എംഎസ്എംഇകള്‍ക്ക് മാത്രമുള്ള ക്രെഡിറ്റ് കാര്‍ഡ്; കേന്ദ്രം പണിപ്പുരയില്‍

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (MSME) വായ്പാ ലഭ്യത മെച്ചപ്പെടുത്തുന്നതിന്, വ്യാപാരികള്‍ക്കായി മര്‍ച്ചന്റ് ക്രെഡിറ്റ് കാര്‍ഡ് (MCC) പദ്ധതിയും മൈക്രോ യൂണിറ്റുകള്‍ക്കായി വ്യാപാര്‍ ക്രെഡിറ്റ് കാര്‍ഡും (VCC) രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മൈക്രോ യൂണിറ്റുകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ടിന് കീഴില്‍ 50 ദിവസം വരെ പലിശ രഹിത വായ്പ കാലയളവും ഏകദേശം 85 ശതമാനം കവറേജും വ്യാപാര്‍ ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ മാതൃകയില്‍ മര്‍ച്ചന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വ്യാപാരികള്‍ക്ക് സബ്സിഡി നിരക്കില്‍ വായ്പ നല്‍കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡ് അംഗീകരിച്ച നയങ്ങളുമായി തങ്ങളുടെ ഉല്‍പ്പന്നം വിന്യസിക്കാന്‍ ബാങ്കുകള്‍ക്ക് സൗകര്യമൊരുക്കുന്നതാണ് എംസിസി പദ്ധതി. എംഎസ്എംഇ ലൈസന്‍സിംഗിനും നിയന്ത്രണങ്ങളും കൈകാര്യം ചെയ്യുന്ന് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) വിസിസിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനുപുറമെ, വഴിയോര കച്ചവടം പോലുള്ള നാനോ-എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുകയും അവരെ ഔപചാരിക സാമ്പത്തിക സംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയുമാണ് ഇതിന്റെ മറ്റൊരു ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും എംഎസ്എംഇകള്‍ക്ക് വായ്പാ ലഭ്യത ഉറപ്പാക്കാനും എംഎസ്എംഇകള്‍ക്ക് അവരുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റാനും കുറഞ്ഞ പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പ നല്‍കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. എംഎസ്എംഇ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 63 ദശലക്ഷം എംഎസ്എംഇകളുണ്ട്. ഇത് 110 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it