നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എന്‍.എല്‍) പുനരുജ്ജീവനത്തിനായി 89,047 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 4ജി, 5 ജി സ്‌പെക്ട്രം അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാക്കേജ് വഴി നടപ്പാക്കുക. ഇതോട ബി.എസ്.എന്‍.എല്ലിന്റെ മൂലധനം 1,50,000 കോടി രൂപയില്‍ നിന്നും 2,10,000 കോടി രൂപയായി വര്‍ധിക്കും. രാജ്യത്തിന്റെ വിദൂരസ്ഥലങ്ങളില്‍ പോലും സേവനം നല്‍കാനാകുന്ന വിധത്തിലേക്ക് ബി.എസ്.എന്‍.എല്ലിനെ മാറ്റാന്‍ പാക്കേജ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
ഒടുവില്‍ 4 ജിയിലേക്ക്
രാജ്യത്തെമ്പാടും 4 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനായി ബി.എസ്.എന്‍.എല്ലും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തമ്മില്‍ കരാര്‍ ഒപ്പു വച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. മറ്റ് സേവന ദാതാക്കള്‍ പലരും 5 ജി നെറ്റ് വര്‍ക്കിലേക്ക് നീങ്ങാനൊരുങ്ങുമ്പോഴാണ് ബി.എസ്.എന്‍.എല്‍ 4 ജി നെറ്റ് വര്‍ക്കിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മൂലം ദീര്‍ഘകാലമായി പ്രതിസന്ധിയിലാണ് ബി.എസ്.എന്‍.എല്‍. എതിരാളികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ കമ്പനികളെല്ലാം അതിവേഗം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു വരികയാണ്. വോയ്‌സ് കോളുകള്‍ക്കും ഡേറ്റയ്ക്കും 4 ജിയില്‍ കുറഞ്ഞ നിരക്കുകളാണ് മറ്റുകമ്പനികള്‍ ഈടാക്കുന്നത്.
മൂന്നാമത്തെ പാക്കേജ്
2019 ലാണ് കേന്ദ്ര സര്‍ക്കാര്‍ ബി.എസ്.എന്‍.എല്‍ /എം.ടി.എന്‍.എല്‍ എന്നിവയ്ക്കായി ആദ്യമായി പുനരുജ്ജീവന പാക്കേജ് അവതരിപ്പിച്ചത്. 69,000 കോടി രൂപയുടേതായിരുന്നു പാക്കേജ്. പിന്നീട് 2022 ല്‍ 1.64 ലക്ഷം രൂപയുടെ മറ്റൊരു പാക്കേജും അവതരിപ്പിച്ചു. സ്‌പെക്ട്രം അലോക്കേഷന്‍, മൂലധന ചെലവഴിക്കല്‍ എന്നിവയ്ക്കായിരുന്നു ആ തുക നീക്കി വച്ചത്. രണ്ടു പാക്കേജുകളും ബി.എസ്.എന്‍.എല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചെന്നും 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ പ്രവര്‍ത്തന ലാഭം നേടാനായെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
കൂടാതെ ബി.എസ്.എന്‍.എല്ലിന്റെ കടം 32,944 കോടി രൂപയില്‍ നിന്നും 22,289 കോടിയാക്കി കുറയ്ക്കാനായെന്നും കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. അതേ സമയം ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 6,982 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 8,161 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ ചെലവ് 5.1 ശതമാനം വര്‍ധിച്ച് 27,364 കോടി രൂപയുമായി.ബി.എസ്.എന്‍.എല്ലിന് ഏറ്റവുമധികം വരുമാനമുള്ള സര്‍ക്കിളികളിലൊന്നായ കേരളത്തിലും കഴിഞ്ഞ വര്‍ഷം വരുമാനം രണ്ട് ശതമാനം താഴ്ന്ന് താഴ്ന്ന് 1,656 കോടി രൂപയായി.
കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ(എം.ടി.എന്‍.എല്‍) പ്രവര്‍ത്തനം അവസാനിപ്പിച്ച് ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.