Begin typing your search above and press return to search.
സ്വര്‍ണാഭരണത്തോട് പ്രേമലുവുമായി ഇന്ത്യയുടെ ഈ അയല്‍ക്കാര്‍; വിലയും മേലോട്ട്
സാമ്പത്തിക മാന്ദ്യവും ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങളും യുദ്ധവുമൊക്കെ സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ പ്രീതി ഉയര്‍ത്തുമ്പോള്‍ വാങ്ങിക്കൂട്ടാന്‍ മത്സരിക്കുകയാണ് ചൈനയിലെ ജനങ്ങള്‍. റിയല്‍ എസ്‌റ്റേറ്റ്, ഓഹരി നിക്ഷേപങ്ങള്‍ക്ക് മങ്ങലേറ്റ സാഹചര്യത്തില്‍ ചൈനക്കാര്‍ കൂട്ടത്തോടെ മഞ്ഞലോഹത്തിലേക്ക് തിരിഞ്ഞിരിക്കുന്നു.
സ്വര്‍ണ വിപണിയില്‍ ഗണ്യമായ സ്വാധീനം അവകാശപ്പെടാനുള്ള ചൈന അടുത്തിടെയുണ്ടായ വിലക്കയറ്റത്തില്‍ സ്വാധീനം കൂടുതല്‍ ശക്തമാക്കി.
പ്രതിരോധ സാഹചര്യത്തിലും മുന്നേറ്റം
2022 മുതല്‍ സ്വര്‍ണ വിലയില്‍ 50 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. യു.എസ്. ഡോളര്‍ കരുത്താര്‍ജിക്കുകയും പലിശ നിരക്ക് ഉയര്‍ന്നിരിക്കുകയും ചെയ്യുന്നത് സാധാരണഗതിയില്‍ സ്വര്‍ണത്തിന്റെ വിലയിടിക്കാറാണ് പതിവ്. എന്നാല്‍ ഈ രണ്ട് പ്രതിരോധ ഘടകങ്ങളെയും കണക്കിലെടുക്കാതെയായിരുന്നു സ്വര്‍ണത്തിന്റെ കയറ്റം. മാത്രമല്ല യു.എസ് ഫെഡറല്‍ റിസര്‍വ് ഉയര്‍ന്ന പലിശ നിരക്ക് ദീര്‍ഘകാലത്തേക്ക് തുടരുമെന്ന് സൂചന നല്‍കിയിട്ടും സ്വര്‍ണ വിലയില്‍ വലിയ കുറവുണ്ടായില്ല. ലോകത്തെ മിക്ക മുന്‍നിര കറന്‍സികളെയും മറികടക്കുന്ന വളര്‍ച്ച ഡോളര്‍ കാഴ്ചവയ്ക്കുകയും ചെയ്തു.
ചൈനീസ് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ വന്‍തോതില്‍ നിക്ഷേപം ഉയര്‍ത്തുന്നതാണ് സ്വര്‍ണ വിലിയെ സ്വാധീനിക്കുന്ന മുഖ്യ ഘടകം. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് സ്വര്‍ണ ഉപയോഗം ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദത്തില്‍ 6 ശതമാനം ഉയര്‍ന്നതായാണ് ചൈന ഗോള്‍ഡ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 9 ശതമാനത്തോളം വര്‍ധനയുണ്ടാകുകയും ചെയ്തു.
റിയല്‍ എസ്‌റ്റേറ്റും ഓഹരിയും
പരമ്പരാഗത നിക്ഷേപങ്ങള്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവച്ചതും സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. ചൈനയിലെ റിയല്‍ എസ്റ്റേറ്റ് രംഗം പ്രതിസന്ധിയില്‍ തന്നെ തുടരുകയാണ്. മറ്റൊരു മികച്ച മാര്‍ഗമെന്ന നിലയിലാണ് ചൈനയിലെ യുവാക്കള്‍ സ്വര്‍ണത്തോട് കൂട്ടു കൂടുന്നത് . ചെറിയ അളവുകളിലുള്ള ഗോള്‍ഡ് ബീനുകള്‍ വാങ്ങാന്‍ ചൈനയിലെ ചെറുപ്പക്കാര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു.
മാത്രമല്ല ചൈനയുടെ കേന്ദ്ര ബാങ്കും സ്വര്‍ണ നിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന 29 ടണ്‍ സ്വര്‍ണമാണ് മാര്‍ച്ച് പാദത്തില്‍ വാങ്ങികൂട്ടിയത്. തുടര്‍ച്ചയായ 17-ാം മാസമാണ് ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയതും ചൈനയുടെ കേന്ദ്രബാങ്കാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്.
യു.എസ് ആശ്രയത്വം കുറയ്ക്കാന്‍
യു.എസ് ഡോളറിലുള്ള ആശ്രയത്വം കുറയ്ക്കാനും റിസര്‍വ് ഫണ്ട് വൈവിദ്ധ്യവത്കരിക്കാനുമാണ് ചൈന സ്വര്‍ണം കൂടുതല്‍ വാങ്ങുന്നത്. കഴിഞ്ഞ ഒരു ദശാബ്ദമായി യു.എസ് ട്രഷറി നിക്ഷേപങ്ങള്‍ കുറച്ചു വരികയാണ് ചൈന. മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 775 ബില്യണ്‍ ഡോളറിന്റെതാണ് ചൈനയുടെ യു.എസ് കടം. 2021ല്‍ 1.1 ലക്ഷം കോടി ഡോളറുണ്ടായിരുന്നതാണ്.
യു.എസ് റഷ്യയുടെ ഡോളര്‍ ഹോള്‍ഡിംഗ്‌സ് യു.എസ് മരവിപ്പിച്ചതിനു പിന്നാലെയാണ് ചൈനയുടേതുള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം കൂടുതലായി വാങ്ങാന്‍ തുടങ്ങിയത്.
നിലിവില്‍ ചൈനയുടെ വിദേശ കരുതല്‍ ശേഖരത്തിന്റെ 4.6 ശതമാനം മാത്രമാണ് സ്വര്‍ണം. ശതമാനക്കണക്കില്‍ ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന്റെ ഇരട്ടിയോളം സ്വര്‍ണത്തിലാണ്.
Next Story
Videos