Begin typing your search above and press return to search.
റബ്ബര്‍ വില ഇനിയുമുയരും; കാരണമിതാണ്..
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റബര്‍ വില കൂടാനുള്ള സാധ്യതയെന്ന് റിപ്പോര്‍ട്ട്. ചൈന വന്‍തോതില്‍ റബര്‍ ഇറക്കുമതി നടത്തുന്നതിലൂടെയാവും വിപണിയില്‍ റബറിന് വില ഉയരുകയെന്ന് എഎന്‍ആര്‍പിസിയുടെ റബ്ബര്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റബര്‍ ഇറക്കുമതി ചെയ്യുന്നതിന് പകരം ചൈനീസ് കമ്പനികള്‍ വ്യാപകമായി ആഭ്യന്തര വെയര്‍ഹൗസുകളെ ആശ്രയിച്ചതാണ് രാജ്യത്ത് റബ്ബറിന് ക്ഷാമമുണ്ടാക്കിയത്. ഇതോടെയാണ് ഇറക്കുമതി ചെയ്യാന്‍ ചൈനീസ് കമ്പനികള്‍ നിര്‍ബന്ധിതരായത്. ഓഗസ്റ്റ്- നവംബര്‍ കാലയളവില്‍ പ്രതിമാസം ഏകദേശം അഞ്ചു ലക്ഷം ടണ്‍ റബ്ബര്‍ ചൈനയ്ക്ക് ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ 1.15 ലക്ഷം ടണ്‍ ചൈനയില്‍ നിന്നു തന്നെ കമ്പനികള്‍ കണ്ടെത്താനാവും. ബാക്കി രാജ്യാന്തര വിപണിയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും. റബ്ബര്‍ വിളവെടുപ്പിന്റെ മികച്ച സീസണായ ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള ഓരോ മാസവും 3.85 ലക്ഷം ടണ്‍ റബ്ബറിന്റെ കമ്മി ചൈന നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ നിലയില്‍ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ ഏകദേശം 1.54 ദശലക്ഷം ടണ്‍ റബറിന്റെ കുറവാണ് ചൈനയ്ക്ക് ഉണ്ടാവുക.
ഇതിനായി ഇറക്കുമതി ചെയ്യുകയല്ലാതെ ചൈനയ്ക്ക് മുന്നില്‍ മറ്റുവഴികളില്ല. അതുകൊണ്ടു തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കുറച്ചു കാലത്തേക്കെങ്കില്‍ റബ്ബറിന് മികച്ച ഡിമാന്‍ഡ് ഉണ്ടാവുകയും വില കൂടുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ വന്‍കിട റബ്ബര്‍ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ കോവിഡും കുറഞ്ഞ നിരക്കിലുള്ള വാക്‌സിനേഷനും കാരണം ഈ അനുകൂല സാഹചര്യം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡിനെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ ഉല്‍പ്പാദനവും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ ആവശ്യമായ റബ്ബറിന്റെ 70 ശതമാനവും നല്‍കുന്നത് ഈ നാല് രാജ്യങ്ങളാണ്.
കഴിഞ്ഞ ദിവസം കേരളത്തില്‍ റബ്ബര്‍ കിലോഗ്രാമിന്, എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 180 രൂപയില്‍ എത്തിയിരുന്നു.
Next Story
Videos