ്ഞ വര്‍ഷം ഗണ്യമായ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒന്നിലധികം ഫണ്ട് സമാഹരണത്തിന് ശേഷം ഈ രണ്ട് എഡ്‌ടെക് കമ്പനികളും ഒരു ഏറ്റെടുക്കല്‍ വേഗതയിലാണെന്നാണ് മേഖലയിലുള്ളവരുടെ നിരീക്ഷണം.
കൊറോണ പ്രതിസന്ധികള്‍ പോലും ബൈജുവിന്റെ ബിസിനസ് വേഗത കുറച്ചിട്ടില്ല. ടോപ്പര്‍ ഏറ്റെടുക്കലിനൊപ്പം, കെ -12 കാറ്റഗറിയില്‍ ബൈജൂസിന്റെ പ്രാതിനിധ്യം വര്‍ധിക്കും. ബൈജുവിന്റെ പട്ടികയ്ക്ക് വളരെയധികം മൂല്യം നല്‍കാനും ടോപ്പര്‍ ഏറ്റെടുക്കലിന് കഴിയും.
ഈ ഘട്ടത്തില്‍, അന്തര്‍ദ്ദേശീയ വിപുലീകരണത്തിലും തന്ത്രപരമായ നീക്കത്തിനും ബൈജു ശ്രദ്ധിക്കുന്നു, ''കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികള്‍ അറിയിച്ചു. ഓഫ്ലൈന്‍ ടെസ്റ്റ് പ്രിപ്പറേഷന്‍ സ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ഒരു ബില്യണ്‍ ഡോളറിന് വാങ്ങുന്നതിനുള്ള മറ്റൊരു ഇടപാട് ബൈജു മുന്നോട്ട് വച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈ ആസ്ഥാനമായുള്ള ടോപ്പര്‍ കഴിഞ്ഞ വര്‍ഷം ഫൗണ്ടേഷന്‍ ഹോള്‍ഡിംഗ്‌സില്‍ നിന്ന് 350 കോടി രൂപ സമാഹരിച്ചിരുന്നു. വെന്‍ച്വര്‍ ഇന്റലിജന്‍സിന്റെ കണക്കുകള്‍ പ്രകാരം ഈ രണ്ട് എഡ്ടെക് കമ്പനികളും 2020 ല്‍ 2.1 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ഇടപാടുകളെക്കുറിച്ച് ഇരു കമ്പനികളും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അണ്‍അക്കാഡമിയും കഴിഞ്ഞ വര്‍ഷം രണ്ട് മില്യണ്‍ഡോളര്‍ ആസ്തിയോടെ യുണികോണ്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. നിയോസ്‌റ്റെന്‍സില്‍, മാസ്ട്രീ, പ്രെപ്ലൈഡര്‍, ക്രിയാട്രിക്‌സ്, കോഡ് ഷെഫ് കോര്‍സാവി തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകളെ കമ്പനി അടുത്തിടെ ഏറ്റെടുത്തിരുന്നു. അണ്‍അക്കാഡമി ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് മുഞ്ചല്‍ അറിയിച്ചത് ഇത്തരത്തിലുള്ള രണ്ട് മൂന്ന് ഏറ്റെടുക്കലുകള്‍ കൂടി നടന്നേക്കുമെന്നാണ്.
നിക്ഷേപകരുടെ താല്‍പര്യം, വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എന്നിവരുടെ പശ്ചാത്തലത്തില്‍ 2025 ഓടെ ഇന്ത്യയുടെ എഡ്‌ടെക് മേഖല 12 ബില്യണ്‍ ഡോളറിലെത്തുമെന്ന് ആനന്ദ് രതി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മേഖലയില്‍ ഇപ്പോഴുള്ള പ്രധാന പേര് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് എന്നതാണ് വസ്തുത.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it